- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കൾ ഒന്നിച്ച് സിനിമ കാണാൻ പോയതറിഞ്ഞ് വീട്ടുകാർ വഴക്കുപറഞ്ഞു; രണ്ടുദിവസം കഴിഞ്ഞപ്പോൾ നാടുവിട്ടു; കാണാതായിട്ട് ഒരുമാസം; ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടും കണ്ടെത്താൻ ആകാതെ കുഴങ്ങി പൊലീസ്
ആലപ്പുഴ: സുഹൃത്തുക്കളായ പതിനാറുകാരിയേയും പതിനേഴുകാരനേയും കാണാതായി ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ് വലയുന്നു. ആലപ്പുഴ എ.എൻ പുരം മണക്കപ്പറമ്പ് വീട്ടിൽ ബിജുവിന്റെ മകൾ ലച്ചു എന്ന വിശ്വലക്ഷ്മി(16), വെള്ളക്കിണർ ഇലഞ്ഞിപ്പറമ്പ് വീട്ടിൽ ഷാജിയുടെ മകൻ അപ്പു എന്ന സഫറുദ്ദീൻ(17) എന്നിവരെയാണ് കഴിഞ്ഞ മാസം 26 മുതൽ കാണാതായിരിക്കുന്നത്. ഇരുവരുടെയും വീട്ടുകാർ നൽകിയ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
ടി.ഡി സ്ക്കൂളിലെ പ്ലസ്ടു ഒന്നാം വർഷ വിദ്യാർത്ഥിനിയായ വിശ്വലക്ഷ്മിയും രണ്ടാം വർഷ വിദ്യാർത്ഥിയായ സഫറുദ്ദീനും സുഹൃത്തുക്കളായിരുന്നു. കാണാതാകുന്നതിന് രണ്ട് ദിവസം മുൻപ് ഇരുവരും സിനിമാ കാണാൻ പോയ വിവരം വിശ്വലക്ഷ്മിയുടെ വീട്ടിൽ അറിയുകയും മാതാപിതാക്കൾ വഴക്കു പറയുകയും ചെയ്തു. ഇതേ തുടർന്നാണ് വിശ്വലക്ഷ്മിയും സഫറുദ്ദീനും നാടു വിട്ടതെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് അന്വേഷണത്തിൽ ഇരുവരും എറണാകുളത്ത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തൊട്ടുപിന്നാലെ വിശ്വലക്ഷ്മിയുടെ മൊബൈൽ ഫോൺ ഈ റോഡിൽ വച്ച് പ്രവർത്തിച്ചതായും കണ്ടെത്തി. മാതാപിതാക്കളും പൊലീസും ഈറോഡിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് യാതൊരു വിവരങ്ങളും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല.
കുട്ടികളെ കണ്ടെത്താനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം തുടരുകയാണ്. കൂടാതെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇതിനിടയിൽ ഇരുവരുടെയും ഫോട്ടോ ഉൾപ്പെടുത്തി കാണാനില്ല എന്ന് വിവിധ പത്രങ്ങളിൽ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കി. പ്രായപൂർത്തിയല്ലാത്ത കുട്ടികളായതിനാൽ പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് ഫോട്ടോ പത്രങ്ങളിൽ കൊടുത്തത്. പത്രക്കുറിപ്പ് കണ്ട് വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ വിളിക്കുന്നുണ്ട്. ഇവിടേക്ക് പൊലീസ് അന്വേഷണത്തിനായി പോയിരിക്കുകയാണ്.
ഒരുമാസമായിട്ടും കുട്ടികളെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്. പെൺകുട്ടിയുടെ പിതാവ് ഇടതുപക്ഷ യൂണിയൻ നേതാവു കൂടിയായതിനാൽ മകളിൽ നിന്നും നല്ല സമ്മർദ്ദവും പൊലീസിനുണ്ട്. എന്നാൽ പൊലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയുന്നില്ല. മുക്കൂട്ടു തറയിൽ നിന്നും കാണാതായ ജെസ്നയുടെ കേസു പോലെയാകുമോ ഈ കേസ് എന്ന ആശങ്കയും പൊലീസിനുണ്ട്. അതിനാൽ തന്നെ സർവ്വ സന്നാഹവും ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആലപ്പുഴ പൊലീസ്.
വിശ്വലക്ഷ്മിക്ക് 155 സെന്റിമീറ്റർ ഉയരവും, വെളുത്ത നിറവും, മെലിഞ്ഞ ശരീര പ്രകൃതവും. സഫറുദ്ദീന് 178 സെന്റീമീറ്റർ ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീര പ്രകൃതവും കൂടാതെ മുടി നീട്ടി വളർത്തിയിട്ടുമുണ്ട് എന്ന് പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിൽ പറയുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെയോ വിവരം അറിയിക്കണം.
ഇൻസ്പെക്ടർ, ആലപ്പുഴ സൗത്ത് പൊലീസ് : 9497987059
ഡി.വൈ.എസ്പി, ആലപ്പുഴ : 9497990041
ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ : 9497996982
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.