- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശിൽ യോഗി ഭരണം തുടരും; അഖിലേഷ് ഉയർത്തുന്ന വെല്ലുവിളി ചെറുതായി കാണാനും സാധിക്കില്ല; നൂറോളം സീറ്റുകൾ ബിജെപിക്ക് കുറയും; പ്രിയങ്ക കളത്തിൽ ഇറങ്ങിയാലും കോൺഗ്രസ് രക്ഷപെടില്ല; എബിപി - ന്യൂസ് സിവോട്ടർ സർവേ ഫലം ബിജെപിക്ക് നൽകുന്നത് കരുതലെടുക്കണമെന്ന സൂചന തന്നെ
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വീറും വാശിയും നിറഞ്ഞതാകുമെന്ന് ഉറപ്പാണ്. യോഗി ആദിത്യനാഥിനെ മുന്നിൽ നിർത്തി ബിജെപി കളിക്കാൻ ഇറങ്ങുമ്പോൾ തന്നെ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയുടെ മുന്നേറ്റം എഴുതി തള്ളാൻ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. പ്രിയങ്ക ഗാന്ധി കളമറിഞ്ഞു തന്നെ ഇറങ്ങി കളിക്കുന്നുണ്ട്. എന്നാൽ അത് വോട്ടായി മാറുമോ എന്ന് കണ്ടു തന്നെ അറിയണം. ബിജെപിക്ക് കാര്യങ്ങൾ അനായാസമാകില്ലെന്ന സൂചനകൾ നൽകി കൊണ്ടാണ് അഭിപ്രായ സർവേകൾ പുറത്തുവരുന്നത്.
സീറ്റെണ്ണം കുറയുമെങ്കിലും ബിജെപിതന്നെ അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്സിവോട്ടർ സർവേ ഫലം. നവംബർ ആദ്യ ആഴ്ചയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 403 അംഗങ്ങളുള്ള യുപി നിയമസഭയിൽ കഴിഞ്ഞ തവണ വമ്പൻ ഭൂരിപക്ഷം നേടിയാണ് ബിജെപി അധികാരം പിടിച്ചത്. 325 സീറ്റുകളാണ് ബിജെപി അന്ന് നേടിയത്. എന്നാൽ ഇത്തവണ നൂറ് സീറ്റോളം കുറയുമെന്നാണ് സർവേ പ്രവചിക്കുന്നത്.
213 മുതൽ 221 സീറ്റ് വരെ നേടി യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ തുടരുമെന്നാണ് പ്രവചനം. അഖിലേഷിന്റെ സമാജ്വാദി പാർട്ടി 152-160 സീറ്റുകൾ വരെ നേടി മുന്നേറ്റം നടത്തിയേക്കാം. മായാവതിയുടെ ബിഎസ്പി 16-20 സീറ്റുകൾ നേടാമെന്നും സർവേ പറയുന്നു. അതേസമയം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മുന്നോട്ടുപോകുന്ന കോൺഗ്രസ് വലിയ മാറ്റമുണ്ടാക്കില്ലെന്നും 6-10 സീറ്റ് വരെ ലഭിച്ചേക്കാമെന്നും സർവേ പ്രവചിക്കുന്നു.
അഖിലേഷിന്റെ എസ്പി, ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണു സർവേ ഫലം സൂചിപ്പിക്കുന്നത്. അതേസമയം സമാജ് വാദി പാർട്ടി ഇത്രയും കാലം പ്രതിപക്ഷ റോളിൽ വേണ്ടത്ര തിളങ്ങിയിരുന്നില്ല. മറിച്ച് പ്രിയങ്കയും കോൺഗ്രസുമാണ് പ്രതിപക്ഷത്തിന്റെ റോളിൽ കളം അറിഞ്ഞു കളിച്ചത്. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും കോൺഗ്രസ് നേതാക്കളെ മാത്രമേ മത്സരിപ്പിക്കൂവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് പ്രഖ്യാപിച്ചിരുന്നു.
അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രിയങ്ക വ്യക്തമാക്കി. ആഗ്ര, അലിഗഡ്, ഹത്രാസ്, ബുലന്ദേശ്വർ തുടങ്ങിയ 14 ജില്ലകളിലെ കോൺഗ്രസ് ഭാരവാഹികളുമായി ആഭ്യന്തര കാര്യങ്ങൾ ചർച്ചചെയ്യാൻ സംഘടിപ്പിച്ച യോഗത്തിൽ മറ്റൊരു പാർട്ടിയുമായി സഖ്യംവേണ്ടെന്ന് പ്രിയങ്ക ഗാന്ധിയോട് നിരവധി നേതാക്കൾ അഭ്യർത്ഥിച്ചു. 'യു.പി നിയമസഭ സീറ്റുകളിൽ കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് നാമനിർദ്ദേശം ചെയ്യുക. കോൺഗ്രസിന് വിജയിക്കണമെങ്കിൽ ഒറ്റക്ക് വിജയിക്കും' -പ്രിയങ്ക പറഞ്ഞു.
കോൺഗ്രസ് ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗൽ പ്രസ്താവിച്ചതിന് പിന്നാലെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഈ അഭ്യൂഹങ്ങൾ ഇല്ലാതാക്കുന്നതായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം. അതേസമയം കോൺഗ്രസിന്റെ പ്രകടന പത്രികയിൽ വലിയ വാഗ്ദാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
20 ലക്ഷം പേർക്ക് ജോലി, കാർഷിക വായ്പകൾ എഴുതിത്ത്തള്ളും, കോവിഡ് സമയത്ത് വൈദ്യുതി സൗജന്യം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സ്മാർട്ഫോണും കോളജ് വിദ്യാർത്ഥിനികൾക്ക് സ്കൂട്ടറും നൽകും. കർഷകരുടെ വായ്പകൾ എഴുതിത്ത്തള്ളും. മുൻപ് 72,000 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്ത്തള്ളി ഞങ്ങൾ തെളിയിച്ചിട്ടുണ്ട്.
ചണ്ഡീഗഡിലെ പോലെ യുപിയിലും ഗോതമ്പിന്റെയും നെല്ലിന്റെയും വില 2500 രൂപയാക്കും, കരിമ്പിന്റെ താങ്ങുവില ക്വിന്റലിന് 400 രൂപയാക്കും, കോവിഡ് സമയത്ത് സൗജന്യ വൈദ്യുതി നടപ്പിലാക്കും, അതുപോലെ തന്നെ എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും, കോവിഡ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് 25,000 രൂപ ധനസഹായം നൽകും, 20 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകും, കരാർ തൊഴിലാളികളെ ക്രമപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടു വെക്കുന്നത്. പ്രിയങ്ക ഗാന്ധി മുൻകൈയെടുത്ത് പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകുമ്പോൾ അതിനെ നേരിടാൻ യോഗിയും തന്ത്രം മെനയുന്നുണ്ട്. ഇതിൽ ആര് വിജയിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
മറുനാടന് ഡെസ്ക്