കണ്ണൂർ: ചെറുവാഞ്ചേരി പൂവ്വത്തൂർ പാലത്തിന് സമീപം കൊല്ലം കുണ്ട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മാനന്തേരി വണ്ണാത്തി മൂല ചുണ്ടയിൽ ഹൗസിൽ സി.സി നാജിഷ് (22),പാലക്കൂൽ ഹൗസിൽ പി.മൻസീർ (26) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും.

ഇരുവരേയും നാട്ടുകാരാണ് കരക്കെത്തിച്ചത്. ഇരുവരെയും ഉടൻ ചെറുവാഞ്ചേരിയിലെ പാട്യം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാർ -തസ്‌നി ദമ്പതികളുടെ മകനാണ് നാജിഷ്.മട്ടന്നൂരിലെ ഒരു ജൂവലറിയിലെ ജീവനക്കാരനാണ്.

സഹോദരങ്ങൾ: നകാശ്, നഹിയാൻ. മഹമ്മൂദ് ഹാജിറ ദമ്പതികളുടെ മകനാണ് മൻസീർ.ഷഷ്‌ന ഏകസഹോദരിയാണ്. ഏതാനും മാസം മുമ്പാണ് വിദേശത്ത് നിന്നും എത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.