പാലക്കാട്: ജിഷ്ണു പ്രണോയിയുടെ മരണത്തോടെ വിദ്യാർത്ഥി പീഡനത്തിന് പ്രതിക്കൂട്ടിലായ നെഹ്‌റു കോളേജ് ഗ്രൂപ്പിന്റെ ആശുപത്രിയിൽ രണ്ടു ജീവനക്കാരികൾ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ. ഒറ്റപ്പാലം വാണിയംകുളത്തെ പികെ ദാസ് ഹോസ്പിറ്റലിലെ റേഡിയേഷൻ വിഭാഗത്തിലെ ജീവനക്കാരികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോൾ. ഇന്നലെ രാത്രിയിലാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവർക്ക് രണ്ടുപേർക്കും ഒരു മാസം മുമ്പ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നതായും ഇതാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നും റിപ്പോർട്ടുണ്ട്.

കോപ്പിയടി ആരോപിച്ചുള്ള പീഡനത്തിൽ മനംനൊന്ത് പാമ്പാടി നെഹ്‌റു കോളെജിലെ എഞ്ചിനീയറിങ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ വൈസ് പ്രിൻസിപ്പൽ അടക്കം മൂന്നുപേരെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവം നടന്ന് ഒരാഴ്ച തികയുമ്പോഴാണ് ഗത്യന്തരമില്ലാതെ മാനെജ്‌മെന്റ് വൈസ് പ്രിൻസിപ്പൽ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിച്ചത്. അതുതന്നെ വിദ്യാർത്ഥി പ്രക്ഷോഭം കോളേജിനെതിരെ ശക്തമായതിന് പിന്നാലെയായിരുന്നു.

സമാനമായ രീജിയിൽ ജീവനക്കാർക്കെതിരെയും പീഡനം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവമെന്നും രണ്ട് വനിതാ ജീവനക്കാരികളുടെ ആത്മഹത്യാ ശ്രമത്തിന് മാനേജ്‌മെന്റ് സമാധാനം പറയണമെന്നും ആവശ്യം ഉയർന്നുകഴിഞ്ഞു.

നെഹ്‌റു ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പാമ്പാടിയിലെ എഞ്ചിനീറിങ് കോളേജിലാണ് ജിഷ്ണു എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ഇതേ തുടർന്ന് നെഹ്രു ഗ്രൂപ്പിന്റെ കോളേജുകളിലെല്ലാം തന്നെ വലിയ തോതിലുള്ള വിദ്യാർത്ഥി പീഡനമാണ് നടക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുകയും റിപ്പോർട്ടുകൾ വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർക്കും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് പീഡനം ഉണ്ടെന്ന വിവരം പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ വലിയ കോളിളക്കമുണ്ടായേക്കാവുന്ന വിവരങ്ങളാണ് ഒറ്റപ്പാലത്തിന് സമീപം വാണിയം കുളത്തെ ആശുപത്രിയിൽ നിന്ന് ലഭിക്കുന്നത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വൈസ് പ്രിൻസിപ്പൽ ഡോ.എൻ.കെ ശക്തിവേൽ, പിആർഒ സഞ്ജിത്ത് കെ വിശ്വനാഥൻ, അദ്ധ്യാപകൻ സി.പി പ്രവീൺ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും നെഹ്‌റു കോളെജ് മാനെജ്‌മെന്റ് അറിയിച്ചു.

ജിഷ്ണു നോക്കി എഴുതി എന്നാരോപിച്ച് പരീക്ഷാഹാളിൽ നിന്നും പിടികൂടിയത് അദ്ധ്യാപകനായ സി.പി പ്രവീണായിരുന്നു. പ്രിൻസിപ്പൽ കാഴ്ചക്കാരൻ മാത്രമാണെന്നും വിദ്യാർത്ഥികൾക്കെതിരെയുള്ള ക്രൂരതകൾക്ക് കൂട്ടുനിൽക്കുന്നത് വൈസ് പ്രിൻസിപ്പലായ ശക്തിവേൽ ആണെന്നുമായിരുന്നു വിദ്യാർത്ഥികളുടെ മറ്റൊരു ആരോപണം.

മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി വിശ്വനാഥിന്റെ മകനായ സഞ്ജിത് കെ.വിശ്വനാഥനെതിരെ കടുത്ത ആരോപണങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഓഫിസിലാണ് വിദ്യാർത്ഥികളെ നിസാര കാര്യങ്ങൾക്കു വരെ വിളിച്ചു വരുത്തിയിരുന്നതും ഇടിമുറിയായി ഉപയോഗിച്ചിരുന്നതും. ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് വിദ്യാർത്ഥി സംഘടനകളുടെ നിരവധി പ്രതിഷേധ മാർച്ചുകളാണ് നെഹ്‌റു ഗ്രൂപ്പിന്റെ ഓഫിസുകളിലേക്കും കോളെജിലേക്കും നടക്കുന്നത്. കൂടാതെ കോളെജിനെതിരെ സമരം പ്രഖ്യാപിച്ച് വിദ്യാർത്ഥികളും മുന്നിലുണ്ട്.