ദുബായ് : ആശ്വാസത്തിലാണ് യുഎഇയിലെ പ്രവാസി ഇന്ത്യാക്കാർ. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഈ മാസം 23 മുതൽ ദുബായിലേക്ക് പ്രവേശിക്കാനാകും എന്ന് യുഎഇ അറിയിച്ചതാണ് ഇതിന് കാരണം. സമാന രീതിയിൽ മറ്റ് രാജ്യങ്ങളും വിലക്ക് മാറ്റുമെന്നാണ് ഇന്ത്യാക്കാരുടെ പ്രതീക്ഷ.

യുഎഇ അംഗീകരിച്ച വാക്‌സീന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വീസക്കാർക്കാണ് ദുബായിലേക്ക് പ്രവേശിക്കാനാകുകയെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ഗവ. മീഡിയാ ഓഫീസ് അറിയിച്ചു. കൂടാതെ, യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്.

വാക്സിൻ സ്വീകരിക്കാത്തവർക്കും വിസിറ്റിങ് വിസക്കാർക്കും പ്രവേശന വിലക്ക് തുടരും. ഏപ്രിൽ 24 മുതൽ പ്രാബല്യത്തിലുള്ള, ഇന്ത്യക്കാർക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്കാണ് യു.എ.ഇ. അവസാനിപ്പിക്കുന്നത്. ഈ മാസം 23 മുതൽ യു.എ. ഇയുടെ താമസ വിസയുള്ള, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യു.എ.ഇയിലേക്ക് മടങ്ങാം. യാത്ര പുറപ്പെടുന്നവർ 48 മണിക്കൂറിനിടെ എടുത്ത പി. സി.ആർ. നെഗറ്റീവ് റിസർട്ട് ഹാജരാക്കണം.

ഫൈസർബയോടെക്, സ്ഫുട്‌നിക്, ഓക്‌സഫഡ്/അസ്ട്രസെനക, സിനോഫാം എന്നീ വാക്‌സീനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൊവാക്സീന് അംഗീകാരമില്ല. കോവാക്സിൻ കുത്തിവെച്ചവർക്ക് ഇപ്പോൾ യു.എ.ഇയിലേക്ക് പ്രവേശനം ഉണ്ടാകില്ല. വാക്സിൻ സ്വീകരിക്കാത്തവർക്കും വിസിറ്റിങ് വിസക്കാർക്കും എപ്പോൾ മുതൽ യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.

പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം. ഇതിനൊപ്പം ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. ഇതും നെഗറ്റീവായാൽ ദുബായിലേക്ക് ആർക്കും പ്രവേശിക്കാം. പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിയണം. 24 മണിക്കൂറിനകം ഫലം ലഭിക്കുന്നതാണ്.

കോവിഡിലും തളരാത്ത സമ്പദ് വ്യവസ്ഥയാണ് യുഎഇയുടേത്. ലോകത്തെ ഏറ്റവും മത്സരക്ഷമതയുള്ള സമ്പദ് വ്യവസ്ഥയായി യുഎഇ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ഇതിന് തെളിവാണ്. ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്‌നെസ് റാങ്കിങ് 2021 റിപ്പോർട്ടിലാണ് മധ്യപൂർവദേശത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായി യുഎഇ സ്ഥാനം നിലനിർത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യാക്കാർക്കുള്ള പ്രവേശന വിലക്കിൽ യുഎഇ ഇളവ് അനുവദിക്കുന്നത്. സമ്പദ് വ്യവസ്ഥയെ കൂടുതൽ ചലനാത്മകമാക്കാൻ കൂടി വേണ്ടിയാണ് ഇത്.

കോവിഡ് പശ്ചാത്തലത്തിൽ പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ താഴെപ്പോയപ്പോൾ യുഎഇക്ക് കഴിഞ്ഞ വർഷത്തെപ്പോലെ സ്ഥാനം നിലനിർത്താനായെന്ന് ഐഎംഡി ചീഫ് എക്കണോമിസ്റ്റ് ക്രിസ്റ്റോസ് കാബോളിസ് ചൂണ്ടിക്കാട്ടി. എണ്ണയിതര സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താൻ ദശാബ്ദങ്ങളായി യുഎഇ കൈക്കൊള്ളുന്ന നടപടികളുടെ ഫലം കൂടിയാണിത്. ഉറച്ച ഭരണവും വ്യവസായം വളർത്താൻ യോജ്യമായ നയങ്ങളും നടപടികളും യുഎഇക്ക് കരുത്തായി.

ജോലി മേഖലയിൽ യുഎഇയിൽ വൻ ഇടിവ് തുടർന്നപ്പോഴും സമ്പദ് രംഗം താഴെപ്പോയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമ്മാണ പ്രക്രിയകൾ ഏതാണ്ട് പൂർത്തിയാക്കിയതും തൊഴിൽ നഷ്ടം പ്രധാനമേഖ പ്രധാനമേഖലയിൽ അല്ലാതിരുന്നതും തുണയായി.