- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൾട്ടിപ്പിൾ എൻട്രി വീസയും റിമോട്ട് വർക്ക് വീസയും അനുവദിക്കുന്നത് പ്രഫഷനലുകളെയും നിക്ഷേപകരെയും ആകർഷിക്കാൻ; സ്പോൺസർ ഇല്ലാതെ എത്ര തവണ വേണമെങ്കിലും വന്നുപോകാം; പഠിക്കുന്ന കുട്ടികളെ കാണാൻ മാതാപിതാക്കൾക്ക് ഇനി നൂലാമാലകൾ ഇല്ല; യുഎഇയൂടെ വീസാ നിയമങ്ങൾ ഇന്ത്യാക്കാർക്കും അവസരങ്ങൾ തുറക്കും
ദുബായ്: എല്ലാ രാജ്യക്കാർക്കും സ്പോൺസർ ഇല്ലാതെ എത്ര തവണ വേണമെങ്കിലും യുഎഇയിൽ വന്നുപോകാൻ സഹായിക്കുന്ന മൾട്ടിപ്പിൾ എൻട്രി വീസ തൊഴിൽ അവസരങ്ങൾ കൂട്ടുമെന്ന് വിലയിരുത്തൽ. കോവിഡിലെ തളർച്ച മറികടക്കാനും കുതിച്ചുയരാനും വേണ്ടിയുള്ള പദ്ധതികളാണ് യുഎഇ പുതുതായി പ്രഖ്യാപിക്കുന്നത്. ഇത് മലയാളികൾ അടക്കമുള്ളവർക്ക് പുതിയ പ്രതീക്ഷയായി മാറും.
5 വർഷ മൾട്ടിപ്പിൾ എൻട്രി വീസയും ലോകത്തെവിടെയുമുള്ള ഓൺലൈൻ ജോലിക്കായി താമസ സൗകര്യമൊരുക്കുന്ന റിമോട്ട് വർക്ക് വീസയും യുഎഇയിലേക്കു കൂടുതൽ പ്രഫഷനലുകളെയും നിക്ഷേപകരെയും ആകർഷിക്കും. യുഎഇയിലെ പശ്ചാത്തല സൗകര്യ മികവ് മറ്റ് രാജ്യക്കാർക്ക് ഉപയോഗിക്കാൻ അവസരം നൽകുന്നതാണ് പുതിയ തീരുമാനങ്ങൾ. കോവിഡ് പ്രതിസന്ധിയിൽ ഓഫിസ് അടച്ചുപൂട്ടേണ്ടിവന്ന കമ്പനികൾക്കും റിമോട്ട് വർക്ക് വീസയിലൂടെ ബിസിനസ് തുടരാം.
കമ്പനി യുഎഇയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു വർഷ കാലാവധിയിലാണ് റിമോട്ട് വർക്ക് വീസ നൽകുക. ഇതോടെ, വൻ തുക മുടക്കി ഓഫിസ് തുടങ്ങാതെ തന്നെ വൈദഗ്ധ്യമുള്ള ജീവനക്കാരെ യുഎഇയിൽ നിലനിർത്തി കമ്പനികൾക്കു പ്രവർത്തിക്കാനാകും. ജോലിക്കാർക്ക് സ്വന്തം സ്പോൺസർഷിപ്പിലും യുഎഇയിൽ നിൽക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ജോലി സൗകര്യം കണക്കിലെടുത്ത് ഒരുമിച്ച് തങ്ങാനുമാകും.
എല്ലാ രാജ്യക്കാർക്കും സ്പോൺസർ ഇല്ലാതെ എത്ര തവണ വേണമെങ്കിലും യുഎഇയിൽ വന്നുപോകാൻ സഹായിക്കുന്നതാണ് മൾട്ടിപ്പിൾ എൻട്രി വീസ. ഒരോ പ്രാവശ്യവും 90 ദിവസം വരെ തങ്ങാം. വീണ്ടും 90 ദിവസത്തേക്കു പുതുക്കാനുമാകും. മുൻപ് കാലാവധി പൂർത്തിയാക്കാതെ പോകുന്നവർക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയില്ലായിരുന്നു. ഇതിനാണ് പുതിയ തീരുമാനത്തിലൂടെ പരിഹാരം ഉണ്ടാകുന്നത്.
യുഎഇയിൽ പഠിക്കുന്ന മക്കളെ കൂടെക്കൂടെ വന്നു കാണാനും മറ്റും പുതിയ നിയമം സഹായിക്കും. പലതവണ വീസ എടുക്കുന്നതിന് മുടക്കേണ്ടിയിരുന്ന സാമ്പത്തിക ബാധ്യതയും ഇല്ലാതെയാകും. ലോക ഷോപ്പിങ് മാമാങ്കമായ എക്സ്പോ 2020 ലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും ഇതിലൂടെ കഴിയുമെന്നാണ് യുഎഇയുടെ വിലയിരുത്തൽ.
ലക്ഷ്യം ആഗോള സാമ്പത്തിക തലസ്ഥാനമാക്കൽ
കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തീരുമാനമെടുത്തത്. എല്ലാ രാജ്യക്കാർക്കും ഈ വിസ ലഭിക്കുമെന്ന് ക്യാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തിരുന്നു.
നിരവധി തവണ രാജ്യം വിട്ടുപോയി മടങ്ങിവരാവുന്ന തരത്തിൽ അഞ്ച് വർഷം കാലാവധിയുള്ള വിസകൾ അനുവദിക്കുന്നത് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരുന്ന പ്രവാസികൾക്കും അനുഗ്രഹമാണ്. പുതിയ വിസയ്ക്ക് പ്രത്യേക സ്പോൺസറോ ഗ്യാരന്ററോ ആവശ്യമില്ലെന്നതാണ് ഇതിന് കാരണംയ ആഗോള സാമ്പത്തിക തലസ്ഥാനമായ, യുഎഇ തങ്ങളുടെ എല്ലാ തീരുമാനങ്ങളും ആ കാഴ്ചപ്പാടിലാണ് രൂപപ്പെടുത്തുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.
യു.എ.ഇ.യെ സുപ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കുകയും പുതിയ തീരുമാനങ്ങളിലെ ലക്ഷ്യമാണ്. വീട്ടിലിരുന്ന് വിദൂരമായി ജോലിചെയ്യുന്നവർക്ക് അതേ ജോലി യു.എ.ഇ.യിൽ താമസിച്ച് ചെയ്യാൻ പ്രത്യേക വെർച്വൽ വിസയിലൂടെ സാധിക്കും. യു. എ.ഇ.യിലുള്ള കമ്പനി ആകണമെന്ന് നിർബന്ധമില്ല. ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും പ്രത്യേക വെർച്വൽ വിസയ്ക്കായി അപേക്ഷിക്കാം. ലോകത്തെ ഏതു രാജ്യത്തെ കമ്പനികളുടെ ജീവനക്കാരായാലും യുഎഇയിലിരുന്ന് ജോലി ചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ റിമോർട്ട് വർക്ക് വീസ. ഈ കമ്പനിയുടെ സാന്നിധ്യം യുഎഇയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും വീസ ലഭിക്കും. യുഎഇ ആദ്യമായാണ് ഇത്തരമൊരു വീസ നൽകുന്നത്.
നിലവിൽ വിസിറ്റ്, ടൂറിസ്റ്റ് വീസകളിൽ യുഎഇയിലെത്തി കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ തിരിച്ചുവരാനാകില്ല. 3, 6, 12 മാസ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്കു കാലാവധിക്കുള്ളിൽ പല തവണ യുഎഇയിലെത്തി മടങ്ങാം. എന്നാൽ ഒരിക്കൽ നൽകിയ വീസ ദീർഘിപ്പിക്കാനോ റദ്ദാക്കാനോ സാധിക്കില്ല. വൻകിട കമ്പനികൾക്കാണ് മൾട്ടിപ്പിൾ ഈ വീസ എടുക്കാൻ അനുമതി. 3 മാസത്തേക്കു 1500, 6 മാസത്തേക്കു 3300 ദിർഹമാണ് നിരക്ക്. 1020 ദിർഹം ഗാരന്റി തുക കെട്ടിവയ്ക്കണം. ഈ തുക വ്യക്തി രാജ്യം വിട്ടാൽ തിരിച്ചു ലഭിക്കും.
റിമോട്ട് വർക്ക് വിസയുമായിബന്ധപ്പെട്ട് അതിന്റെ ആദ്യ ഘട്ട നടപടി കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഒരു വർഷത്തേക്ക് റിമോട്ട് വർക്കിങ് വിസയ്ക്ക് അപേക്ഷിക്കാനുള്ള നടപടികളുടെ പ്രഖ്യാപനമാണ് നടന്നത്. ഈ വിസ എടുക്കുന്നതിന് 1054 ദിർഹത്തോടൊപ്പം പ്രൊസസിങ് ഫീസും മെഡിക്കൽ ഇൻഷുറൻസും ആവശ്യമാണ്. കുറഞ്ഞത് 5000 യു എസ് ഡോളർ വേതനമുള്ള ഉദ്യോഗസ്ഥരെയാവും ഈ വിസയ്ക്കായി പരിഗണിക്കുക. അവസാന മാസത്തെ പേ സ്ലിപ്പും മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും അതിന് തെളിവായി നൽകാം.
മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും ദീർഘകാല ടൂറിസ്റ്റ് വിസകളാണ് ലഭിക്കുക. എപ്പോൾ മുതൽ പുതിയ വിസകൾ പ്രാബല്യത്തിൽ വരും എന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ