കുട്ടികളെ കാണാൻ സ്‌കൂളിലെത്തുന്ന രക്ഷിതാക്കളെല്ലാം യുഎഇയിലെ ഡ്രസ്‌കോഡ് പിന്തുടരണമെന്ന് ദുബായിലെ സ്‌കൂളിന്റെ നോട്ടീസ്

സ്‌കൂളിലെത്തുന്ന അമ്മമാർക്കും ഡ്രസ്‌കോഡ്;

ദുബായ്‌: ദുബായിലെ ഡ്രസ് കോഡിനെച്ചൊല്ലിയുള്ള വിവാദങ്ങൾ എങ്ങുമെത്താതെ കൊഴുക്കുകയാണ്. ഈ അവസരത്തിൽ  എരിതീയിൽ എണ്ണയൊഴിക്കാനെന്ന വണ്ണം  ഇവിടുത്തെ ഒരു സ്‌കൂൾ ഇതു സംബന്ധിച്ചിറക്കിയ നോട്ടീസ് വിവാദമാകുന്നു. സ്‌കൂളിൽ കുട്ടികളെ കാണാനെത്തുന്ന രക്ഷിതാക്കളും സന്ദർശകരും യുഎഇയിലെ ഡ്രസ്‌കോഡ് പിന്തുടരണമെന്നാണ് സ്‌കൂൾ നോട്ടീസ് ഇറക്കിയിരിക്കുന്നത്.

കെജി 1 മുതൽ ഗ്രേഡ് 12 വരെ ക്ലാസുകളുള്ളതും ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നതുമായ അറ്റ് റാഫിൾസ് വേൾഡ് അക്കാദമിയാണ് ഇതും സംബന്ധിച്ച പോസ്റ്റർ നോട്ടീസ് ബോർഡിലിട്ടിരിക്കുന്നത്. സ്‌കൂൾ പരിസരത്ത് വിദ്യാർത്ഥികളെ സന്ദർശിക്കാനെത്തുന്നവരെല്ലാം ഈ പരമ്പരാഗത ഡ്രസ്‌കോഡ് നിർബന്ധമായും പിന്തുടരണമെന്നാണ് നോട്ടീസ് നിർദേശിക്കുന്നത്. ചുമൽ, വയർ, കാൽമുട്ടുകൾ തുടങ്ങിയവ മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നാണ് നിർദ്ദേശം. ഡ്രസ്‌കോഡ് നടപ്പാക്കുന്നതിന് ദുബായിൽ ഇതിന് മുമ്പ് നടന്ന ശ്രമങ്ങളോട് സമാനത പുലർത്തുന്നതാണ് സ്‌കൂളിന്റെ ഈ പോസ്റ്ററുമെന്ന് കാണാം.

മിക്ക സ്ത്രീകളും തങ്ങളുടെ ജോലി സ്ഥലത്ത് നിന്നായിരിക്കും സ്‌കൂളിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നത്. അത്തരത്തിലുള്ള അമ്മമാരെ സംബന്ധിച്ചിടത്തോളം പുതിയ നിർദ്ദേശം ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നുറപ്പാണ്. അതുപോലെത്തന്നെ ദുബായിലെ ചൂടുള്ള കാലാവസ്ഥയിൽ കഴിയുന്നിടത്തോളം മൂടിക്കെട്ടിയ വസ്ത്രങ്ങൾ ഒഴിവാക്കാനാണ് സ്ത്രീകളടക്കമുള്ളവർ ആഗ്രഹിക്കുന്നത്. അതിനാൽ സ്‌കൂളിന്റെ നിർദ്ദേശം തികച്ചും അപ്രായോഗികമാണെന്ന് പറഞ്ഞ് ഇതിനെതിരെയുള്ള പ്രതിഷേധവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്.

ഡ്രസ് കോഡ് നിർദേശിക്കുന്ന ആദ്യ സ്‌കൂളൊന്നുമല്ല റാഫിൾ. എന്നാൽ ഈ സ്‌കൂളും ഇത് സംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയതോടെ ഇത് സംബന്ധിച്ച ചർച്ച മറ്റൊരു തലത്തിലേക്ക് ഉയർന്നിരിക്കുന്നു. മാളുകൾ, ഗവൺമെന്റ് ബിൽഡിംഗുകൾ, പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ നെറ്റ് വർക്കുകൾ എന്നിവിടങ്ങളിൽ ഡ്രസ്‌കോഡ് സംബന്ധിച്ച നോട്ടീസുകൾ ഇപ്പോൾ തന്നെ കാണുന്നുണ്ട്. അത് പിന്തുരണമോ വേണ്ടയോ എന്ന ചൂടുള്ള ചർച്ചകൾ നടക്കുന്നുമുണ്ട്. ദുബായി സൂ കാണാനെത്തുന്നവർ പരമ്പരാഗത വസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ചർച്ചകളുണ്ടായിരുന്നു.

സർക്കാർ ബിൽഡിംഗുകളിൽ പ്രവേശിക്കുമ്പോൾ താൻ നീണ്ട  പാന്റ്‌സുകൾ ധരിക്കാറുണ്ടെന്നും എന്നാൽ താൻ വർഷം തോറും വൻതുക ഫീസായി നൽകുന്ന സ്‌കൂളിലേക്ക് പ്രവേശിക്കുമ്പോൾ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് കടക്കാൻ തനിക്ക് അവകാശമുണ്ടെന്നുമാണ് ദുബായിലെ ഒരു വീട്ടമ്മ പറയുന്നത്. മോസ്‌കുകളിലേക്ക് കടക്കുമ്പോൽ ഡ്രസ് കോഡ് നല്ലതാണെന്നും എന്നാൽ സ്‌കൂളുകളിൽ ഇത് നിർബന്ധമാക്കരുതെന്നുമാണ് മറ്റൊരു സ്ത്രീ പറയുന്നത്.

പ്രാദേശിക സംസ്‌കാരത്തെ മാനിക്കുകയാണ് ഡ്രസ് കോഡിലൂടെ ഉദ്ദേശിക്കുന്നതെന്നും അതിനാൽ ഇവിടെ അതിഥികളായി എത്തിയവരെല്ലാം ഇത് പിന്തുടരാൻ ബാധ്യസ്ഥരാണെന്നുമാണ് ഡ്രസ്‌കോഡിനെ അനുകൂലിക്കുന്നവർ പറയുന്നത്. അതിനാൽ വീടിന് പുറത്തിറങ്ങുന്ന വേളകളിലെല്ലാം എല്ലാവരും ഇത് പിന്തുടരേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.