കോട്ടയം: ആറ്റിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ആർപ്പൂക്കര കോലേട്ടമ്പലം വെള്ളാപ്പള്ളിയിൽ വി.ജെ ജോസഫിന്റെ മകൻ ജിത്തു ജോസഫ്(16), ജോസഫിന്റെ ഭാര്യാ സഹോദരൻ ഗാന്ധിനഗർ ചെമ്മനംപടി വടയേറ്റേട്ട് വീട്ടിൽ ജോസഫ്(കുഞ്ഞുമോൻ) മകൻ നോബിൾ(15) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് മീനച്ചിലാറിന്റെ ചെമ്മനംപടി ചിറക്കാട്ട് കടവിലായിരുന്നു സംഭവം. ഇരുവരും കുളിക്കാനായി കടവിലെത്തിയതായിരുന്നു.കുളിക്കുന്നതിനിടയിൽ ആറ്റിലെ ഒഴുക്കിൽ ഇരുവരും പെട്ടുപോവുകയായിരുന്നു. സംസാരശേഷിയില്ലാത്ത അനന്തുവെന്ന കുട്ടിയാണ് ആദ്യം സംഭവം കണ്ടത്.

ഉടൻ തന്നെ വീട്ടിലെത്തി അനന്തു തന്റെ മാതാവിനെ കാര്യം അറിയിച്ചു. ഇതേ തുടർന്ന് നാട്ടുകാരും ബന്ധുക്കളും തോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കരയ്ക്ക് എത്തിക്കാനായില്ല. തുടർന്ന് ഗാന്ധിനഗർ പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇരുവരുടെയും മൃതദേഹം കരയ്ക്ക് എത്തിച്ചത്.

ഏകദേശം നാലു മണിയോടെയാണ് ജിത്തുവിന്റെ മൃതദേഹം കണ്ടെത്താനായത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീണ്ടും ഒരു മണിക്കൂറിന് ശേഷമായിരുന്നു നോബിളിന്റെ മൃതദേഹം കണ്ടെടുത്തത്.ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ് മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് വിട്ടു നൽകും. ജിത്തു സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാർത്ഥിയാണ്. മാതാവ്: വടയേറ്റേട്ട് കുടുംബാംഗം കുഞ്ഞുമോൾ.നോബിൾ തെള്ളകം ഹോളി ക്രോസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ്. തുരുത്തി അറക്കൽകുടുംബാംഗമായ ബിൻസിയാണ് നോബിളിന്റെ മാതാവ്. സഹോദരി ലയാന എസ്.എച്ച് മൗണ്ട് വിദ്യാർത്ഥിനി.