- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ; പിടിയിലായത് സുള്ള്യ സ്വദേശികളായ ഷാക്കിർ, മുഹമ്മദ് ഷെരീഫ് എന്നിവർ; പിടിയിലായത് കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നും; കേരള രജിസ്‌ട്രേഷൻ ബൈക്കും കസ്റ്റഡിയിൽ; പ്രവീൺ നെട്ടാരയെ വധിച്ചതിലും പോപ്പുലർ ഫ്രണ്ടിന്റെ കേരള മോഡൽ കേഡറിസമോ?
മംഗലൂരു: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ ആക്രമണ രീതിയുടെ മാതൃകയിലാണ് കർണാടകയിലെ സുള്ള്യയിലും നടന്നിരിക്കുന്നത്. സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. സുള്ള്യ സ്വദേശികളായ ഷാക്കിർ, മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണോ അതോ കൊലയാളികളെ സഹായിച്ചവരാണോ എന്ന കാര്യത്തിൽ വ്യക്തത ഇനിയും വരാനുണ്ട്.
പ്രതികൾ കേരളത്തിലേക്ക് കടന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സംഘം കേരളത്തിലേക്ക് തിരിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ചെന്ന കരുതുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കേരളാ രജിസ്‌ട്രേഷൻ ബൈക്കാണ് കണ്ടെടുത്തത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡയിൽ അതീവജാഗ്രത തുടരുകയാണ്. സുള്ള്യ, പുത്തൂർ, കഡബ താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുള്ള്യയിൽ യുവമോർച്ച ഇന്നും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകീട്ടാണ് ബിജെപി യുവമോർച്ച പ്രവർത്തകനായ പ്രവീൺ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയിൽ വെച്ച് കൊല്ലപ്പെടുന്നത്. കട അടച്ച് വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമി സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഇത് ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളും. ബെള്ളാരെ കളഞ്ചയിൽ നടന്ന കൊലപാതകത്തിന്റെ പ്രതികാരമാണോ ഇതെന്ന സംശയമാണ് ശക്തമായിരിക്കുന്നത്. കഴിഞ്ഞയാഴ്ച ബെള്ളാരെ കളഞ്ചയിൽ ഒരു സംഘം ആളുകളുടെ മർദനമേറ്റ് കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി മസൂദ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവവുമായി പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിനു ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കും. ഒരാഴ്ച മുമ്പ് വിഷ്ണുനഗറിൽ വച്ചുണ്ടായ വാക്കു തർക്കത്തിൽ പ്രവീണും പങ്കാളിയായിരുന്നു.
അതേസമയം കേരളത്തിൽ ആലപ്പുഴയിലും പാലക്കാട്ടും പോപ്പുലർ ഫ്രണ്ട് നടത്തിയ കൊലപാതകത്തിന്റെ അതേമാതൃകയാണ് ദക്ഷിണ കർണാടകയിലും പയറ്റിയിരിക്കുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ 21 എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടുകൂടിയിരുന്നു. ബെള്ളാരെയിൽ കോഴിക്കട നടത്തുകയായിരുന്ന പ്രവീൺ കടയടച്ച് രാത്രി 8.30ന് വീട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോൾ ബൈക്കിൽ എത്തിയ അക്രമികളാണു വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മറുനാടന് മലയാളി ബ്യൂറോ