ഇൻഡോർ: കോളയിൽ വിഷം കലർത്തി അവസാനത്തെ സെൽഫിയും എടുത്ത ശേഷം യുവതികൾ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിൽ വാടക മുറിയിലാണ് രണ്ട് യുവതികൾ ജീവനൊടുക്കിയത്. ഇൻഡോറിലെ ഒരു ഫിനാൻസിങ് കമ്പനിയിൽ ടെലികോളിങ് ജീവനക്കാരിയായ രചന, കേറ്ററിങ് കോൺട്രാക്ടറായ തൻവി എന്നിവരെയാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

തങ്ങളുടെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് എഴുതിവച്ച ശേഷമാണ് യുവതികൾ ജീവനൊടുക്കിയത്. എന്നാൽ മരണ കാരണം വ്യക്തമല്ല. ജീവിതം മടുത്തതിനാൽ അവസാനിപ്പിക്കുകയാണെന്നും മരണത്തിൽ മറ്റാരും ഉത്തരവാദിയല്ലെന്നും പറഞ്ഞിട്ടുണ്ട്. ഇരുവർക്കും ഏകദേശം 25 വയസ് പ്രായം വരും.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മരിച്ച ഇവരെ കുറിച്ചുള്ള വിവരം പുറം ലോകം അറിയുന്നത് ദിവസങ്ങൾക്ക് മുമ്പാണ്. ണ്ടു ദിവസമായി അടഞ്ഞുകിടന്ന മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി നോക്കുമ്പോഴാണ് ഇരുവരേയും മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസമായി ഇവർ വിജയ്നഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

വിവാഹിതയും ഒരു ആൺകുട്ടിയുടെ അമ്മയുമാണ് രചന. നാലു വർഷമായി ഭർത്താവുമായി അകന്നുകഴിയുന്ന ഇവർ കുട്ടിയെ ഭർത്താവിന് വിട്ടുകൊടുക്കരുതെന്ന് ആത്മഹത്യക്കുറിപ്പിൽ മാതാപിതാക്കളോട് പറയുന്നുണ്ട്. കത്തിൽ പറയുന്ന തീയതി അനുസരിച്ച് ഇവർ ഈ മാസം 27നാണ് ജീവനൊടുക്കിയതെന്ന് പൊലീസ് കരുതുന്നു. ഇവരുടെ മൊബൈലുകൾ ഫോർമാറ്റ് ചെയ്തിരുന്നു. അവസാനം ഒരുമിച്ചെടുത്ത സെൽഫി മാത്രമാണ് മൊബൈലിൽ ഉണ്ടായിരുന്നത്.

പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് രചനയുടെ സഹോദരനും സഹോദരീ ഭർത്താവും സ്ഥലത്തെത്തിയിരുന്നു. മരണത്തിൽ അസ്വഭാവികതയുള്ളതിനാൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിജയ്നഗർ സ്റ്റേഷന്റെ ചുമതലയുള്ള എസ്.കെ ദാസ് അറിയിച്ചു.