കണ്ണൂർ: സ്‌ക്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിലായി. ഇരിട്ടി തോലമ്പ്ര ശക്തി നഗർ കോളനിയിലെ പുത്തൻപുരക്കൽ ഹൗസിൽ ബബിൻ, പറശ്ശിനിക്കടവ് തളിയിലെ അക്ഷയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തോടനുബന്ധിച്ച് മൂന്ന് പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയങ്ങാടി സ്വദേശി മുനീസ് മുസ്തഫ, പാപ്പിനിശ്ശേരി സ്വദേശി ഷീൻ ജോസ് മാട്ടൂൽ സ്വദേശി ഷിനോസ് എന്നിവരും പെൺകുട്ടിയെ പീഡിപ്പിച്ചവരുടെ ലിസ്റ്റിലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്നാൽ ഇവർ വിദേശത്ത് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ വലയിലാക്കാൻ മുഴുവൻ വിമാനത്താവളങ്ങളിലും ഇവരുടെ പാസ്‌പോർട്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് കൈമാറിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാൻ ബന്ധുക്കൾ മുഖേനയും സമ്മർദ്ദം ചെലുത്തി വരികയാണ്. വേണ്ടി വന്നാൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ശ്രമം നടക്കുന്നുണ്ട്.

പ്രണയം നടിച്ചാണ് ബബിൻ പെൺകുട്ടിയെ വരുതിയിലാക്കിയത്. പെൺകുട്ടിയുടെ സിം കാർഡ് ഉൾപ്പെടെ ഇയാൾ ഉപയോഗിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ സിം കാർഡ് ഉപയോഗിച്ചാണ് പെൺകുട്ടിയുടെ സഹോദരനെ ഷൊർണ്ണൂരിലേക്ക് വിളിച്ച് വരുത്തി ബബിൻ അക്രമിച്ചത്. ശബരിമലയിലെ ചിത്തിര ആട്ട ഉത്സവേളയിൽ യുവതികൾ എത്തുന്നത് തടയുന്നതിന് വേണ്ടി ശബരിമല ദർശനത്തിന് വിപിൻ മാലയിട്ടിരുന്നു. എന്നാൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ മാല ഊരിവെച്ചിരുന്നതായും വിവരമുണ്ട്.

ഇന്നലേയും മിനിഞ്ഞാന്നുമായി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ വീടുകളിൽ നിന്നും പരിശോധനക്കിടെ ഒട്ടേറെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പീഡന വേളയിൽ പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ അറസ്റ്റിലായ ഏഴ് പ്രതികളേയും വളപട്ടണത്ത് പിടിയിലായ പിതാവ് ഉൾപ്പെടെ മൂന്ന് പേരേയും കോടതി ഡിസംബർ 20 വരെ റിമാന്റ് ചെയ്തു. പൊലീസ് കസ്റ്റഡിയിലുള്ള വൈശാഖ്, ജിത്തു എന്നിവരെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കി.

പെൺകുട്ടിക്ക് 25,000 രൂപ വിലപറഞ്ഞ് കൂടെ വരാൻ പ്രേരിപ്പിച്ച ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലർക്കെതിരെ നഗരത്തിൽ വ്യാപകമായ പോസ്റ്റർ പതിച്ച നിലയിൽ കണ്ടെത്തി. 25,000 രൂപ തരാം കൂടെ വരുമോ ? 'ജനസേവകന് രാത്രിയിൽ ഒളിസേവ ' എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ. പാർട്ടിയെ വെല്ലുവിളിച്ച് മത്സരിച്ച ഈ കൗൺസിലർ എ.ഐ.ടി.യു.സി. നേതാവുമൊത്താണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിനായി പുതിയ ഫോൺ അടക്കം ജനപ്രതിനിധി വാങ്ങിച്ചിരുന്നു. വീഡിയോ ചാറ്റിങിലൂടെ പെൺകുട്ടിയുടെ ചിത്രങ്ങൾ കേസിൽ റിമാന്റിൽ കഴിയുന്ന മുഖ്യപ്രതി സന്ദീപ് ജനപ്രതിനിധിക്ക് കാണിച്ചു കൊടുത്തിരുന്നു. അതിനിടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.