ത്തരകൊറിയക്കെതിരെ ഏതുരീതിയിൽ ആക്രമണം തുടങ്ങണണെന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഗണനയിലാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. എല്ലാ മാർഗങ്ങളും പരിശോധിച്ചുവരികയാണെന്നും, വലിയതോതിലുള്ള ദുരന്തം ഒഴിവാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ട്രംപിന്റെ ഉപദേഷ്ടാവായ ലെഫ്റ്റനന്റ് ജനറൽ എച്ച്.ആർ.മക്മാസ്റ്റർ പറഞ്ഞു. സഖ്യകക്ഷികളുമായും ചൈനയടക്കമുള്ള രാജ്യങ്ങളുമായും ഇക്കാര്യത്തിൽ ദ്രുതഗതിയിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്ക നിലപാട് കടുപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. കൊറിയൻ കടലിടുക്കിൽ ഇതിനകം തന്നെ സൈന്യത്തെ വിന്യസിച്ചുകഴിഞ്ഞ അമേരിക്ക, കഴിഞ്ഞ ദിവസം അവിടെ സൈനികാഭ്യാസവും നടത്തി. മറ്റു മാർഗങ്ങളില്ലെന്ന ട്രംപിന്റെ ട്വീറ്റ് യുദ്ധം ആസന്നമാണെന്ന സൂചനയാണ് നൽകുന്നതെന്നും വിലയിരുത്തപ്പെടുന്നു. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെന്തൊക്കെയാണെന്ന കാര്യം അയൽരാജ്യത്തെ ചൈന പറഞ്ഞുബോധ്യപ്പെടുത്തുമെന്ന പ്രതീക്ഷ ട്രംപും മക്മാസ്റ്ററും മുന്നോട്ടുവെച്ചു.

ശനിയാഴ്ച ദേശീയ ദിനത്തോടനുബന്ധിച്ച് ഉത്തര കൊറിയ വൻതോതിലുള്ള ആയുധശേഖരം പദർശിപ്പിച്ചിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടത് അവർക്ക് കടുത്ത തിരിച്ചടിയായി. പരേഡിൽ പ്രദർശിപ്പിച്ച ആയുധങ്ങൾ വ്യാജമാണെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ഈ സംഭവം. പരേഡിൽ പ്രദർശിപ്പിച്ച ബാലിസ്റ്റിക് മിസൈലുകൾ പലതും മിസൈൽ രൂപത്തിലുള്ള തടിപ്പെട്ടികൾ മാത്രമാണെന്ന ആരോപണവുമുണ്ട്.

ഭൂഖണ്ഡാന്തര മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചതെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. പരീക്ഷണം പരാജയപ്പെട്ടെങ്കിലും അമേരിക്കയെ പ്രകോപിപ്പിക്കാനാണ് അത് വിക്ഷേപിച്ചതെന്ന് യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അവകാശപ്പെട്ടു. സിൻപോ ഏരിയയിൽനിന്നാണ് മിസൈൽ വിക്ഷേപിച്ചത്. മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചതെന്ന് ദക്ഷിണ കൊറിയ അവകാശപ്പെട്ടു.

ആണവശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ നിർമ്മിക്കുകയെന്നതാണ് കിം ജോങ് ഉന്നിന്റെ ലക്ഷ്യം. അതിനുള്ള പരീക്ഷണങ്ങൾ ഉത്തര കൊറിയ തുടരുകയുമാണ്. എന്നാൽ, പുറംലോകത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ആയുധശേഖരം ഉത്തരകൊറിയക്കുണ്ടോ എന്ന കാര്യത്തിൽ സംശയം പുലർത്തുന്നവരാണ് പ്രമുഖ യുദ്ധ നിരീക്ഷകരെല്ലാം. പരാജയപ്പെട്ട പരീക്ഷണം ഉത്തര കൊറിയയുടെ ദൗർബല്യം പ്രകടമാക്കുന്നുണ്ടെന്നും അവർ വിലയിരുത്തുന്നു.