തിരുവനന്തപുരം: ആപത്തിൽ സഹായിക്കുന്നവരെ എങ്ങനെ മറക്കാൻ. അതുകൊണ്ട് തന്നെ കേരളത്തിനും മലയാളികൾക്കും ഒരിക്കലും മറക്കാനാവാത്ത പേരാണ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റേത്. 2018 ൽ പ്രളയം വന്ന് നമ്മെ മൂടിയപ്പോൾ, ആദ്യം സഹായഹസ്തം നീട്ടിയവരിൽ ഒരാളായിരുന്നു ഷെയ്ഖ് ഖലീഫ.

ഏറ്റവും വേഗത്തിൽ സഹായാഭ്യർത്ഥനയോട് പ്രതികരിച്ചതും യുഎഇ ആയിരുന്നു. സഹായ ക്രമീകരണങ്ങൾക്കായി ഷെയ്ഖ് ഖലീഫ ഒരു അടിയന്തര കമ്മിറ്റി ഉണ്ടാക്കി. ഇന്ത്യയും, യുഎഇയും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ പ്രതിഫലനം മാത്രമല്ല, യുഎഇയിൽ ജോലി ചെയ്യുന്ന അസംഖ്യം മലയാളികളോടുള്ള ആദരം പ്രകടിപ്പിക്കൽ കൂടിയായിരുന്നു അത്.

പ്രളയ ദുരിതത്തിലായ കേരളത്തിന്റെ പുനർനിർമ്മാണത്തിനു സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനവും യുഎഇ പ്രഖ്യാപിച്ചിരുന്നു. 700 കോടിയുടെ സഹായമാണ് നിശ്ചയിച്ചിരുന്നത്. ഷെയ്ഖ് ഖലീഫയ്ക്ക് വേണ്ടി അബുദാബി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യൻ രാജകുമാരനാണ് ഇക്കാര്യത്തിൽ മുൻകൈയെടുത്തത്. എന്നാൽ, വിദേശ സഹായം വാങ്ങില്ലെന്നാണു 2004 മുതലുള്ള നയമെന്നു കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചതോടെ, 700 കോടിയുടെ സഹായം വാങ്ങാനായില്ല. എന്നിരുന്നാലും, യുഎഇയുടെ സഹായ മനസ്ഥിതി ആ സമയത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു,

നേരത്തെ തന്നെ കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് യുഎഇ ഭരണകൂടം അഭ്യർത്ഥിച്ചിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

കേരളത്തിലെ ദുരിതബാധിതർക്ക് സഹായം എത്തിക്കാൻ യുഎഇ പ്രത്യേക സമിതിക്കും രൂപം നൽകിയിരുന്നു. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിന് 4കോടി രൂപ നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രളയ ദുരിതത്തിൽ ദുഃഖം പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സന്ദേശം അയയ്ക്കുകയും ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഡെപ്യൂട്ടി സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവരും കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന സന്ദേശം രാഷ്ട്രപതിക്ക് അയച്ചിരുന്നു.

കോവിഡ് കാലത്തും ചേർത്ത് നിർത്തി

2020 ൽ കോവിഡ് കാലത്ത് അബുദാബി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യൻ രാജകുാരൻ യുഎഇയിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് മലയാളിയായ ആരോഗ്യപ്രവർത്തകൻ അരുണുമായി സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. മീനടം സ്വദേശിയായ അരുൺ ഈപ്പനും ആയിട്ടായിരുന്നു വീഡിയോ കോൺഫറൻസിലൂടെ ഉള്ള സംഭാഷണം. ഷെയ്ഖ് തയ്യബ് ബിൻ മുഹമ്മദ് അൽ നഹ്യൻ, ഷെയ്ഖ് സലാമ ബിന്റ് മുഹമ്മദ് ബിൻ ഹമദ് അൽ നഹ്യൻ എന്നിവരും അന്നുണ്ടായിരുന്നു.

അരുണിനെ പേരെടുത്ത് വിളിച്ചാണ് ഷെയ്ഖ് മുഹമ്മദ് കോൺഫറൻസ് തുടങ്ങിയത്. ജോലിയെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ അദ്ദേഹം ചോദിച്ചു. ദൈവാനുഗ്രഹത്താൽ ജോലി നന്നായി ചെയ്യാൻ കഴിയുന്നുണ്ടെന്നും, കുടുംബവുമായി ദിവസവും സംസാരിച്ച് അവരുടെ കോവിഡ് കാലത്തെ ഉത്കണ്ഠ അകറ്റുണ്ടെന്നും അരുൺ പറഞ്ഞു. യുഎഇയിൽ ജോലി ചെയ്ത അനുഭവം വിവരിക്കാനാണ് ഷെയ്ഖ് മുഹമ്മദ് പിന്നീട് ആവശ്യപ്പെട്ടത്. യുഎഇ തന്റെ രണ്ടാം വീടെന്നാണ് അരുൺ വിശേഷിപ്പിച്ചത്. തീർച്ചയായും തന്റെ രണ്ടാമത്തെ വീട്ടിലാണ് അരുൺ കഴിയുന്നതെന്നും എല്ലാ വിധ ആശംസകളും നേരുന്നുവെന്നും പറഞ്ഞാണ് ഷെയ്ഖ് മുഹമ്മദ് സംസാരം അവസാനിപ്പിച്ചത്.