- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണയപ്പെടുത്തിയ വാഹനം തിരികെ നൽകിയില്ല; വൈരാഗ്യത്തിൽ മധ്യവയസ്കനെ മരുന്ന് കുത്തിവെച്ച് മയക്കി നാണ്യവിള ശേഖരം വിൽപ്പന നടത്തി; മർദ്ദിച്ചവശനാക്കിയ മധ്യവയസ്കനെ ഉപേക്ഷിച്ചത് റോഡരികിലും; കേസിൽ ആലപ്പുഴ സ്വദേശികൾ പിടിയിൽ
കട്ടപ്പന: മുൻ പരിചയത്തിന്റെ പേരിൽ ഒപ്പം താമസിച്ച ശേഷം മരുന്നു കുത്തിവച്ച് മധ്യവയസ്കനെ മയക്കി തട്ടിക്കൊണ്ടുപോകുകയും ഏലക്കാ മോഷ്ടിച്ചു വിൽക്കുകയും ചെയ്ത സംഘത്തിലെ 2 പേർ വണ്ടന്മേട് പൊലീസിന്റെ പിടിയിൽ. നെറ്റിത്തൊഴു രാജാക്കണ്ടത്ത് താമസിക്കുന്ന ആലപ്പുഴ സ്വദേശി മരോട്ടിക്കൽ കണ്ണനെ (അഷ്ടകുമാർ-59)യാണ് തട്ടിക്കൊണ്ടുപോയി മർദിച്ചു വഴിയിൽ ഉപേക്ഷിച്ചത്. കേസിൽ ആലപ്പുഴ മംഗലം പടിഞ്ഞാറ് തുമ്പോളി ആരിശേരി വീട്ടിൽ മഹിമോനും (41) ആലപ്പുഴ കൊമ്മാടി കാട്ടിക്കൽ അനീഷും (40) അറസ്റ്റിലായത്. ഇവരുടെ കൂട്ടാളികളായ സുനീർ, അമ്പിളി എന്നിവർ പിടിയിലാകാനുണ്ട്.
മഹിമോന്റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ണന്റെ മധ്യസ്ഥതയിൽ തൊടുപുഴ സ്വദേശിക്ക് ഏതാനും വർഷം മുൻപ് പണയപ്പെടുത്തിയത് തിരികെ ലഭിച്ചില്ല. അതിന്റെ വൈരാഗ്യത്തിലാണ് കണ്ണനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രതികൾ മൊഴി നൽകിയതെങ്കിലും പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
കൊച്ചറയിൽ ഹോട്ടൽ നടത്തുന്ന കണ്ണൻ വാടകയ്ക്കാണ് താമസിക്കുന്നത്. മുൻപരിചയത്തിന്റെ പേരിൽ ഒരുമാസം മുൻപ് മഹിമോനും സുനീറും ഇവിടെയെത്തി കണ്ണനൊപ്പം താമസമാക്കി. 12നു രാവിലെയാണ് മരുന്ന് കുത്തിവച്ച് മയക്കിയശേഷം ഇവർ കണ്ണനെ തട്ടിക്കൊണ്ടുപോയത്. കണ്ണന്റെ വാടകവീട്ടിൽ വീട്ടുടമ ഗ്രേഡ് ചെയ്തു സൂക്ഷിച്ചിരുന്ന 163 കിലോഗ്രാം ഏലക്കായയും ഇവർ കവർന്നു.
അണക്കരയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ കിലോയ്ക്ക് 350 രൂപ വിലയ്ക്ക് ഇതു വിറ്റതിനു ശേഷമാണ് ഇവർ കടന്നത്. ചങ്ങനാശേരിയിൽ നിന്ന് അനീഷും ഇവർക്കൊപ്പം ചേർന്നു. ഇതിനിടെ കണ്ണനു ബോധം തെളിഞ്ഞപ്പോഴൊക്കെ വീണ്ടും മരുന്ന് കുത്തിവച്ചു മയക്കി.
ആലപ്പുഴയിൽ നിന്ന് അമ്പിളി എന്നയാളും ഒപ്പം ചേർന്ന് കണ്ണനെ മർദിച്ച് അവശനാക്കിയ ശേഷം രാത്രിയോടെ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. അവശേഷിച്ച മരുന്ന് കണ്ണന്റെ പോക്കറ്റിൽ നിക്ഷേപിക്കുകയും ചെയ്തു. ഇതു ലഹരിമരുന്നാണെന്നും ഇക്കാര്യം പൊലീസിൽ അറിയിച്ച് കുടുക്കുമെന്നും പറഞ്ഞ ശേഷമാണ് പ്രതികൾ കടന്നത്.
അബോധാവസ്ഥയിലായ കണ്ണനു ബോധം വന്നതോടെ സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തുകയും അവിടെ നിന്ന് വണ്ടന്മേട് സ്റ്റേഷനിൽ എത്തി പരാതി നൽകുകയുമായിരുന്നു. കൊലപാതകശ്രമം, മോഷണം, ലഹരിമരുന്ന് കേസുകളിൽ പ്രതികളാണ് പിടിയിലായവർ.
മറുനാടന് മലയാളി ബ്യൂറോ