മധ്യപ്രദേശിൽ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് യുഎഇ രാജകുടുംബാഗംമായ ഹിന്ദ് അൽ ഖാസിമി രാജകുമാരി. മാധ്യമപ്രവർത്തകയായ റാണ അയ്യുബ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് രാജകുമാരി പ്രതിഷേധം അറിയിച്ചത്. രൂക്ഷമായ ഭാഷയിലാണ് റാണ അയ്യുബിന്റെ ട്വീറ്റ്. പള്ളിയിൽ അതിക്രമിച്ചു കയറിയ ദൃശ്യങ്ങൾ ബാബറി മസ്ജിദ് തകർത്ത സംഭവത്തെ ഓർമ്മിപ്പിക്കുന്നെന്നും എന്നിട്ടും ഈ സംഭവങ്ങളെ നാസി ജർമ്മനിയുമായി താരതമ്യം ചെയ്യുമ്പോൾ ചില സുഹൃത്തുക്കൾ പ്രകോപിതരാവുന്നെന്നും റാണ അയ്യുബ് ചൂണ്ടിക്കാട്ടുന്നു. ഈ ‌ട്വീറ്റ് ഹിന്ദ് അൽ ഖാസിമി റീ ട്വീറ്റ് ചെയ്യുകയായിരുന്നു.

സംഘപരിവാർ സംഘടനകൾ മധ്യപ്രദേശിൽ നടത്തിയ റാലിക്കിടെയായായിരുന്നു പള്ളിയിലേക്ക് ആക്രമണം നടന്നത്. ഡിസംബർ 29 നാണ് സംഭവം നടന്നത്. ഇൻഡോറിലെ ചന്ദൻഖേദ് ഗ്രാമത്തിലെ മുസ്ലി പള്ളിക്ക് മുന്നിൽ 200 ഓളം പേർ ഹനുമാൻ ചലിസ ജപിച്ച് പള്ളി നശിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമണം നടത്തിയ യുവാക്കൾ പള്ളിക്ക് മുകളിൽ കയറി കാവിക്കൊടി നാട്ടിയ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

നേരത്തെ യുഎഇയിലെ ചില പ്രവാസി ഇന്ത്യക്കാർ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെ ഹിന്ദ് അൽ ഖാസിമി രംഗത്തു വന്നിരുന്നു. ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങൾക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് വർഗീയ പരാമർശം നടത്തിയ ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരു ഇന്ത്യൻ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്ക് വെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. പിന്നീട് ഗൾഫ് രാജ്യങ്ങളിലെ നിരവധി പ്രമുഖർ ഒരു ക്യാമ്പയിൻ പോലെ ഇത് ഏറ്റെടുക്കുകയും വിദ്വേഷ ട്വീറ്റുകളിട്ട നിരവധി പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.

യുഎഇ രാജകുടുംബാംഗമായ ഖാസിമി ഷാർജയിലാണ് ജനിച്ച് വളർന്നത്. പിതാവ് ഡോക്ടറാണ്. മാതാവ് യുഎഇയിലെ ഒരു സ്കൂളിലെ പ്രിൻസിപ്പലും. ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഖാസിമി,യുഎഇയിലെ വ്യവസായ പ്രമുഖരിലൊരാളാണ്. അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തക കൂടിയായ ഇവർ യുഎഇയിലെ പ്രശസ്ത ഫാഷൻ-ലൈഫ് സ്റ്റൈൽ മാഗസിനായ 'വെൽവെറ്റ്'ചീഫ് എഡിറ്ററാണ്. ദുബായ് ഫാഷൻ വീക്കിന്റെ അമരക്കാരിലൊരാൾ കൂടിയായ ഖാസിമി 'The Black Book of Arabia'എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.