യു.എ.ഇയിൽ ചെറിയ കുറ്റങ്ങൾക്ക് തടവ് ശിക്ഷ ഒഴിവാക്കിക്കൊണ്ട് പുതിയ നിയമം വരുന്നു. സമൂഹസേവന പ്രവർത്തനങ്ങളിലേർപ്പെട്ടാൽ ജയിൽ ശിക്ഷ ഒഴിവാക്കി നൽകുന്നതാണ് ഈ നിയമം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞമാസം ശിക്ഷകളെക്കുറിച്ചുള്ള പുതിയ നിയമത്തിന് അംഗീകാരം നൽകി. തെരുവോ സ്‌കൂളുകളോ വൃത്തിയാക്കുക, സമാനമായ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുക ഉൾപ്പെടെയുള്ള കാര്യങ്ങളാകും തടവു ശിക്ഷ ഒഴിവാക്കി നൽകാനുള്ള മാനദണ്ഡങ്ങൾ. അടുത്ത മാസം മുതൽ നിയമം നിലവിൽ വരും.

കുറ്റം ചെയ്തവരുടെ നിർബന്ധിത സമൂഹസേവനം പബ്ലിക് പ്രോസിക്യൂട്ടർമാർ നിരീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യും. സേവനം തൃപ്തികരമല്ലെങ്കിൽ തടവ് ശിക്ഷയ്ക്ക് തന്നെ വിധിക്കുകയും ചെയ്യും.

2009ൽ സമാനമായ രീതിയിൽ 20 മുതൽ 240 മണിക്കൂർ വരെയുള്ള സാമൂഹ്യസേവനത്തിലൂടെ 20 ഓളം കുറ്റങ്ങൾക്ക് ഈ രീതി നടപ്പിലാക്കാൻ ക്യാബിനറ്റ് തീരുമാനിച്ചിരുന്നു. അതാണ് ഇപ്പോൾ വിപുലീകരിച്ചിരിക്കുന്നത്. ആറ് മാസം തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ പുതിയ നിയമത്തിലൂടെ മൂന്ന് മാസത്തെ സാമൂഹ്യസേവനത്തിലൂടെയാണ് ഒഴിവാക്കാനാകുക.

ശത്രുസൈന്യമായോ ഏജൻസികളുമായോ ചേർന്ന് രാജ്യത്തിനെതിരെ പ്രവർത്തിച്ചാൽ വധശിക്ഷയാണ് പുതിയ നിയമത്തിൽ നിർദ്ദേശിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ദേശീയോദ്‌ഗ്രഥനത്തിനെതിരെ പ്രവർത്തിക്കുന്നവർക്കും ക്യാപിറ്റൽ പണിഷ്മെന്റാകും ശിക്ഷ. ഏതെങ്കിലും ഒരു വിദേശരാജ്യത്തിനെതിരെ പ്രവർത്തിക്കുകയും, ആ രാജ്യവും യുഎഇയുമായുള്ള നയതന്ത്രബന്ധത്തെ അപകടപ്പെടുത്തുകയും ചെയ്താൽ ജീവപര്യന്തം ശിക്ഷയാകും ലഭിക്കുക. രാജ്യത്തെ ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കൊപ്പമോ സംഘടനയിലോ പ്രക്ഷോഭത്തിലോ ചേർന്നാൽ, വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷയായി ലഭിക്കും.

യുഎഇ പ്രസിഡന്റിനെ അപമാനിച്ചാൽ 15 മുതൽ 25 വർഷം വരെ തടവ് ശിക്ഷയാകും ലഭിക്കുന്നത്.അട്ടിമറിക്കാൻ ശ്രമിക്കുന്ന സംഘടനകളെ വാക്കുകൊണ്ടോ എഴുത്തുകൊണ്ടോ പിന്തുണച്ചാൽ 15 മുതൽ 25 വരെ വർഷം തടവ് ശിക്ഷ ലഭിക്കും. മതവിരുദ്ധമായി സംസാരിക്കുകയോ എഴുതുകയോ ചെയ്താൽ ചുരുങ്ങിയത് 10 വർഷത്തെ തടവ് ശിക്ഷ ലഭിക്കും.

രാജ്യത്തെയോ, ദേശീയപതാകയെയോ, ദേശീയ പ്രതീകങ്ങളെയോ നേതാക്കളെയോ സ്ഥാനങ്ങളെയോ അപമാനിച്ചാൽ 10 മുതൽ 25 വർഷം വരെ തടവും അഞ്ചുലക്ഷം ദിർഹത്തിൽ കുറയാത്ത ഫൈൻ ശിക്ഷയും ലഭിക്കും. പൊതു താൽപര്യത്തിനെതിരായും ജനങ്ങളെ ഭീതിപ്പെടുത്താനുമായും തെറ്റായ വാർത്ത പ്രസിദ്ധീകരിക്കുക, അഭ്യൂഹങ്ങൾ പരത്തുക തുടങ്ങിയ കുറ്റത്തിന് ഒരു വർഷമാണ് തടവ്.

ചൂതാട്ടത്തിന് പുതിയ നിയമമനുസരിച്ച് രണ്ട് വർഷം തടവോ 50000 ദിർഹം പിഴയുമാണ് പുതിയ ശിക്ഷ. ചൂതാട്ടം പൊതുസ്ഥലത്തോ, ചൂതാട്ട കേന്ദ്രത്തിലോ ആണെങ്കിൽ ശിക്ഷ മൂന്ന് വർഷം തടവും 50000 ദിർഹം പിഴയുമായും വർധിക്കും. അശ്ളീലസിനിമകൾ നിർമ്മിക്കുക, ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, കൈവശം വെക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് മൂന്ന് വർഷം വരെ തടവും അയ്യായിരം ദിർഹം പിഴയോ, രണ്ടും ചേർന്നോ ലഭിക്കും. വ്യഭിചാരത്തിനായി വേശ്യാലയം നടത്തുന്നവർക്ക് അതാത് കോടതി നിശ്ചയിക്കുന്ന ജയിൽ വാസവും ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത ഫൈനുമാണ് ശിക്ഷ.

ഒരു വ്യക്തിയെ മോശം ഭാഷയിൽ അപമാനിക്കാൻ ശ്രമിച്ചാൽ ഒരു വർഷം വരെ തടവ് ശിക്ഷയോ 10000 ദിർഹം വരെ പിഴശിക്ഷയോ ലഭിക്കും. ഇത്തരത്തിൽ അപമാനിക്കുന്നത് സർക്കാർ ജീവനക്കാരനെയാണെങ്കിൽ തെങ്കിൽ ഇത് രണ്ട് വർഷം തടവും 20000 ദിർഹം ഫൈനായും ഉയരും.

ഹോട്ടൽ ബില്ല് അടയ്ക്കാതിരിക്കുക, റെന്റൽ കാറിന് പണം കൊടുക്കാതിരിക്കുക, റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിച്ചിട്ട് പണം നൽകാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ആറ് മാസം വരെ തടവോ, 5000 ദിർഹം വരെ പിഴയോ, രണ്ടും ചേർന്നോ ശിക്ഷ ലഭിക്കും. വീട്ടിലെ വളർത്തുമൃഗങ്ങളെ പീഡിപ്പിക്കുക, നേരായ പരിചരണം നൽകാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 5000 ദിർഹം വരെയുള്ള ശിക്ഷ ലഭിക്കും. അനുവാദമില്ലാത്ത സ്ഥലത്ത് അതിക്രമിച്ച് കടക്കുന്ന കുറ്റത്തിന് ഒരു വർഷം തടവോ 5000 ദിർഹം പിഴയോ ശിക്ഷ ലഭിക്കും