- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 277 പേർക്ക്; രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 63,489 ആയി; വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ പുരോഗമിക്കുന്നു
അബുദാബി: യുഎഇയിൽ ഇന്ന് 277 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 63,489 ആയി. 179 പേർ കൂടി രോഗമുക്തരായതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 57,372 ആയി. ഇന്ന് രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് 358 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 5,759 പേർ ചികിത്സയിലാണ്. 69,000 പുതിയ കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയത്.
രാജ്യത്ത് കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയിലിൽ പങ്കെടുത്തത് 15,000 സന്നദ്ധപ്രവർത്തകരാണ്. ഒരു മാസത്തിനിടെയാണ് സ്വദേശികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ട്രയലിന്റെ ഭാഗമായത്. ഏകദേശം 4,500 സ്വദേശികളും 102 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കാൻ സന്നദ്ധരായവരിൽപ്പെടുന്നു. ഇവർ വാക്സിന്റെ ആദ്യ രണ്ട് ഡോസുകൾ സ്വീകരിച്ചതായി അധികൃതരെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോർട്ട് ചെയ്തു. 140തിലധികം ഡോക്ടർമാർ, 300 നഴ്സുമാർ, അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫ് എന്നിവരുടെ സഹകരണത്തോടെയാണ് വാക്സിൻ ട്രയൽ പുരോഗമിക്കുന്നത്.
ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി സിനോഫാമും അബുദാബി ആസ്ഥാനമായ ആർട്ടിഫിഷൽ ഇന്റലിജൻസ് കമ്പനിയായ ഗ്രൂപ്പ് 42ഉം സഹകരിച്ചാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുൾപ്പെട്ട വാക്സിൻ പരീക്ഷണം അബുദാബിയിൽ നടത്തുന്നത്. അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദാണ് സ്വയം സന്നദ്ധനായി മുന്നോട്ടുവന്ന് ആദ്യമായി വാക്സിൻ സ്വീകരിച്ചത്.
മറുനാടന് ഡെസ്ക്