ണ്ണയൊഴിച്ച് മറ്റെല്ലാം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. അറബ് രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് യു.എ.ഇക്ക് മാത്രമായി പ്രത്യേക കൃഷിയിടങ്ങളും ഭക്ഷ്യോത്പന്ന ഫാക്ടറികളും തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇവിടുത്തെ ആവശ്യത്തിനുള്ള എണ്ണയാകും ഇതിന് പകരമായി യു.എ.ഇ നൽകുക.

അടുത്തിടെ ഇന്ത്യ സന്ദർശിച്ച അബുദാബി കിരീടാവകാശി നടത്തിയ ചർച്ചകളിൽ സുപ്രധാനം ഭക്ഷ്യസുരക്ഷ്‌ക്കായി ഇന്ത്യയുടെ സഹായം തേടുകയെന്നതായിരുന്നു. 2015 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തിയപ്പോൾ തുടങ്ങിയ ചർച്ചയുടെ തുടർച്ചയാണ് അബുദാബി കിരീടാവകാശി ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായെയും നടത്തിയത്.

പൂർണമായും യു.എ.ഇക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഫാമുകളും സ്ഥാപനങ്ങളുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇവിടെയുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഫാമിൽനിന്ന് നേരെ തുറമുഖത്തേയ്ക്ക് കൊണ്ടുപോവുകയാണ് ചെയ്യുക. പ്രത്യേക സാമ്പത്തിക മേഖലപോലെ വേറിട്ട പ്രവർത്തനമായിരിക്കും ഇത്തരം ഫാമുകളിലും സ്ഥാപനങ്ങളിലുമുണ്ടാവുക.

യു.എ.ഇയുടെ ഭക്ഷ്യ നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടായിരിക്കും കൃഷി. തുറമുഖത്തേയ്ക്ക് നേരിട്ടെത്തിച്ച് കയറ്റുമതി ചെയ്യും. രണ്ട് സർക്കാരുകളും ഈ പദ്ധതി അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നിലവിലുള്ള ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ഈ പ്രത്യേക മേഖലയ്ക്ക് ബാധകമായിരിക്കില്ല. പൂർണമായും യു.എ.ഇ മാർക്കറ്റ് ലക്ഷ്യമിട്ടാണ് ഇവിടെ കൃഷിരീതികൾ അവലംബിക്കുക.

പദ്ധതി വിജയിക്കുകയാണെങ്കിൽ ഭക്ഷ്യ-വ്യവസായ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളിലെയും അധികൃതർ ഇക്കാര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി അടുത്തുതന്നെ കൂടിക്കാണുന്നുണ്ട്. രണ്ടുരാജ്യത്തെയും നിയമങ്ങൾ എങ്ങനെ പദ്ധതിക്ക് അനുസൃതമായി ലഘൂകരിക്കാമെന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യാനുള്ളത്.

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലുള്ള സ്വീകാര്യത ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യ രംഗത്തും ആരോഗ്യരംഗത്തും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിൽ പിയമേറെയാണ്. ജനസംഖ്യയിലെ ഇന്ത്യൻസാന്നിധ്യവും അതിനൊരു കാരണമാണ്. ഇന്ത്യയിലെ വലിയ ആശുപത്രികൾക്കൊക്കെ യു.എ.ഇയിലും ശാഖകളുണ്ട്. ആരോഗ്യരംഗത്തും വൻതോതിലുള്ള കയറ്റുമതി ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.