കോഴിക്കോട്: കോഴിക്കോട്ട് പനി ബാധിച്ച് മൂന്ന് പേർ മരിച്ചത് നിപാ വൈറസ് മൂലമെന്ന സ്ഥ്ിരീകരിച്ചു.പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

അതിനിടെ, പനിബാധിച്ച് ആറുപേർകൂടി മരിച്ചതോടെ മരണസംഖ്യ ഒൻപതായി.പേരാമ്പ്ര ഉൾപ്പെടെയുള്ള പനിബാധിത സ്ഥലങ്ങൾ കേന്ദ്രസംഘവും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും തിങ്കളാഴ്ച സന്ദർശിക്കും. തിങ്കളാഴ്ച സന്ദർശിക്കും. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേർ വീതം മരിച്ചു. മുന്നിയൂർ, ചട്ടിപ്പറമ്പ്, തെന്നല സ്വദേശികളാണു മരിച്ചത്. ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

കൂട്ടാലിട സ്വദേശി ഇസ്മായിൽ, കൊളത്തൂർ സ്വദേശി വേലായുധൻ എന്നിവരാണു മരിച്ചത്. ചികിൽസയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില അതീവഗുരുതരമാണ്
പനി ബാധിച്ച ഒമ്പത് പേർ ഗുരുതരാവസ്ഥയിലാണ്.

പനി ബാധിച്ച് മരിച്ചവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കും അയച്ചിട്ടുണ്ട്.ഇതിന്റെ ഫലം നാളെ പുറത്തുവരും. പനി ബാധിച്ച് കഴിഞ്ഞ കഴിഞ്ഞ ദിവസം മരിച്ച പേരാമ്പ്ര ചങ്ങരോത്ത് സ്വദേശികൾക്കൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂസയുടെ നില ഗുരുതരാവസ്ഥയിലാണെന്നാണ് അറിയുന്നത്. ഇയാളുടെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരും സഹോദര ഭാര്യ മറിയവുമായിരുന്നു കഴിഞ്ഞ ദിവസം മരിച്ചത്.

ഇവരോടൊപ്പം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ചങ്ങരോത്ത് സ്വദേശികളടക്കം 25 പേർ ഐസൊലോഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. മരിച്ച സാബിത്ത് അടക്കമുള്ളവരെ ആദ്യ ഘട്ടത്തിൽ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സിന്റെ നിലയും ഗുരുതരമാണെന്നാണ് അറിയുന്നത്.ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘം പരിശോധന നടത്തി.കേന്ദ്രത്തിൽ നിന്ന് വിദഗ്ധ സംഘം നാളെ കോഴിക്കോട്ടെത്തും.

വളച്ചുകെട്ടിയിൽ മൂസ-മറിയം ദമ്പതിമാരുടെ മക്കളായ സ്വാലിഹ് (26), സഹോദരൻ( സാബിത്ത് (23) എന്നിവരാണ് കോഴിക്കോട് ജില്ലയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പനി ബാധിച്ച് മരിച്ചത്. വൈറൽ എൻസഫിലിറ്റിസ് വിത്ത് മയോക്കോഡൈറ്റിസ് ആണ് മരണകാരണമായ പനി. മൂസയും(62) സ്വാലിഹിന്റെ ഭാര്യ ആത്തിഫ (19)യും മൂസയുടെ ജ്യേഷ്ഠൻ മൊയ്തീൻ ഹാജിയുടെ ഭാര്യ മറിയവും (50) പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിവിൽ എൻജിനീയറായ സ്വാലിഹിനെ പനി ബാധിച്ച് മെയ് 13 നാണ് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ സമീപവാസികളുടെയും അടുത്ത ബന്ധുക്കളുടെയും രക്തസാംപിളുകൾ പരിശോധനയ്ക്ക് കൊണ്ടുപോയി.

സാബിത്ത് ഉൾപ്പെടെയുള്ളവർ ആദ്യഘട്ടത്തിൽ ചികിത്സതേടിയ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് പുതുശ്ശേരി പശുക്കടവ് വീട്ടിൽ ലിനി(31)യും സാലിഹിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് അടുത്തിടപഴകിയ ബന്ധു നൗഷാദും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി ഡോ. എ.എസ്. അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസ് ബാധയുടെ സാധ്യത ആദ്യമായി തിരിച്ചറിഞ്ഞത്. വവ്വാലിൽ നിന്നോ പന്നികളിൽനിന്നോ ജനിതക വ്യതിയാനം സംഭവിച്ച് മനുഷ്യരിലേക്ക് പടരുന്ന വൈറസാവാം മരണകാരണമെന്ന സംശയത്തിൽ മണിപ്പാലിലെ വൈറോളജി റിസർച്ച് സെന്ററിലേക്ക് രക്തസാമ്പിളുകൾ അയയ്ക്കുകയായിരുന്നു. തുടർന്നാണ് തലച്ചോറിനെ ബാധിക്കുന്ന പ്രത്യേകതരം വൈറസ് ബാധ കണ്ടെത്തിയത്.

മലപ്പുറം കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിലെ പൂങ്ങോടു ഭാഗത്ത് മൂന്നു പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലും രോഗ ലക്ഷണമുള്ളവരെ കാളികാവ് സാമൂഹികാരോര്യ കേന്ദ്രത്തിലും ചികിത്സയിൽ തുടരുകയാണ്. പൂങ്ങോടിൽ മറ്റ് മൂന്നു പോർക്കുകൂടി ഡെങ്കിപ്പനിയുള്ളതായി സംശയിക്കുന്നുണ്ട്. പനിപടരുന്ന മലയോര മേഖലകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഫോഗിംങ് നടത്തി. ഈ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കി ആരോഗ്യ വകുപ്പ്.

വൈറസിൽ നിന്നും മുക്തമാകാനുള്ള കരുതൽ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നൽകിത്തുടങ്ങി. തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

നിപാ വൈറസ്

മനുഷ്യനിലും മൃഗങ്ങളിലും ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന നിപാ വൈറസ് മൂലമുള്ള അസുഖം 1998 ൽ മലേഷ്യയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. പന്നികളായിരുന്നു വൈറസിന്റെ വാഹകർ. ബംഗ്ളാദേശിൽ 2004 ൽ നിപാ വൈറസ് ബാധ കണ്ടെത്തിയിരുന്നു. രോഗാണുവാഹകരായ വവ്വാലുകളാൽ മലിനമാക്കപ്പെട്ട ഈന്തപ്പഴം കഴിച്ചതുകൊണ്ടായിരുന്നു മനുഷ്യരിൽ നിപാ വൈറസ് ബാധിച്ചത്. ഇതുകൂടാതെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും വൈറസ് ബാധ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2001 ലും 2007 ലും വെസ്റ്റ് ബംഗാളിലും ബംഗ്ളാദേശിന്റെ അതിർത്തിയിലും നിപാ വൈറസ് ബാധ
സ്ഥിരീകരിച്ചിട്ടുണ്ട്.

കുടുംബത്തിലെ മൂന്നു പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലും സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യ വകുപ്പ് സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ കളക്ടർ, റൂറൽ പൊലീസ് ചീഫ്, ചെന്നൈ അപ്പോളോ ആശുപത്രിയിലെ വൈറോളജി വിഭാഗത്തിൽ നിന്നുള്ള ഡോക്ടർ ഗഫുർ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ അരുൺ എന്നിവരുമായി കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു മന്ത്രി ചർച്ച നടത്തിയത്.

മസ്തിഷ്‌ക ജ്വരമായി പ്രത്യക്ഷപ്പെടുന്ന രോഗം കേരളത്തിൽ ആദ്യമാണ് റിപ്പോർട്ട് ചെയ്യുന്നത്. വൈറസ് ബാധയാണ് രോഗകാരണമെന്ന് മനസിലായെങ്കിലും ഏത് വൈറസ് ആണെന്നത് സംബന്ധിച്ച റിപ്പോർട്ട് മണിപ്പാലിൽ നിന്നും പുനെയിൽ നിന്നും കിട്ടേണ്ടതുണ്ട്. മൃഗങ്ങളിലുടെ
പടരുന്ന വൈറസ് എന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന. അതു കൊണ്ട് തന്നെ വവ്വാലുകളും മറ്റും കടിച്ച പഴ വർഗ്ഗങ്ങൾ കഴിക്കരുതെന്ന് നിർദ്ദേശമുണ്ട്.

ഭയക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും എന്നാൽ ജാഗ്രത പുലർത്തണമെന്നുമാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ നൽകുന്ന നിർദ്ദേശം. കോഴിക്കോട് മെഡിക്കൽ കോളജിലും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഐസൊലേഷൻ വാർഡ് തുറന്നിട്ടുണ്ട്., സ്വകാര്യ ആശുപത്രികളും സഹകരണം ഉറപ്പ് നൽകി.

ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

ആരോഗ്യ പ്രവർത്തകർ പ്രത്യേക മുൻ കരുതൽ എടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പ്രത്യേക തരത്തിലുള്ള പതിനായിരത്തോളം മാസ്‌ക് ജില്ലയിൽ നാളെ വിതരണം ചെയ്യും. രോഗ ബാധ സംബസിച്ച് കേന്ദ്ര സംഘത്തിന് വിവരം കൈമാറിയിട്ടുണ്ട്. ആവശ്യം ഉണ്ടെങ്കിൽ ഉടൻ തന്നെ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. ഒരു കുടുംബത്തിലുള്ളവർക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളു എന്നതിനാൽ പരിസരവാസികളെ മാറ്റിപ്പാർപ്പിക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

പൊതുജനങ്ങളും ആശുപത്രി ജീവനക്കാരും ജാഗ്രത പാലക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ മാറ്റിപ്പാർപ്പിക്കാനുള്ള പ്രത്യേക വാർഡ് (ഐസൊലേഷൻ വാർഡ്) ഉൾപ്പടെ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ നടപടി തുടങ്ങി. ആരോഗ്യ പ്രവർത്തകരുടെ ഇടപെടൽ അനിവാര്യമായ സാഹചര്യത്തിൽ അവധിയിൽ പോയ എല്ലാ ജീവനക്കാരും ജോലിയിൽ പ്രവേശിക്കണം. രോഗികളുമായി അടുത്തിടപഴകിയ ആളുകളുടെ പട്ടിക തയ്യാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്താൻ ചങ്ങരോത്ത് മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

വൈറസ് ബാധ ഒഴിവാക്കാൻ

രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും isolation ward-ൽ പ്രവേശിപ്പിക്കുക.
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും, മറ്റു ഇടപഴകലുകൾ നടത്തുമ്പോളും കയ്യുറകളും, മാസ്‌കും ധരിക്കുക.

സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്‌മിറ്റ് ആയാൽ അധികൃതരെ വിവരം അറിയിക്കുക.

നിഷ്‌കർഷ പുലർത്തേണ്ട സുരക്ഷാ രീതികൾ:

കൈ കഴുകുക / കൈ ശുചിയാക്കുന്ന alcohol ഉള്ള hand rubകൾ ഉപയോഗിക്കുക.

രോഗി, രോഗ ചികിൽസക്കു പയോഗിച്ച ഉപകരണങ്ങൾ, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.

നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപെഴുകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച വാർഡുകളിലേക്ക് മാറ്റുക.

ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.

രണ്ട് രോഗികളുടെ കട്ടിലിനിടയിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക.

രോഗികളെ അല്ലെങ്കിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോൾ പകരാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കേണ്ടത് പരമപ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:

മാസ്‌ക്, കൈയുറ (ഗ്ലൗസ് ), ഗൗൺ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗികേണ്ടതാണ്. തീർത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന N 95 മാസ്‌കുകൾ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുള്ള ഇടപെടൽ വേളയിലും നിഷ്‌കർഷിക്കേണ്ടതാണ്.

കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.

അണുനാശികാരികളായ Chlorhexidine അല്ലെങ്കിൽ alcohol അടങ്ങിയ ഹസ്ത ശുചീകരണ ദ്രാവകങ്ങൾ (Hand sanitizer, ഉദാ:- Savlon) കൊണ്ട് ശുശ്രൂഷയ്ക് ശേഷം കൈ കഴുകാവുന്നതാണ്.

ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്‌പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക, 2% ഗ്ലൂട്ടറാൽഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.

രോഗം വന്നു മരണമടഞ്ഞ ആളിൽ നിന്നും രോഗം പടരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ:

മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക.

മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.

മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ സോപ്പോ detergent ഓ ഉപയോഗിച്ചു കഴുകേണ്ടതാണ്.

കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തിൽ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്.

ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.

ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു; കേരളത്തിൽ സംഭവിച്ച ഈ മരണങ്ങൾ നിപ്പാ വൈറസ് ബാധിച്ചത് മൂലമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും നിപ്പാ വൈറസ് ബാധയുടെ ചില പൊതുവായ വിവരങ്ങളും പ്രതിരോധമാർഗങ്ങളും വിവരിച്ചു എന്ന് മാത്രം.

ഒരിക്കലും പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയിൽ നമുക്ക് കരുതൽ സ്വീകരിക്കാം. വാലും തലയുമില്ലാത്ത വാട്‌സാപ്പ് സന്ദേശങ്ങൾ വായിച്ചാശങ്കപ്പെടാതെ ശരിയായ വിവരങ്ങൾ അറിഞ്ഞു വയ്ക്കാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം ...

സോഷ്യൽ മീഡിയ വഴി തെറ്റായ രോഗ വിവരം പ്രചരിപ്പിച്ചാൽ നടപടി

അസുഖത്തെ കുറിച്ച് വാട്‌സാപ്പ്, ഫേസ്‌ബുക്ക് പോലുള്ള നവ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ശരിയായ ഉറവിടമില്ലാത്ത വാർത്തകൾ ജനം വിശ്വസിക്കരുതെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. തെറ്റായ വാർത്തകൾ
പ്രചരിപ്പിക്കുന്നവർക്കെതിരെ അവശ്യമെങ്കിൽ നടപടി എടുക്കുന്നതടക്കം ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു