മലപ്പുറം: ദുബൈയുടെ ലോക അഭിമാന മേളയായ എക്സ്പോ 2020യുടെ അരങ്ങുകൾ ഉണരാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, എക്സ്പോയിൽ വൻ പ്രവാസി സാന്നിധ്യം ഒരുക്കി യു.എ.ഇ നാഷണൽ കെ.എം.സി.സി.യും. ഇതു സംബന്ധിച്ച് എക്സ്പോ അധികൃതരുമായും, ഇന്ത്യൻ കോൺസുലറ്റുമായുള്ള ചർച്ചകൾ പൂർത്തിയായതായി യു.എ.ഇ. കെ.എം.സി.സി. പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു.

ഇത് പ്രകാരം നവംബർ 5ന് രാത്രി എട്ടു മണി മുതൽ പത്തുമണിവരെ ഇന്ത്യൻ പവലിയനിലെ ആംഫി തിയേറ്ററിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ തനത് ആയോധന കലകൾ ആയ വാൾപയറ്റ്, ഉറുമി, ചുരിക തുടങ്ങിയവയുടെ കലാപ്രകടനവും അവതരിപ്പിക്കും. ഡിസംബർ 3ന് വൈകുന്നേരം ആറു മണി മുതൽ രാത്രി ഒമ്പതുമണിവരെ കേരളീയം ' എന്ന പേരിൽ കേരളത്തിന്റെ ജനപ്രിയ നാട്യ കലാരൂപങ്ങൾ ആയ മോഹിനിയാട്ടം, കഥകളി, കോൽക്കളി, മാർഗംകളി, തിരുവാതിര, അറവന, ഒപ്പന തുടങ്ങിയവ ഇൻഡോർ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

മാർച്ച് 11ന്, രാത്രി ഏഴു മുതൽ പത്തുവരെ എക്‌സ്‌പോയിലെ ഏറ്റവും വലിയ വേദിയായ ദുബൈ മില്ലേനിയം ആംഫി തിയേറ്ററിൽ ഇൻഡോ-അറബ് സംസ്‌ക്കാരങ്ങളുടെ സമന്വയ പ്രതീകമായി ' സലാം ദുബായ്' എന്ന പേരിൽ കലാപരിപാടികൾ അവതരിപ്പിക്കപ്പെടും. ദുബൈ സർക്കാരിന്റെ കോവിഡ് കാല ആരോഗ്യ പ്രവർത്തങ്ങൾക്കുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഒരു നന്ദിരേഖപ്പെടുത്തലായി ഇത് മാറും. ഇന്ത്യയിലെയും, യു.എ.ഇയിലേയും പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന ചടങ്ങുകളായിരിക്കും ഇവ.

യു.എ.ഇയിൽ ഏറ്റവുമധികം അംഗങ്ങളുള്ള സാമൂഹിക പ്രസ്ഥാനം എന്ന നിലയിൽ കെ.എം.സി.സിക്കു ലഭിച്ച ഈ അവസരം യു.എ.ഇ യിലെ ഇന്ത്യൻ പ്രവാസികൾക്ക് കൂടിയുള്ള അംഗീകാരമാണെന്്‌ന ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ പവലിയനുകൾ ഒരുക്കുന്ന വിസ്മയലോകങ്ങൾക്കു പുറമേയാണ് കേരളത്തിന്റെ കലയും സംസ്‌കൃതിയും പ്രദർശിപ്പിക്കുന്ന പ്രകടനങ്ങൾ കെ.എം.സി.സി. ഒരുക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ എക്സ്പോ 2020 ദുബായിക്ക് പുത്തനുണർവേകുമെന്നും കെ.എം.സി.സിക്കും ഈ നവലോക സൃഷ്ടിമേളയിൽ ഇന്ത്യക്കാരായ 200ൽ പരം കല -കായിക പ്രതിഭകളെ അണിനിരത്തി വൻ മുന്നേറ്റത്തിന്റെ ഭാഗമാവാൻ അവസരം നൽകിയതിൽ നന്ദി ഉണ്ടെന്നും യു.എ.ഇ, കെ.എം.സി.സി ജനറൽ സെക്രട്ടറി പി. കെ. അൻവർ നഹ പറഞ്ഞു.

മുഖ്യരക്ഷാധികാരി ശംസുദ്ധീൻ ബിൻ മുഹ്യുദ്ദീൻ, പ്രസിഡണ്ട് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, ട്രഷറർ നിസാർ തളങ്കര, വർക്കിങ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി എന്നിവരുടെ നേതൃത്വത്തിൽ ഇതിനായി വൻ സന്നാഹങ്ങളാണ് അണിയറയിൽ ഒരുക്കുന്നതെന്നും ഭാരവവാഹികൾ പറഞ്ഞു.