അബുദാബി: അറബ് ലോകത്തെ ആദ്യ ചന്ദ്ര പര്യവേക്ഷണത്തിന് തയ്യാറെടുത്ത് യുഎഇ. ദൗത്യത്തിന്റെ ഭാഗമാകുന്ന റാഷിദ് ചന്ദ്രയാത്ര പേടകത്തിന്റെ പരീക്ഷണം നടത്തി. മരുഭൂമിയിൽ വച്ചാണ് പരീക്ഷണം നടത്തിയത്. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം എന്ന ലക്ഷ്യത്തോടെയാണ് യുഎഇ റാഷിദ് പേടകത്തെ ചന്ദ്രനിലേക്ക് അയക്കുന്നത്.മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലാണ് ചന്ദ്രോപരിതല പഠനങ്ങൾക്കായി വിക്ഷേപിക്കുന്ന ഈ ചെറു പേടകം പൂർണ്ണമായും നിർമ്മിച്ചിട്ടുള്ളത്. ശൈഖ് റഷീദ് ബിൻ സയീദ് അൽ മക്തൂമിന്റെ സ്മരണയ്ക്കായാണ് ഈ ചന്ദ്രയാത്ര പേടകത്തിന് റഷീദ് എന്ന് പേരിട്ടിരിക്കുന്നത്. 2024-ലാണ് പദ്ധതി വിക്ഷേപിക്കുക.

എമിറേറ്റ്‌സ് ലൂണാർ മിഷൻ യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ നിന്നുള്ള ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യമാണ് റോവർ ചന്ദ്രമധ്യരേഖയ്ക്ക് സമീപമുള്ള 'സ്വപ്നങ്ങളുടെ തടാകം' എന്ന ലാക്കസ് സോംനിയോറത്തിലാണ് ഇറങ്ങുക.വാഹനത്തിന്റെ സഞ്ചാരം, ആശയവിനിമയം എന്നിവയിലാണ് പരീക്ഷണം നടത്തിയതെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ അറിയിച്ചു. രാത്രിയും പകലും സഞ്ചരിച്ച് ചന്ദ്രനിലെ വിവരങ്ങൾ ശേഖരിക്കുന്ന ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ പര്യവേഷണ വാഹനമാണ് യു.എ.ഇ നിർമ്മിച്ച റാഷിദ് റോവർ.

രണ്ട് ഉയർന്ന റെസല്യൂഷൻ ക്യാമറകൾ, ചെറിയ വിശദാംശങ്ങൾ പകർത്താൻ ഒരു മൈക്രോസ്‌കോപ്പിക് ക്യാമറ, ഒരു തെർമൽ ഇമേജിങ് ക്യാമറ എന്നിവ റാഷിദിൽ സജ്ജീകരിക്കും. ചന്ദ്രന്റെ പ്ലാസ്മയെ കുറിച്ച് പഠിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ലാങ്മുയർ പേടകവും റോവർ വഹിക്കും, ചന്ദ്രന്റെ പൊടി ഇത്ര ഒട്ടിപ്പിടിക്കുന്നത് എന്തുകൊണ്ടാണെന്ന് കണ്ടത്താൻ ശ്രമിക്കും. ചന്ദ്രോപരിതലം, ചന്ദ്രോപരിതലത്തിലെ ചലനാത്മകത, വ്യത്യസ്ത പ്രതലങ്ങൾ ചന്ദ്രകണങ്ങളുമായി എങ്ങനെ ഇടപെടുന്നു എന്നിവയെക്കുറിച്ച് റോവർ പഠിക്കും. വിജയിക്കുകയാണെങ്കിൽ, റാഷിദ് ചന്ദ്രനിൽ ഇറങ്ങുന്ന ഏറ്റവും ചെറിയ റോവർ ആയിരിക്കും, അതിന്റെ പേലോഡിനൊപ്പം ഏകദേശം 10 കിലോഗ്രാം ഭാരമുണ്ട്.