ദുബായ്: മലയാളിയുടെ വിദേശ സ്വപ്‌നങ്ങളിൽ ആദ്യസ്ഥാനം ദുബായ് എന്ന സ്വപ്‌ന നഗരത്തിനാണ്. അരനൂറ്റാണ്ട് മുമ്പ് മലായാളികൾ പുതിയ സാമ്പത്തിക ഇടം തേടി പോയപ്പോൾ ആദ്യം എത്തിപ്പെട്ടത് യുഎഇയിയിൽ ആയിരുന്നു. തുടർന്നങ്ങോട്ട് മലയാളികളുടെ ഒഴുക്കു തന്നെയായിരുന്നു ദുബായ് എന്ന നഗരത്തിലേക്ക്. ഇന്ന് ലക്ഷക്കണക്കിന് മലയാളികൾ ഈ നഗരത്തിൽ മാത്രം ജോലി ചെയ്യുന്നു. അറബ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ മലയാളികളും പങ്കാളികളായതോടെ യുഎഇ മലയാളികൾക്ക് പുതിയ ഒരു സൗകര്യവും അനുവദിച്ചു. യുഎഇ കോൺസുലേറ്റ് കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് സ്ഥാപിക്കാനാണ് ഉത്തരവായത്. ഇതിനുള്ള അനുമതി യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പുറത്തപ്പെടുവിച്ചു. ഇതോടെ വീസ സേവനങ്ങൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ തിരുവനന്തപുരത്തു ലഭ്യമാകും.

ദുബായിലേക്ക് കൂടുതൽ ആളുകൾ എത്തുന്ന മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും പുതിയ കോൺസുലേറ്റ് ഉപകാരപ്രദമാകും. ഡൽഹിയിലെ യുഎഇ എംബസിയെയും മുംബൈയിലെ കോൺസുലേറ്റിനെയുമാണു നിലവിൽ ഈ സേവനങ്ങൾക്ക് ആശ്രയിക്കുന്നത്. തിരുവനന്തപുരത്തു കിഴക്കേക്കോട്ടയ്ക്കും മണക്കാടിനുമിടയ്ക്കു ഫോർട്ട് പൊലീസ് സ്‌റ്റേഷനു സമീപമാണ് കോൺസുലേറ്റിനു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. യുഎഇ എംബസി നേരിട്ടു കണ്ടെത്തിയ സ്ഥലമാണിത്. നേരത്തേ സർക്കാർ തൈക്കാട്ട് നോർക്ക ഓഫിസിനു സമീപമുള്ള സ്ഥലം നിർേദശിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ വേണ്ടെന്നുവച്ചു.

നിർമ്മിക്കാനുദ്ദേശിക്കുന്ന കോൺസുലേറ്റ് കെട്ടിടത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു യുഎഇ സ്ഥാനപതി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനു കത്തു നൽകിയിരുന്നു. പ്രവാസികാര്യവകുപ്പ് മേൽനടപടികൾക്കായി ആഭ്യന്തരവകുപ്പിനു കത്തു കൈമാറി. വേണ്ട നടപടിയെടുക്കാൻ മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്കു നിർദേശവും നൽകി. രണ്ടുവർഷം മുൻപുള്ള പ്രവാസി മലയാളി സെൻസസ് പ്രകാരം ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യമാണു യുഎഇ - 5.07 ലക്ഷം. മൊത്തം പ്രവാസി മലയാളികളിൽ 35% ആണിത്. കേരളത്തിന് ഏറ്റവുമധികം പ്രവാസി വരുമാനവും യുഎഇയിൽനിന്നാണ്.

യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ 2011ൽ ഇന്ത്യ സന്ദർശിച്ചപ്പോഴാണു കോൺസുലേറ്റ് ആരംഭിക്കുന്നതിനുള്ള ചർച്ചകൾക്കു തുടക്കമിട്ടത്. പിന്നീട് 2013ൽ തന്നെ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് സുൽത്താൻ അൽ ഉവൈസ് 2014 ജനുവരിയിൽ കേരളത്തിലത്തെുകയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും പ്രവാസി കാര്യ മന്ത്രി കെ.സി.ജോസഫുമായും ചർച്ച നടത്തുകയും ചെയ്തു. കെട്ടിടം കണ്ടത്തെുന്നതിനും മറ്റും കേരള സർക്കാരിന്റെ സഹായം തേടാനായിരുന്നു ഇത്. ഏതാനും മാസങ്ങൾക്കകം തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റ് തുടങ്ങുമെന്ന് അംബാസഡർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ തീരുമാനം വൈകുകയായിരുന്നു.

ശ്രീലങ്കയ്ക്കും മാലദ്വീപിനും തിരുവനന്തപുരത്തു കോൺസുലേറ്റ് ഉണ്ട്. എങ്കിലും പ്രവാസി മലയാളി സാന്നിധ്യം ഏറെയുള്ള ഒരുരാജ്യം ഇവിടെ കോൺസുലേറ്റ് ആരംഭിക്കുന്നത് ആദ്യമായാണ്. കേരളത്തിന്റെ ടൂറിസം വളർച്ചയ്ക്കും കോൺസുലേറ്റിന്റെ സാന്നിധ്യം സഹായകരമാകുമെന്നാണു പ്രതീക്ഷ. 10 ലക്ഷത്തിലേറെ വരുന്ന മലയാളി പ്രവാസികൾക്കും വ്യാപാര ബന്ധമുള്ള ബിസിനസുകാർക്കും ഏറെ സഹായമാകുന്നതാണ് തീരുമാനം. മുംബൈയിലേത് പോലെ പൂർണ സൗകര്യങ്ങളോടു കൂടിയ കോൺസുലേറ്റായിരിക്കും കേരളത്തിലും തുടങ്ങുക. കോൺസുൽ ജനറൽ ഉൾപ്പെടെ ചുരുങ്ങിയത് മൂന്നു നയതന്ത്ര ഉദ്യോഗസ്ഥരും അനുബന്ധ ജീവനക്കാരുമായിരിക്കും ഇവിടെയുണ്ടാവുക.