അബുദാബി: യുഎഇയിലേക്ക് ടൂറിസ്റ്റ് വീസയിൽ വരുന്നവർക്കൊപ്പം കുട്ടികളുണ്ടെങ്കിൽ വീസാ ഫീസില്ലെന്ന് അധികൃതർ. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് വീസാ നിരക്കിൽ ഇളവുള്ളത്.വിദേശ രാജ്യങ്ങളിൽ നിന്നും ടൂറിസ്റ്റ് വീസകളിൽ വരുന്നവരോടൊപ്പം 18 വയസ്സിനു താഴെയുള്ളവരുണ്ടെങ്കിൽ വീസ നിരക്ക് വേണ്ടെന്നു ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ അറിയിച്ചു. യുഎഇ മന്ത്രിസഭാ തീരുമാനപ്രകാരമാണിത്. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഇളവ് നൽകുക. എല്ലാ വർഷവും ഇതേ മാസങ്ങളിൽ വീസാ ഫീസിൽ ഇളവ് നൽകാനാണു തീരുമാനം.

ടൂറിസ്റ്റ് വീസയിൽ മാതാപിതാക്കളോടൊപ്പം വരുന്നവർക്കാണു നിരക്കിൽ ഇളവ്. മാതാവിന്റെയോ പിതാവിന്റെയോ കൂടെയാകണം കുട്ടികളെന്നാണ് ഇളവ് ലഭിക്കാനുള്ള വ്യവസ്ഥ. ഹ്രസ്വ, ദീർഘ കാല ടൂറിസ്റ്റ് വീസകൾക്കെല്ലാം നിരക്കിളവുണ്ടാകും.

 അപേക്ഷിക്കാനുള്ള വഴികൾ

ടൂറിസ്റ്റ് വീസ ലഭിക്കാൻ ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ ല ചാനലുകൾ വഴിയും www.ica.gov.ae വെബ്‌സൈറ്റിലൂടെയും അപേക്ഷിക്കാം. 'ഫാമിലി ടൂറിസ്റ്റ് വീസ, 'ലിങ്കാണ് നിരക്ക് ഇളവ് ലഭിക്കാനായി തിരഞ്ഞെടുക്കേണ്ടത്.

താമസകുടിയേറ്റ വകുപ്പിന്റെ സ്മാർട് സംവിധാനവുമായി ബന്ധിപ്പിച്ചതാണിത്. എമിറേറ്റ്‌സ് എയർലൈൻസ്, ഇത്തിഹാദ്, ഫ്‌ളയ് ദുബായ്, എയർ അറേബ്യ വിമാനക്കമ്പനികൾ വഴിയാണ് വിമാന ടിക്കറ്റ് ലഭിക്കുക.

കൂടാതെ അംഗീകൃത ട്രാവൽ ഏജൻസികളിലൂടെയും ടിക്കറ്റെടുക്കാം. വരുന്നവർക്ക് ഹോട്ടൽ ബുക്കിങ് വിശദാംശങ്ങളും കാണിക്കേണ്ടി വരും.


വീസയും നിരക്കും

യുഎഇ രണ്ട് തരം ടൂറിസ്റ്റ് വീസകളാണ് അപേക്ഷകർക്ക് നൽകുന്നത്. 30 ദിവസം കാലാവധിയുള്ള ഹ്രസ്വകാല വീസയും 90 ദിവസം വരെ രാജ്യത്ത് തങ്ങാനാകുന്ന ദീർല കാലവീസയും.

200 ദിർഹം ഈടാക്കുന്ന 30 ദിവസ വീസ ആവശ്യമെങ്കിൽ 30 ദിവസം കൂടി രണ്ടു തവണ പുതുക്കാം.

90 ദിവസം കാലാവധിയുള്ള വീസയ്ക്ക് 550 ദിർഹമാണ് ഫീസ്.രണ്ടു തവണയായി 30 ദിവസം വീതം വീസ പുതുക്കാനാകും. 600 ദിർഹമാണ് ഓരോ പുതുക്കലിനും നിരക്ക് നൽകേണ്ടത്.

വിദ്യാർത്ഥികൾക്ക് വീസാ നിയമത്തിൽ ഇളവ് നൽകാനും 2019 ലെ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പമാണ് 18 വയസ്സിൽ കുറഞ്ഞ വരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നത്.

വീസാ നിയമത്തിലെ ഉദാര നയം വിദ്യാഭ്യാസ, വിനോദ രംഗത്ത് യുഎഇ ശ്രദ്ധേയ സാന്നിധ്യമാക്കും.