ഷാർജ: കള്ളനോട്ട് കേസിൽ കുടുങ്ങിയ മലയാളി യുവാവിനെ കുറ്റക്കാരനല്ലെന്നു കണ്ടെത്തി യുഎഇ സുപ്രീം കോടതി വെറുതെവിട്ടു. നാലു മാസം തടവു ശിക്ഷ അനുഭവിക്കേണ്ടി വന്ന ശേഷമാണ് മോചനം. ഷാർജയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ ജോലിചെയ്യുന്ന എടപ്പാൾ സ്വദേശി അബ്ദുൽ റഷീദ് (34) ആണു കുറ്റവിമുക്തനായത്.

ജൂൺ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പണമിടപാട് സ്ഥാപനത്തിൽ നിന്നു 15,000 രൂപ കൈപ്പറ്റിയ കുണ്ടറ സ്വദേശി നാട്ടിലേക്കുപോയ ഭാര്യയുടെ കയ്യിൽ തുക കൊടുത്തുവിട്ടു. എസ്‌ബിഐ കുണ്ടറ ശാഖയിൽ ഈ പണം അടയ്ക്കാൻ ചെന്നപ്പോൾ ആയിരത്തിന്റെ ഒൻപത് വ്യാജ നോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തുടർന്ന് യുവതിയുടെ ഭർത്താവ് പണമിടപാടു സ്ഥാപനത്തിനെതിരെ ഷാർജ അൽ ഗർബ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. തുടർന്നാണ് അന്നേ ദിവസം കൗണ്ടറിൽ ഡ്യൂട്ടിയിലുണ്ടായിരുന്നയാൾ എന്ന നിലയിൽ അബ്ദുൽ റഷീദിനെ ഷാർജ പൊലീസ് സിഐഡി കസ്റ്റഡിയിലെടുത്തത്. റഷീദിനെ നിരന്തരം ചോദ്യം ചെയ്യുകയും താമസസ്ഥലത്തു പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഒന്നും കണ്ടെടുക്കാൻ അന്വേഷണ സംഘത്തിനായില്ല.

58 ദിവസം അൽ ഗർബ് പൊലീസ് സ്‌റ്റേഷനിലും 77 ദിവസം അബുദാബി അൽ വത്ബ സെൻട്രൽ ജയിലിലും തടവിലായി. സ്ഥാപനത്തിൽ അന്ന് നടന്ന മറ്റ് ഇടപാടുകളിൽ ലഭിച്ച തുകയിൽ നിന്നായിരുന്നു റഷീദ് പണം നൽകിയത്. സ്ഥാപനത്തിനോ റഷീദിനോ വ്യാജനോട്ടിന്റെ കാര്യത്തിൽ പങ്കില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് സുപ്രീംകോടതി കുറ്റവിമുക്തനാക്കിയത്. മൾട്ടി സ്‌കാനിങ് മെഷീനുകൾക്കുപോലും തിരിച്ചറിയാൻ കഴിയാത്തവിധമുള്ള വ്യാജനോട്ടുകളായിരുന്നു ഇവ.

മോചിതനായ റഷീദിന് പഴയ സ്ഥാപനത്തിൽ തന്നെ ജോലി തിരികെ ലഭിച്ചു. വിശ്വസ്തനായ ജീവനക്കാരനാണ് റഷീദ് എന്ന് സ്ഥാപനവും നിലപാട് എടുത്തത് കേസിൽ തുണയായി. ഇത്രയും നാൾ കഠിനമായ മാനസിക പിരിമുറുക്കം അനുഭവിച്ചതായി അബ്ദുൽ റഷീദ് പറഞ്ഞു.