മംഗളൂരു: കേരളത്തിൽ നിന്നും ഐസിസിൽ ചേരാൻ പോയവർ അഫ്ഗാനിസ്ഥാനിലെ ക്യാമ്പിൽ കഴിയുന്നു എന്ന വാർത്ത പുറത്തുവന്നത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. എന്നാൽ, അതുകൊണ്ടൊന്നും ഐസിസിനോടുള്ള മലയാളികളുടെ സ്‌നേഹം അവസാനിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. മലയാളികൾ ഐസിസിനോട് കൂടുതൽ അടുക്കുന്നു എന്നതിന് തെളിവായി കഴിഞ്ഞ ദിവസം രണ്ട് പേർ കൂടി പിടിയിലായ സംഭവം. ഐ.എസിൽ ചേരാൻ ലക്ഷ്യം വച്ച് സിറിയയിലേക്ക് പറക്കാൻ ശ്രമിച്ച രണ്ടുപേരെയാണ് കഴിഞ്ഞ ദിവസങ്ങളിലാണ് രഹസ്യാന്വേഷണ വിഭാഗം വലയിലാക്കിയത്.

തലശ്ശേരി സ്വദേശികളായ മുനാഫ് റഹ്മാൻ, ഹംസ എന്നിവരാണ് ഐസിസിലേക്കുള്ള യാത്രക്കിടെ പിടിയിലായത്. സ്വപ്‌നങ്ങൾക്ക് വിലങ്ങ് വീണു. ഭാര്യക്കും മക്കൾക്കുമൊപ്പം സിറിയ ലക്ഷ്യംവച്ച് പുറപ്പെട്ടപ്പോഴാണ് മുനാഫ് റഹ്മാൻ മംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. ഇതോടെ മുനാഫിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിൽ ഹംസയും പിടിയിലായി. ദുബായിലേക്കും തുടർന്ന് ഇറാനിലെ ടെഹ്‌റാൻവഴി സിറിയയിലേക്കും കടക്കാനായിരുന്നു കൂട്ടുകാരുടെ പദ്ധതി. എന്നാൽ ഈ പദ്ധതി മുൻകൂട്ടി അറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം കെഞ്ചാറിലെ വിമാനത്താവളത്തിൽ മുനാഫിന്റെയും ആറംഗ കുടുംബത്തിന്റെയും യാത്ര തടഞ്ഞു.

മുനാഫ് പിടിയിലായെന്ന വാർത്ത പുറത്ത് വന്നയുടൻ, ഹംസ ദുബായ്ക്കുള്ള പിറ്റേന്നാളത്തെ വിമാന ടിക്കറ്റ് റദ്ദാക്കി. ഹംസയെ നേരത്തെ തന്നെ നിരീക്ഷിച്ചിരുന്ന ഇന്റലിജന്റ്‌സ് വൃത്തങ്ങൾ ഇതോടെ ഹംസയെയും പിടികൂടി. ചോദ്യം ചെയ്യലിൽ ഇവർ തങ്ങളുടെ ലക്ഷ്യം ഐസിസി ക്യാമ്പാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഹംസയെ എറണാകുളത്തും മുനാഫിനെ മംഗളൂരുവിലുമാണ് എൻ.ഐ.എ. ചോദ്യം ചെയ്തത്. എത്രയും വേഗം ഇസ്ലാമിക് സ്റ്റേറ്റിൽ എത്തുകയെന്ന പദ്ധതി മുനാഫും ഹംസയും എൻ.ഐ.എ.യോട് തുറന്ന് പറഞ്ഞു. പലതും എൻ.ഐ.എ.ക്ക് നേരത്തേ അറിയാമെന്ന് ബോധ്യം വന്നതുകൊണ്ട് കൂടിയായിരുന്നു ഏറ്റുപറച്ചിൽ.

തലശ്ശേരി ജില്ലാ കോടതിക്ക് സമീപമുള്ള സിനാസ് ആണ് മുനാഫിന്റെ വീട്. കഴിഞ്ഞ കുറേ കാലമായി മംഗളൂരു ഓൾഡ് കെന്റ് റോഡിൽ കേരള സമാജം സ്‌കൂളിന് എതിർവശമുള്ള ഫ്‌ലാറ്റിലാണ് താമസം. ഏഴ് കൊല്ലം ഗൾഫിലായിരുന്ന മുനാഫ് 2002ൽ തിരിച്ചെത്തി തലശ്ശേരിയിൽ ഫർണിച്ചർ കച്ചവടം തുടങ്ങി. ചൈന, ഇന്റോനീഷ്യ എന്നിവിടങ്ങളിൽനിന്ന് ഫർണിച്ചർ എത്തിച്ചായിരുന്നു കച്ചവടം. പങ്കാളി ചതിച്ചതിനാലാണെന്നറിയുന്നു കച്ചവടം പിന്നീട് പൊളിഞ്ഞു. പിന്നെ ഭാര്യയുടെ നാടായ മംഗളൂരുവിലായി കുടുംബസമേതം താമസം. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ചില കച്ചവടവുമായി കഴിയുമ്പോഴാണ് ഐ.എസിലേക്ക് തിരിയുന്നത്.

സുഹൃത്തായ ഹംസയുടെ പിന്തുണയും ലഭിച്ചു. തലശ്ശേരികൂർഗ് റോഡിൽ ടൗൺഹാളിന് സമീപത്ത് നിന്ന് കുഴിപ്പങ്ങാട്ടേക്കുള്ള റോഡിലാണ് ഹംസയുടെ താമസം. മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് അടുത്താണ് സ്വന്തം വീടെങ്കിലും വിവാഹശേഷം കുഴിപ്പങ്ങാട്ടെ തൗഫീഖിലാണ് താമസം. ഏറെ കാലം ഗൾഫിലും കുറച്ചുകാലം പാക്കിസ്ഥാനിലും തൊഴിലെടുത്ത ഹംസ പാചകക്കാരനായി കഴിയുകയാണ് നാട്ടിൽ. കുറേ കാലമായി ഐ.എസിനുവേണ്ടി പ്രവർത്തിക്കുന്ന താമരശ്ശേരി സ്വദേശി ഷൈബുവും കൊയിലാണ്ടി സ്വദേശി ഫയീസുമാണ് നേരത്തേ യാത്രതിരിച്ച സംഘത്തെ സിറിയയിലോളം നയിച്ചതെന്നാണ് വിവരം. എൻ.ഐ.എ. നടപടികൾ തുടരുന്നതിനിടയിലും മറ്റ് ഏജൻസികളുടെ കർശന നിരീക്ഷണത്തിലാണ് മുനാഫും ഹംസയും.

അഫ്ഗാനിസ്ഥാനിലെ ഐസിസ് ക്യാമ്പിൽ കഴിയുന്നവർക്ക് ഇവരുമായി ബന്ധമുണ്ടോ എന്നതിനെ കുറിച്ചും എൻഐഎ അന്വേഷിക്കുന്നുണ്ട്. കേരളത്തിലെ ഐസിസ് തലൻ സജീർ അബ്ദുള്ളയുമായി ബന്ധമുള്ളവരാണോ ഇവരെന്നുമാണ് എൻഐഎ അന്വേഷിക്കുന്നത്.