- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി കണ്ണുരുട്ടിയതോടെ ഒതുങ്ങി സോഷ്യൽ മീഡിയ ഉപേക്ഷിച്ചു ഓടി രക്ഷപെട്ടു യു പ്രതിഭ എംഎൽഎ; ആ വിമർശന കുറിപ്പ് വ്യക്തിപരമായ മനോദുഃഖത്തിൽ നിന്നുണ്ടായതെന്ന് ഖേദ പ്രകടനം; പാർട്ടിക്ക് അഹിതമായ ഒരു പ്രവൃത്തിയുമില്ല; സൈബറിടത്തിൽ നിന്ന് വിട്ടുനിൽക്കും
ആലപ്പുഴ: പാർട്ടിയെ വിമർശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിമർശനം കടുത്തതോടെ സോഷ്യൽ മീഡിയ ഉപേക്ഷിച്ചു യു പ്രതിഭ എംഎൽഎ. സിപിഎം കണ്ണുരുട്ടിയതോടെയാണ് എംഎൽഎ ഖേദപ്രടനവുമായി രംഗത്തുവന്നത്. വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് ആ പോസ്റ്റ് എഴുതാൻ ഇടയായത് എന്നാണ് പ്രതിഭ വ്യക്തമാക്കിയത്. കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്നും ഉണ്ടാവുന്നത് ആരെയും വേദനിപ്പിക്കും. പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങൾ കൂടിയുള്ള സാധാരണക്കാരിയായ ഒരു സ്ത്രീ എന്ന നിലയിൽ അത് മനസ്സിൽ ആഴത്തിലുള്ള മുറിവുണ്ടാക്കും.
തികച്ചും വ്യക്തിപരമായ മനോ ദുഃഖത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ആ കുറിപ്പെന്ന് പ്രതിഭ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. മറ്റുള്ളവർക്ക് വിഷമമുണ്ടാക്കി എന്നറിയുന്നതിൽ എനിക്ക് വാക്കുകൾക്കതീതമായ ദുഃഖമുണ്ട്.എന്ത് പ്രതിസന്ധികൾ ഉണ്ടായാലും ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ പാർട്ടിക്ക് അപ്രിയവും അഹിതവുമായ ഒരു പ്രവൃത്തിയും എന്നിൽ നിന്നും ഉണ്ടാവില്ലെന്നും അവർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചുനാൾ വിട്ടു നിൽക്കുകയാണെന്നും പ്രതിഭ പറഞ്ഞു.
കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ലെന്ന് പറഞ്ഞുകൊണ്ടുള്ള പ്രതിഭയുടെ പോസ്റ്റാണ് വിവാദമായത്. ഏറ്റവും കൂടുതൽ വോട്ട്ചോർന്നുപോയത് കായംകുളത്തു നിന്നാണെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുകയാണെന്നുമാണ് പ്രതിഭ പറഞ്ഞത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായതിന് പിന്നാലെയാണ് വിശദീകരണ കുറിപ്പുമായി പ്രതിഭ രം?ഗത്തെത്തിയത്.
പ്രതിഭയുടെ കുറിപ്പ് വായിക്കാം
കഴിഞ്ഞ ദിവസം എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചില വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ വിശദീകരണക്കുറിപ്പ്. തികച്ചും വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് അങ്ങനെ ഒരു പോസ്റ്റ് എഴുതാൻ ഇടയായത്..ജനപ്രതിനിധിയും പൊതുപ്രവർത്തകയും എന്നതുപോലെ തന്നെ മകനോടും മാതാപിതാക്കളോടും ഒപ്പം ജീവിക്കുന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയും കൂടെയാണ് ഞാൻ. ഇന്നത്തെ ഞാനാക്കി എന്നെ വളർത്തിയത് ഞാൻ സ്നേഹിക്കുന്ന എന്റെ പ്രസ്ഥാനം ആണ്.ജീവിതത്തിലെ സന്തോഷങ്ങളിൽ എന്നതുപോലെ ,കഠിനമായ സങ്കടങ്ങളിലും എനിക്ക് കരുത്തും കരുതലും നൽകി നിലനിർത്തിയത് ഈ പ്രസ്ഥാനത്തിലെ ആയിരക്കണക്കിന് വരുന്ന പ്രവർത്തകരുടെ സ്നേഹ വിശ്വാസങ്ങളാണ്.ഈ പ്രതിബദ്ധത പ്രാണവായു പോലെ ഹൃദയത്തിൽ സൂക്ഷിച്ചു മാത്രമാണ് ഞാൻ ഇന്നേവരെ നില കൊണ്ടിട്ടുള്ളത്.നാളെകളിലും തീർച്ചയായും അങ്ങനെ തന്നെ ആയിരിക്കും.ട
ഉത്തരവാദിത്വങ്ങളും ചുമതലകളും പിഴവു വരാതെ നിർവഹിച്ചു മുന്നോട്ടുപോകുന്ന മാനസിക സംഘർഷം നിറഞ്ഞ സന്ദർഭങ്ങളിൽ .കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്നും ഉണ്ടാവുന്നത് ആരെയും വേദനിപ്പിക്കും..പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങൾ കൂടിയുള്ള സാധാരണക്കാരിയായ ഒരു സ്ത്രീ എന്ന നിലയിൽ അത് മനസ്സിൽ ആഴത്തിലുള്ള മുറിവുണ്ടാക്കും. അത്തരമൊരു സാഹചര്യത്തിലാണ് ഞാൻ മേൽപ്പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് എഴുതാൻ ഇടയായത് .
തികച്ചും വ്യക്തിപരമായ മനോ ദുഃഖത്തിൽ നിന്നും ഉരുത്തിരിഞ്ഞ ആ കുറിപ്പ് മറ്റുള്ളവർക്ക് വിഷമമുണ്ടാക്കി എന്നറിയുന്നതിൽ എനിക്ക് വാക്കുകൾക്കതീതമായ ദുഃഖമുണ്ട്.എന്ത് പ്രതിസന്ധികൾ ഉണ്ടായാലും ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ പാർട്ടിക്ക് അപ്രിയവും അഹിതവുമായ ഒരു പ്രവൃത്തിയും എന്നിൽ നിന്നും ഉണ്ടാവില്ല.എന്റെ വാക്കുകൾ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അവരിൽ ഓരോരുത്തരോടും ഞാൻ വ്യക്തിപരമായി ഹൃദയപൂർവ്വം ഖേദം പ്രകടിപ്പിക്കുന്നു. ഇത് എന്റെ മനസ്സിൽ നിന്നും വരുന്ന നേരിന്റെ ശബ്ദമായി നിങ്ങളേവരും സ്വീകരിക്കണം..എംഎൽഎ എന്ന നിലയിൽ കായംകുളത്തെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ നന്മയ്ക്കും ഉയർച്ചയ്ക്കും വേണ്ടിയാണ് ഞാൻ എന്നും നില കൊണ്ടിട്ടുള്ളത്.എന്റെ പാർട്ടിയിലെ അച്ചടക്കമുള്ള ഒരു പ്രവർത്തകയായി മുന്നോട്ടു പോകാനേ എനിക്ക് കഴിയുകയുള്ളൂ.
സമൂഹ മാധ്യമ വേദികളിൽ നിന്നുംതാൽക്കാലികമായി കുറച്ചു നാൾ വിട്ടുനിൽക്കുന്നു.. സമൂഹ മാധ്യമ വേദികളിൽ ഇന്നലെകളിൽ എനിക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്ന ആയിരക്കണക്കായ സ്നേഹ മനസ്സുകളോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..ക്രിയാത്മകമായ വിമർശനങ്ങളുമായ് ആത്മാർത്ഥത കാട്ടി വരോടും എന്റെ കടപ്പാടും അറിയിക്കുന്നു..
മറുനാടന് മലയാളി ബ്യൂറോ