- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നറുക്ക് വീണത് എ ഗ്രൂപ്പിലെ സീനിയർ എന്ന പരിഗണനയിൽ; മറ്റ് പേരുകൾ ഉയർന്നെങ്കിലും ഉമ്മൻ ചാണ്ടിയുടെ താൽപര്യം മാസ്റ്റർക്ക് അനുകൂലമായി; കോഴിക്കോട് ഡിസിസിയുടെ അമരത്ത് ഇനി യു.രാജീവൻ; പ്രസിഡന്റ് സ്ഥാനത്ത് ഒഴിവ് വന്നത് ടി.സിദ്ധിക് കെപിസിസി വൈസ് പ്രസിഡന്റായതോടെ
കോഴിക്കോട്: സംഘടനാ രംഗത്തെ കാർക്കശ്യവും കർമ്മനിരതമായ സജീവതയും സൗമ്യതയുംമുഖമുദ്രയാക്കിയ നേതാവാണ് രാജീവൻ മാസ്റ്റർ. ഇപ്പോഴിതാ യു രാജീവൻ മാസ്റ്റർക്ക് (63) പുതു നിയോഗം. കോഴിക്കോട്ടെ കോൺഗ്രസിനെ ഇനി യു രാജീവൻ മാസ്റ്റർ നയിക്കും.
താഴെത്തലത്തിൽ നിന്നും പടിപടിയായി സംഘടനാ രംഗത്ത് കഴിവുതെളിയിച്ച രാജീവൻ മാസ്റ്റർ പ്രസ്ഥാനത്തിലും മുന്നണിയിലും പൊതുരംഗത്തും തന്റെ വേറിട്ട സംഘാടന മികവാലാണ് കയ്യൊപ്പ് ചാർത്തിയത്. പ്രവർത്തകരുടെ ഏത് ആവശ്യത്തിനും എവിടെയും ഓടിയെത്താനുള്ള ഊർജ്ജസ്വലതയാണ് രാജീവൻ മാസ്റ്ററെ എന്നും അവർക്ക് പ്രിയങ്കരനാക്കിയത്. നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷനായിരിക്കുമ്പോഴാണ് ചരിത്ര ദൗത്യം കയ്യേൽക്കുന്നത്.
ടി സിദ്ദീഖ് കെ പി സി സി വൈസ് പ്രസിഡന്റായതോടെയാണ് നിലവിൽഉപാധ്യക്ഷനായ യു. രാജീവൻ പ്രസിഡന്റാകുന്നത്. പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യത്തിൽ തീരുമാനം നീണ്ടതോടെ സിദ്ദീഖ് തന്നെ സ്ഥാനത്ത് തുടരുകയായിരുന്നു. എ. ഗ്രൂപ്പിലെ സീനിയർ എന്ന പരിഗണനയിലാണ് യു. രാജീവന് നറുക്ക് വീണത്. ഗ്രൂപ്പിൽ നിന്നും മറ്റ് പേരുകൾ ഉയർന്നെങ്കിലും ഉമ്മൻ ചാണ്ടിയുടെ താൽപര്യവും മാസ്റ്റർക്ക് അനുകൂലമായി.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവ്വാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് കെ പി സി സി നിർവ്വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ, പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ചെയർമാൻ, കൊയിലാണ്ടി സർവ്വീസ് കരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.
നിലവിൽ കൊയിലാണ്ടി നഗരസഭാ പ്രതിപക്ഷ നേതാവാണ്. മൂന്നുതവണ വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ജനറൽ കൺവീനറായി പ്രവർത്തിച്ച് യു ഡി എഫിന് തുടർച്ചയായി അട്ടിമറി വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇപ്പോൾ യു ഡി എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറൽ കൺവീനറാണ്.ഉണിത്രാട്ടിൽ പരേതനായ കുഞ്ഞിരാമൻ നായരുടെയും ലക്ഷമി അമ്മയുടെയും മകനാണ്.
ഭാര്യ: ഇന്ദിര (അദ്ധ്യാപിക , മക്കൾ: രജീന്ദ് (സോഫ്റ്റ് വെയർ എൻജിനിയർ), ഇന്ദുജ( ആയൂർവേദ ഡോക്ടർ).