- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദുവിന്റെ രാജിക്ക് പിന്നാലെ പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി; രണ്ട് മന്ത്രിമാർ രാജിവെച്ചു; കൂടുതൽ രാജിക്ക് സാധ്യത; അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് മുഖ്യമന്ത്രി; പിസിസി ട്രഷറർ ഗുൽസൻ ചഹലും സ്ഥാനമൊഴിഞ്ഞു
അമൃത്സർ: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നവ്‌ജോത് സിങ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. സിദ്ദുവിന് പിന്തുണ അറിയിച്ച് പഞ്ചാബിൽ രണ്ടുമന്ത്രിമാർ രാജിവെച്ചു. രണ്ടു ദിവസം മുമ്പ് മന്ത്രിയായി ചുമതലയേറ്റ റസിയ സുൽത്താനയും പർഗത് സിംഗുമാണ് രാജിവെച്ചത്. പിസിസി ട്രഷറർ ഗുൽസൻ ചഹലും രാജിവെച്ചിട്ടുണ്ട്.
രാജിവെച്ച നവജ്യോത് സിങ് സിദ്ദുവിന് പിന്തുണയർപ്പിച്ചാണ് തന്റെ രാജിയെന്ന് റസിയ സുൽത്താന അവകാശപ്പെട്ടു. കൂടുതൽ മന്ത്രിമാർ രാജിവെച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. കാബിനറ്റ് മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തന്റെ തീരുമാനം നവജ്യോത് സിങ് സിദ്ദുവിനോടുള്ള ഐക്യദാർഢ്യമാണെന്ന് അവരുടെ രാജിക്കത്തിൽ പറയുന്നു.
പഞ്ചാബിന്റെ താത്പര്യാർഥം പാർട്ടിക്കായി പ്രവർത്തിക്കുന്നത് തുടരുമെന്നും റസിയ വ്യക്തമാക്കി. ഉച്ചയോടെയാണ് സിദ്ദു പാർട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചത്. അമരീന്ദർ സിങിന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്ന സിദ്ദു ഇത് ലഭിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് രാജിവെച്ചതെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ സ്ഥിതി വിലയിരുത്താൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി അടിയന്തര മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ്. പഞ്ചാബിൽ മന്ത്രിമാരെ തീരുമാനിച്ചതിൽ ഉൾപ്പടെ കടുത്ത അതൃപ്തി അറിയിച്ചാണ് പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനം നവ്‌ജോത് സിങ് സിദ്ദു രാജിവച്ചത്.
ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നത് പഞ്ചാബിന്റെ താൽപ്പര്യത്തിന് വിരുദ്ധമെന്ന് സിദ്ദു രാജിക്കത്തിൽ പറയുന്നു. ക്യാപ്റ്റൻ അമരീന്ദർ സിങ് രാജിവച്ചപ്പോൾ തനിക്ക് അധികാരം നൽകുമെന്ന് സിദ്ദു കരുതി. അതുണ്ടാകാത്തതിലുള്ള അതൃപ്തിയാണ് ഇപ്പോഴത്തെ രാജിയിലേക്ക് നയിച്ചത്.
മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചപ്പോൾ സുഖ്ജീന്ദർ സിങ് റന്ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നൽകിയതിനെ സിദ്ദു എതിർത്തു. റാണ സുർജിത്ത്, ഭരത് ഭൂഷൺ അസു എന്നിവരെ മന്ത്രിമാരാക്കിയത് അഴിമതി ചൂണ്ടിക്കാട്ടി തടയാൻ സിദ്ദു ശ്രമിച്ചു. സംസ്ഥാന ഡിജിപി, അഡ്വക്കേറ്റ് ജനറൽ എന്നിവരുടെ നിയമനവും സിദ്ദുവിന്റെ നിർദ്ദേശത്തിന് വിരുദ്ധമായിരുന്നു. സിദ്ദുവിന്റെ രാജിക്കത്ത് എഐസിസി ആസ്ഥാനത്ത് വലിയ അമ്പരപ്പിനിടയാക്കി. രാജിക്കത്ത് നൽകിയ ശേഷം നേതാക്കളുമായി ചർച്ചയ്ക്കും സിദ്ദു തയ്യാറായില്ല.
ബുധനാഴ്ച അരവിന്ദ് കെജ്രിവാൾ പഞ്ചാബിൽ എത്തുന്നുണ്ട്. സിദ്ദു ആംആദ്മി പാർട്ടിലേക്ക് പോകുമോ എന്ന അഭ്യൂഹം ശക്തമാണ്. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും എന്ന പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി വ്യക്തമാക്കി.
അതേസമയം സിദ്ദു അസ്ഥിരതയുണ്ടാക്കും എന്ന് നേരത്തെ പറഞ്ഞതാണെന്ന് ക്യാപ്റ്റൻ അമരീന്ദർ സിങ് പ്രതികരിച്ചു. ഡൽഹിയിലെത്തിയ അമരീന്ദർ ബിജെപി നേതാക്കളെ കാണും എന്ന റിപ്പോർട്ടുകളുണ്ട്. കർഷകസമരം തീർക്കാൻ അമിത് ഷായും ജെപി നഢ്ഢയും അമരീന്ദർ സിംഗിന്റെ സഹായം തേടി എന്നാണ് സൂചന.
പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ച റസിയ സുൽത്താന 2002-ലാണ് ആദ്യമായി പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2007-ലും 2017ലും അവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റസിയ പഞ്ചാബ് മന്ത്രിസഭയിൽ ജല വിതരണ ശുചിത്വ മന്ത്രിയായിരുന്നു.
ന്യൂസ് ഡെസ്ക്