ചെന്നൈ, ജനുവരി 23: ജനപ്രിയ സൂപ്പർഹീറോ ചിത്രകഥ 'പ്രിയയുടെ മുഖാവരണം' (Priya's Mask)മലയാളം, തമിഴ്, കന്നട, ഭാഷകളിൽ ഓൺലൈൻ പതിപ്പുകളായി ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ പുറത്തിറക്കി. സമൂഹ മാധ്യമങ്ങളിലെ നിറസാന്നിധ്യമായ ദക്ഷിണേന്ത്യൻ വ്യക്തിത്വങ്ങളുടെ പിന്തുണയോടെയാണിത് പുറത്തിറക്കിയത്. ഇന്ത്യയിലെ ആദ്യ വനിതാ കോമിക്‌സൂപ്പർഹീറോയായ പ്രിയ കേന്ദ്രകഥാപാത്രമാകുന്ന പരമ്പരയിലെ ഏറ്റവും പുതിയ ചിത്രകഥ ആണ് 'പ്രിയയുടെ മുഖാവരണം'. ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്ക് കരുത്തിന്റെ പ്രതീകവും മാറ്റത്തിന്റെ പ്രേരകശക്തിയും എന്ന നിലയിൽ, ലോകാരോഗ്യത്തെയും മാനവരുടെ ക്ഷേമത്തെയും വെല്ലുവിളിച്ച കോവിഡ് മഹാമാരിയെ ചുറ്റിപ്പറ്റിയുള്ള പേടിയോടും തെറ്റായ വിവരങ്ങളോടും പോരാടുകയാണ് പ്രിയ ഈ ചിത്രകഥയിൽ.

ന്യൂഡൽഹിയിലെ യു.എസ്. എംബസിയുടെ വടക്കേ ഇന്ത്യ ഓഫിസിന്റെ പിന്തുണയോടെ അമേരിക്ക ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനം റാറ്റപ്പലാക്സിന്റെ സ്ഥാപകനും ഡോക്യുമെന്ററി സംവിധായകനും സാങ്കേതികവിദഗ്ദ്ധനുമായ റാം ദേവിനേനി ആണ് 'പ്രിയയുടെ മുഖാവരണം' സംവിധാനം ചെയ്തിരിക്കുന്നത്. ശുഭ്ര പ്രകാശിന്റേതാണു കഥ. ഓഗ്മെന്റഡ് റിയാലിറ്റി രൂപത്തിലുള്ള ഈ പുസ്തകത്തോടൊപ്പം റൊസന്ന ആർക്കേറ്റ്, വിദ്യാ ബാലൻ, മൃണാൾ ഠാക്കൂർ, സൈറാ കബീർ എന്നിവരടക്കം ഇന്ത്യയിലെയും അമേരിക്കയിലെയും പ്രശസ്ത സ്ത്രീസമത്വവാദികളുടെ ശബ്ദത്തിൽ അണിയിച്ചൊരുക്കപ്പെട്ട അനിമേറ്റഡ് ഹ്രസ്വചിത്രവും (https://www.youtube.com/watch?v=yU4tznAFevg) പുറത്തിറങ്ങി.

 

ആഗോള ആരോഗ്യ വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഇന്ത്യക്കാരുടെയും അമേരിക്കക്കാരുടെയും പ്രാവീണ്യത്തിന്റെ മറ്റൊരുദാഹരണമാണ് ഈ കോമിക് പുസ്തകമെന്ന് ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ വക്താവ് കോറി ബിക്കൽ പറഞ്ഞു. റാം ദേവിനേനി അണിയിച്ചൊരുക്കിയ ഈ കോമിക് പുസ്തകം കുട്ടികൾ അനുഭവിക്കുന്ന ഒറ്റപ്പെടലും ഭയവും അഭിസംബോധന ചെയ്യുന്നതിനൊപ്പം കോവിഡ്-19നെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള പ്രിയയുടെ ദൗത്യത്തിന്റെ കഥയും പറയുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രകഥ മലയാളം, തമിഴ്, കന്നട ഭാഷകളിൽ ലഭ്യമാണെന്നും കോറി ബിക്കൽ പറഞ്ഞു.

രാജ്യാന്തര വിദ്യാഭ്യാസ ദിനമായ ജനുവരി 24ന് ദക്ഷിണേന്ത്യയിൽ സമൂഹ മാധ്യമങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന അപർണ്ണ മൾബറി (@invertedcoconut, മലയാളം), മൊഹമ്മദ് ഇർഫാൻ (@irfansview, തമിഴ്), ചന്ദൻ ഷെട്ടി (@chandanshettyofficial, കന്നട) എന്നിവർ കോമിക് സൂപ്പർഹീറോ പ്രിയയെക്കുറിച്ചും കോവിഡിനെതിരെ പോരാടുന്നതിനെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യും. ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറലിന്റെ ഇൻസ്റ്റഗ്രാം പേജ് (@usconsulatechennai) പിന്തുടർന്നും ഈ ചർച്ചകളിൽ നിങ്ങൾക്ക് പങ്കുചേരാവുന്നതാണ്.

'പ്രിയയുടെ മുഖാവരണം' ചിത്രകഥയുടെ മലയാളം, തമിഴ്, കന്നട ഉൾപ്പെടെയുള്ള വിവിധഭാഷാ പതിപ്പുകൾ https://www.priyashakti.com/priyas-mask എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. യു.എസ്. എംബസിയുടെ റീജിയണൽ ഇംഗ്ലീഷ് ലാംഗ്വേജ് ഓഫിസ് (RELO) തയ്യാറാക്കിയ സൗജന്യ ഇംഗ്ലീഷ് ഭാഷാ പാഠ്യപദ്ധതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി https://www.priyashakti.com/curriculum എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.