ലക്‌നൗ: പല മോഷണ കഥകളും നമ്മൾ കേൾക്കാറുണ്ട്. മോഷ്ടാക്കളുടെ 'വൈദഗ്ധ്യം' പലപ്പോഴും വാർത്തയാകാറുമുണ്ട്. എന്നാൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു മോഷണത്തിനാണ് രാജ്യം ഇപ്പോൾ സാക്ഷിയായിരിക്കുന്നത്.

ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് യുദ്ധ വിമാനത്തിന്റെ ടയറുകളിൽ ഒന്നാണ് മോഷണം പോയത്. ജോധ്പുറിലെ വ്യോമസേന താവളത്തിലേക്ക് അയക്കുന്നതിനായി ലഖ്‌നൗ ബക്ഷി തലാബ് എയർ ബെയ്‌സിൽ നിന്ന് ട്രക്കിൽ സൈനിക ഉപകരണങ്ങൾ കയറ്റി അയച്ചിരുന്നു. ഈ ട്രക്കിൽ നിന്നാണ് വിമാനത്തിന്റെ ടയറുകളിൽ ഒന്ന് നഷ്ടമായത്. നവംബർ 27ന് രാത്രിയാണ് ലഖ്‌നൗവിൽവച്ച് മോഷണം നടന്നത്.

ഉത്തർപ്രദേശിലെ ലക്‌നൗ എയർബേസിന് സമീപത്തായിട്ടാണ് മോഷണം നടന്നത്. നവംബർ 27 ന് ലക്‌നൗവിലെ ബക്ഷികതാലാബ് എയർബേസിൽ നിന്ന് ജോധ്പൂർ എയർബേസിലേക്ക് വ്യോമസേനയുടെ സാധനങ്ങളുമായി പോയ ട്രക്കിൽ നിന്നുമാണ് മിറാഷിന്റെ ടയർ മോഷണം പോയത്. എന്നാൽ ഈ മാസം ഒന്നാം തീയതിയാണ് സംഭവത്തിൽ എഫ് ഐ ആർ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവർ ഹേം സിങ് റാവത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ട്രക്കുമായി പോയപ്പോൾ ഷഹീദ് പഥിൽ വച്ച് ഗതാഗത കുരുക്കുണ്ടായെന്നും ഈ സാഹചര്യം മുതലെടുത്ത് സ്‌കോർപിയോ വാഹനത്തിൽ എത്തിയ അക്രമികൾ ടയർ കെട്ടാൻ ഉപയോഗിച്ച ചരട് ഊരിമാറ്റി മോഷണം നടത്തുകയായിരുന്നു എന്നുമാണ് ട്രക്ക് ഉടമ നൽകുന്ന മൊഴി.

വിവരമറിഞ്ഞ് ട്രക്ക് ഡ്രൈവർ ഇറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. പുലർച്ചെ 12:30 നും 1 മണിക്കും ഇടയിലായിരുന്നു സംഭവം. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മിറാഷ് 2000 യുദ്ധവിമാനത്തിന്റെ അഞ്ച് ചക്രങ്ങളായിരുന്നു ട്രക്കിലുണ്ടായിരുന്നത്.

കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി അമിത് കുമാർ അറിയിച്ചു. മിറാഷ് വിമാനത്തിന്റെ അഞ്ച് ടയറുകളാണ് ട്രക്കിലുണ്ടായിരുന്നത്. ഇതിൽ ഒന്നാണ് മോഷണം പോയതെന്നും ഡി.സി.പി പറഞ്ഞു. കുറ്റവാളികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുചെയ്തു.