ദുബൈ: പൊതുമര്യാദകൾ ലംഘിക്കുന്ന തരത്തിലുള്ള വാക്കുകൾക്കും പ്രവൃത്തികൾക്കും യുഎഇയിൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ട അറിയിപ്പിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തികളിലേർപ്പെടുന്നവർ അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ കൂടി അനുഭവിക്കേണ്ടി വരുമെന്നും അറിയിപ്പിൽ പറയുന്നു.

പൊതുസ്ഥലങ്ങളിൽ മര്യാദകൾക്ക് വിരുദ്ധമായ തരത്തിലുള്ള വിളികൾ, പാട്ടുകൾ, സംസാരം തുടങ്ങിയവയെല്ലാം നിയമപ്രകാരം യുഎഇയിൽ കുറ്റകരമാണ്. ഇത്തരം കാര്യങ്ങൾക്ക് പിടിക്കപ്പെട്ടാൽ ഒരു മാസത്തിൽ കവിയാത്ത കാലയളവിൽ ജയിൽ ശിക്ഷയും ഒരു ലക്ഷം ദിർഹം വരെ (20 ലക്ഷം ഇന്ത്യൻ രൂപ) പിഴയും ലഭിക്കും. യുഎഇയിലെ ഫെഡറൽ ശിക്ഷാ നിയമം 361 പ്രകാരം ഒരാളെ പൊതുസ്ഥലത്തുവെച്ച് അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന വ്യക്തിക്കും നിയമലംഘനത്തിന്റെ അതേ ശിക്ഷ തന്നെ ലഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.