- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കപ്പിൽ നിന്നും രക്ഷപ്പെട്ട പ്രതി മുങ്ങിമരിച്ച സംഭവം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ; നടപടി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
തൊടുപുഴ: തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് പ്രതി രക്ഷപെട്ടോടി പുഴയിൽ ചാടി മുങ്ങിമരിച്ച സംഭവത്തിൽ എസ്ഐ ഉൾപ്പടെ രണ്ടുപേരെ സസ്പെൻഡ് പെയ്തു. എസ്ഐ ഷാഹുൽ ഹമീദ്, ജിഡി ചാർജിലുണ്ടായിരുന്ന നിഷാദ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി സസ്പെൻഡ് ചെയ്തത്.
സെക്യൂരിറ്റി ഉദ്യോഗസ്ഥനെ മർദിച്ചതിന് കസ്റ്റഡിയിലെടുത്ത തൊടുപുഴ കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫി(29)യാണ് വെള്ളിയാഴ്ച രാവിലെ തൊടുപുഴയാറ്റിൽ മുങ്ങിമരിച്ചത്. ഷാഫിയെ ലോക്കപ്പ്മുറിയിൽ ഇട്ടെങ്കിലും പൂട്ടിയിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇയാൾ ലോക്കപ്പിൽ നിന്നും ഇറങ്ങിയോടി രക്ഷപെടാൻ പുഴയിൽ ചാടുകയായിരുന്നു. പൊലീസ് പിന്തുടർന്നെങ്കിലും പിടികിട്ടിയില്ല. അഞ്ഞൂറു മീറ്ററോളം പുഴയിലൂടെ നീന്തിയ ശേഷം ഷാഫിയെ കാണാതായി. മൃതദേഹം പിന്നീട് ഫയർഫോഴ്സാണ് കണ്ടെടുത്തത്.
തൊടുപുഴ പൊലീസ് സ്റ്റേഷന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്ഐക്കും ജിഡി ഉദ്യോഗസ്ഥനും വീഴ്ച പറ്റിയതായി ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോർജിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഷാഫിയുടെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടത്തി. ശരീരത്തിൽ മുറിവുകളോ ക്ഷതങ്ങളോ കണ്ടെത്തിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ