- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബത്തേരിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ മരിച്ചു; ദാരുണാന്ത്യം മുരളിക്കും അജ്മലിനും; പടക്ക വ്യാപാരം നടത്തിയിരുന്നവർ വാടകയ്ക്ക് ഉപയോഗിച്ചിരുന്ന കെട്ടിടത്തിൽ സ്ഫോടനമുണ്ടായത് ഏപ്രിൽ 22ന്; ഉപേക്ഷിച്ചു പോയ വെടിമരുന്നിൽ കുട്ടികൾ തീ കൊളുത്തിയെന്ന് സംശയം
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേർ മരിച്ചു. മുരളി (16), അജ്മൽ (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫെബിൻ ഫിറോസ് ചികിത്സയിൽ കഴിയുകയാണ്. ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ ഏപ്രിൽ 22നായിരുന്നു അപകടം. ഉച്ചക്ക് ഒരു മണിയോടെ മണ്ണാർക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്ഫോടനമുണ്ടായത്.
സംഭവത്തിൽ മുരളി, അജ്മൽ ഉൾപ്പെടെ പ്രദേശവാസികളായ മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്. മൂവരും അയൽവാസികളാണ്. മുരുകന്റെ മകൻ മുരളി പ്ലസ് വൺ വിദ്യാർത്ഥിയാണ്. അജ്മൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്. രണ്ട് ദിവസം മുൻപാണ് കുപ്പാടി കാരക്കണ്ടിക്ക് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ സ്ഫോടനം ഉണ്ടാവുന്നത്.
ഷെഡ്ഡിനുള്ളിൽ നിന്നും സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികൾ ഒത്തുകൂടിയപ്പോൾ പൊള്ളലേറ്റ മൂന്ന് വിദ്യാർത്ഥികളും പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്. എങ്ങനെ സ്ഫോടനം നടന്നുവെന്നോ വിദ്യാർത്ഥികൾ എന്തിന് ഇവിടെ എന്തിയെന്നതിനെ കുറിച്ചോ ഇതുവരെ വ്യക്തതയില്ല. വെടിമരുന്നാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ബത്തേരിയിൽ മുൻപ് പടക്കവ്യാപാരം നടത്തിയിരുന്നവർ രണ്ടു വർഷം മുൻപ് വാടകയ്ക്ക് ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്. അവർ ഉപേക്ഷിച്ച് പോയ വെടിമരുന്നിൽ കുട്ടികൾ തീ കൊളുത്തുകയായിരുന്നോ എന്ന സംശയം ഉണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഇവിടെ നിന്നും പടക്കത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
മറുനാടന് മലയാളി ബ്യൂറോ