- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ പ്രിയ കഥാകാരൻ യു എ ഖാദർ അന്തരിച്ചു; വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നത് ഏറെ നാൾ; ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായി നിറഞ്ഞു നിന്ന ബഹുമുഖ പ്രതിഭ; നേടിയത് കേരള സാഹിത്യ അക്കാദമി അവാർഡുകൾ അടക്കം നിരവധി പുരസ്ക്കാരങ്ങൾ; മലയാള സാഹിത്യത്തിലെ 'തൃക്കോട്ടൂർ പെരുമ' ഇനി ചരിത്രം

കോഴിക്കോട്: ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായി നിറഞ്ഞു നിന്ന മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദർ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
നോവലുകൾ, കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കർത്താവായ ഖാദറിന്റെ 'തൃക്കോട്ടൂർ പെരുമ' മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളിൽ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂർ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തിൽ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകൾ, ഒരുപിടി വറ്റ്, ചങ്ങല, അടിയാധാരം, , കളിമുറ്റം, കഥപോലെ ജീവിതം, ഖാദറിന്റെ പത്തു ലഘു നോവലുകൾ, ഖാദറിന്റെ പെണ്ണുങ്ങൾ എന്നിവയാണ് പ്രധാനരചനകൾ.
ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിൽ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയിൽ അംഗവും സാഹിത്യ പ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.1983ലെ കേരള സാഹിത്യ അക്കാദമി അവാർഡും തൃക്കോട്ടൂർ നോവലുകൾക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്, പത്മപ്രഭാ പുരസ്‌കാരം, അബുദാബി ശക്തി അവാർഡ് എന്നീ പുരസ്‌കാരങ്ങളും യു.എ. ഖാദറിനെത്തേടിയെത്തി.
ബർമ്മക്കാരിയായ മാതാവിന്റെ ഈ മകൻ ഉത്തര കേരളത്തിന്റെ ഉപബോധ മനസ്സിനെ സ്വന്തം സർഗ്ഗാത്മകതയുടെ ജൈവതട്ടകമാക്കി മാറ്റിയത് ലോകസാഹിത്യത്തിലെതന്നെ അപൂർവ്വാനുഭവമാണ്. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായി ഇദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞു നിന്നു.കേരളീയനായ പിതാവ് മൊയ്തീൻ കുട്ടി ഹാജിയുടേയും മ്യാന്മാർ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ൽ കിഴക്കൻ മ്യാന്മാറിലെ ബില്ലിൻ എന്ന ഗ്രാമത്തിൽ ജനിച്ച യു.എ.ഖാദർ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി.
കൊയിലാണ്ടി ഗവ: ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഓഫ് ആർട്‌സിൽ ചിത്ര കലാപഠനം നടത്തി. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിലും ഗവൺമെന്റ് ജനറൽ ആശുപത്രിയിലും ജോലി ചെയ്ത ഖാദർ 1990-ലാണ് സർക്കാർ സർവീീസിൽനിന്ന് വിരമിച്ചത്. എന്നും ഇടതുപക്ഷത്തോടൊപ്പം ചേർന്നു നിന്നിരുന്ന അദ്ദേഹം പുരോഗമനകലാസാഹിത്യസംഘം മുൻ സംസ്ഥാന പ്രസിഡന്റും കേരളസാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയിൽ അംഗവും സാഹിത്യ പ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.


