സുൽത്താൻ ബത്തേരി: വയനാട്ടിൽ പുഴയിൽ കാണാതായ രണ്ടരവയസുകാരിയുടെടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മീനങ്ങാടിക്കടുത്ത് പുഴങ്കുനി മലക്കാട് പുഴയിൽ കൽപ്പറ്റ മാനിവയൽ തട്ടാരത്തൊടി ഷിജു - ധന്യ ദമ്പതികളുടെ മകൾ ശിവപാർവണ.

ദേശീയപാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൽപ്പറ്റ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. പുഴങ്കുനി ചെവായിൽ രജ്ഞിത്തിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. രാവിലെ അൽപ്പനേരം വീട്ടുകാരുടെ ശ്രദ്ധ തെറ്റിയപ്പോൾ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനടുത്താണ് പുഴ. പുഴയോരത്തെ ചെളിയിൽ കുട്ടിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.

കൽപ്പറ്റ, സുൽത്താൻ ബത്തേരി ഫയർഫോഴ്‌സും കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരുമാണ് തെരച്ചിൽ നടത്തിയത്.