അബുദാബി: യുഎഇയിൽ പെരുന്നാൾ അവധിക്ക് ശേഷമുള്ള ദിവസങ്ങളിലും പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരമെന്ന് വിദഗ്ദ്ധർ. പെരുന്നാൾ അവധി ദിനങ്ങൾക്ക് ശേഷവും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെടുത്തുന്നതെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോരിറ്റി വക്താവ് ഡോ. താഹിർ അൽ അമീരി പറഞ്ഞു.

മുൻകാലങ്ങളിലെ അനുഭവം അനുസരിച്ച് നീണ്ട അവധി ദിനങ്ങൾക്ക് ശേഷം യുഎഇയിൽ പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്താറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് ശേഷവും അതിന് മുമ്പ് പുതുവർഷപ്പിറവി ആഘോഷ സമയത്തും കഴിഞ്ഞ വർഷത്തെ ബലി പെരുന്നാളിന് ശേഷവും രോഗബാധിതരുടെ എണ്ണം കൂടിയിരുന്നു. ചില സമയങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഇത്തവണ പെരുന്നാൾ അവധി ദിനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 1550ൽ താഴെയായിരുന്നു. കോവിഡ് മുൻകരുതലുകൾ പാലിക്കുന്നതിൽ സ്വദേശികളും പ്രവാസികളും പുലർത്തുന്ന ജാഗ്രതയാണ് ഇതിന് സഹായകമായതെന്ന് അധികൃതർ അറിയിച്ചു. ജനങ്ങളുടെ ഈ പ്രതിബദ്ധത, ഒരു സുരക്ഷിതമായ അവധിക്കാലം സമ്മാനിച്ചുവെന്ന് ഡോ. താഹിർ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ തങ്ങൾക്ക് സാധാരണ നിലയിലേക്ക് പതുക്കെ മടങ്ങിയെത്താനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.