തൃശ്ശൂർ: ടാക്‌സി കാറുകളുടെ ലോകത്ത് പുതുവിപ്ലവവുമായി കേരളത്തിലേക്ക് വന്ന ഊബർ ടാക്‌സി ഇന്ന് കേരളത്തിലെ റോഡുകൾ ഭരിച്ചു കൊണ്ടിരിക്കുകയാണ്. ചിലപ്പോഴെങ്കിലും ഓട്ടോറിക്ഷയെക്കാൾ ലാഭത്തിലാണ് ഊബർ ടാക്‌സികൾ ഓടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഊബർ ഈറ്റ്‌സ് വഴി മലയാളികളുടെ അടുക്കളയിൽ മറ്റൊരു മാറ്റത്തിന്റെ വിപ്ലവത്തിനുകൂടി ഊബർ വഴി മരുന്നിട്ടിരിക്കുകയാണ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും ഇപ്പോൾ തൃശൂരിലും ഊബർ ഈറ്റ്‌സ് (Uber Eats) വന്നുകഴിഞ്ഞു. കോഴിക്കോട് ഊബർ ഈറ്റ്‌സ് വരാനിരിക്കുന്നു. 2017-ൽ മുംബൈയിൽ നിന്ന് തുടക്കം കുറിച്ച ഊബർ ഈറ്റ്‌സ് ഇതിനകം രാജ്യത്തെ 23 നഗരങ്ങളിൽ ഏകദേശം 20000 ഹോട്ടലുകളുമായി കൈകോർത്തുകൊണ്ട് പ്രവർത്തനം ആരഭിച്ചുകഴിഞ്ഞു.

ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ പകുതി വില മാത്രം കൊടുത്താൻ ഊബർ ഈറ്റ്‌സ് നിങ്ങളുടെ വീട്ടുപടിക്കൽ ഭക്ഷണം എത്തിക്കും. തൃശൂരിൽ കേവലം 79 രൂപയ്ക്കാണ് ചിക്കൻ ബിരിയാണി ഇപ്പോൾ വീടുകളിൽ ഊബർ ഈറ്റ്‌സ് വഴി എത്തുന്നത്. ഇതോടെ തൃശൂരിലെ ഹോട്ടലുകളിൽ ജനങ്ങൾ പോകാതായി. ഊബർ ഈറ്റ്‌സ് ആപ്പ് തട്ടിക്കൊണ്ട് വിവിധങ്ങളായ ഭക്ഷണം കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ തട്ടിവിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ കേരളത്തിലെ നഗരങ്ങൾ.

ഏകദേശം 20 ലക്ഷത്തോളം പേർ ഇതിനകം ഊബർ ഈറ്റ്‌സ് ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞതായി തൃശൂർ ഊബർ ഈറ്റ്‌സിന്റെ ചാർജുള്ള ജെറി പറയുന്നു. അമ്പത്തഞ്ചോളം ഹോട്ടലുകൾ ഇതിനകം ഊബർ ഈറ്റ്‌സിൽ പങ്കാളികളായി. ഏകദേശം 400ഓളം ചെറുപ്പക്കാർ രാവിലെ 8 മണി മുതൽ രാത്രി 11 മണി വരെ വീടുകളിൽ ഭക്ഷണം എത്തിക്കുന്നു. ഇതിൽ രണ്ടു പെൺകുട്ടികളും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. 5500 പേരെങ്കിലും പ്രതിദിനം കേരളത്തിൽ ഊബർ ഈറ്റ്‌സ് വഴി ഭക്ഷണം തേടുന്നു. ഓരോ ഭക്ഷണ പൊതിക്കും പത്തു മുതൽ മുപ്പതു രൂപയോളം മാത്രമേ സർവ്വീസ് ചാർജ്ജ് ഇനത്തിൽ കൊടുക്കേണ്ടിവരുന്നുള്ളൂ. ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിച്ചാൽ ഇതിൽ കൂടുതൽ ചെലവുവരും.

ഊബർ ഈറ്റ്‌സ് പങ്കാളികളായ ഹോട്ടലുകൾക്കും ലാഭത്തിന്റെ കണക്കുകൾ മാത്രമേ പറയാനുള്ളൂ. പല ഹോട്ടലുകളും ഊബർ ഈറ്റ്‌സിനുമാത്രമായി പുതിയ അടുക്കളയും പാക്കിങ് യൂണിറ്റും കണ്ടെത്തിക്കഴിഞ്ഞു. ഭക്ഷണത്തിന്റെ യഥാർത്ഥ വിലക്കുതന്നെയാണ് ഹോട്ടലുകൾ ഊബർ ഈറ്റ്‌സിന് ഭക്ഷണം കൊടുക്കുന്നത്. എന്നാൽ കമ്പനി വൻ ഓഫറുകൾ നൽകിക്കൊണ്ട് വിൽപ്പനകൂട്ടുന്നു. വിൽപ്പനയുടെ തോതനുസരിച്ച് കിട്ടുന്ന കമ്മീഷനാണ് ഊബർ ഈറ്റ്‌സിന്റെ ലാഭം.

ഭക്ഷണത്തിന്റെ രുചിയേക്കാൾ പ്രധാനം ജനത്തിന് വളരെ എളുപ്പത്തിൽ ഭക്ഷണം കിട്ടുകയെന്നതാണെന്ന് തൃശൂരിലെ ഹോട്ടൽ ഉടമ ബൈജു പറയുന്നു. ഇതര സംസ്ഥാനക്കാർ കേരളത്തിന്റെ ഹോട്ടലുകളുടെ അടുക്കളകൾ കയ്യേറിക്കഴിഞ്ഞു. കേരളത്തിൽ നിന്നുള്ള പാചകക്കാർക്ക് കടുത്ത ക്ഷാമമാണ്. അതുകൊണ്ടു തന്നെ കേരളീയ രുചിക്കൂട്ടുകൾ നന്നേ കുറഞ്ഞു. പുതിയ തലമുറയും ആ രുചിക്കൂട്ടിന്റെ പിറകെ പോകുന്നുമില്ല. ആപ്പ് വഴി കിട്ടുന്ന ഭക്ഷണത്തോട് അവർ പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇനി രുചിയല്ല; ഭക്ഷണമാണ് പ്രധാനം. അതും എളുപ്പത്തിൽ വീട്ടുപടിക്കൽ തന്നെ കിട്ടണം. ഊബർ ഈറ്റ്‌സ് വിജയിക്കുന്നതും ഇവിടെയാണ് ബൈജു തുടരുന്നു.

ഊബർ ഈറ്റ്‌സ് പങ്കാളികളായ, ഭക്ഷണം എത്തിക്കുന്ന ചെറുപ്പക്കാർക്കും പരമസുഖം. ഒരു മോട്ടോർ സൈക്കിളും മൊബൈൽ ഫോണും മാത്രമേ ഈ ജോലിക്ക് ആവശ്യമുള്ളൂ. എവിടേയും ഒപ്പിടണ്ട. ആർക്കും റിപ്പോർട്ട് ചെയ്യണ്ട. ഇഷ്ടമുള്ളപ്പോൾ മാത്രം ജോലി ചെയ്താൽ മതി. ആപ്പും യുണിഫോമും ബാഗും കമ്പനി തരും. രാവിലെ 8 മണി മുതൽ 11 മണി വരെ വേണമെങ്കിൽ ജോലി ചെയ്യാം. ഏകദേശം ഉച്ചവരെ ജോലി ചെയ്തു കഴിയുമ്പോഴേക്കും ആയിരം രൂപ മുതൽ ആയിരത്തി മുന്നൂറു രൂപ സമ്പാദിക്കുന്നവരാണ് പലരും. അതായത് പ്രതിമാസ വരുമാനം ഏകദേശം 36000 രൂപ.

തൃശൂരിലെ ഊബർ ഈറ്റ്‌സ് ഓഫിസിൽ ജോലി അന്വേഷിച്ചെത്തുന്ന ചെറുപ്പക്കാർക്ക് കയ്യും കണക്കുമില്ല. പങ്കാളികളാവാൻ വരുന്ന ഹോട്ടലുകൾക്കും കയ്യും കണക്കുമില്ല. ഹോട്ടലുകൾക്ക് ഊബർ ഈറ്റ്‌സ് സംവിധാനം ലാഭകരമാണ്. കാരണം, അവർക്ക് ഭക്ഷണം പൊതിയുന്ന ചെലവു മാത്രമേ വഹിക്കേണ്ടിവരുന്നുള്ളൂ. ലേബർ ചെലവും കറണ്ട് ചെലവും മറ്റു ചെലവുകളും ഓൺ ലൈൻ സംവിധാനത്തിൽ കുറയും. തൃശൂർ ഊബർ ഈറ്റ്‌സ് ഇപ്പോഴും കൊച്ചി ഓഫിസിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വേണ്ടത്ര കാര്യങ്ങൾ ക്രോഡീകരിക്കാൻ അവർക്ക് കഴിയുന്നില്ല. തൃശൂരിന് സ്വതന്ത്ര ചുമതല ആവുന്നതെയുള്ളൂ. അതുകൊണ്ട് വ്യാവസായിക ശൃംഗല വിപുലീകരിച്ചു വരുന്നതേയുള്ളൂ.

ഇതൊക്കെയാണെങ്കിലും ഊബർ ഈറ്റ്‌സ് വഴി ഇപ്പോൾ ഊണ് കിട്ടില്ല. ബിരിയാണി സമൃദ്ധമായി കിട്ടും. പിന്നെ അറേബ്യൻ ചൈനീസ് വിഭവങ്ങളും സുലഭം. ഇപ്പോൾ ഊബറിനു കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ഭക്ഷണം മാത്രമേ കൊടുക്കുന്നുള്ളൂ. ഭാവിയിൽ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ് ഊബർ ഈറ്റ്‌സ് വക്താക്കളും പങ്കാളികളും.

എന്നിരുന്നാലും ഊബർ ഈറ്റ്‌സ് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധി ചെറുതല്ല. ഓരോ ദിവസവും വീടുകളിൽ കുന്നുകൂടുന്ന പ്ലാസ്റ്റിക് കൂടുകൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഇന്നില്ല. പ്ലാസ്റ്റിക് കൂടുകളിൽ കൊടുക്കുന്ന ഭക്ഷണം ഉണ്ടാക്കുന്ന അനാരോഗ്യകരമായ സാഹചര്യങ്ങളും ചെറുതല്ല. പ്ലാസ്റ്റിക് കൂടുകൾ ഉണ്ടാക്കുന്ന ക്യാൻസർ തുടങ്ങിയ രോഗങ്ങളുടെ ഭീഷണിയും വലുതാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ഇത് നിയന്ത്രിക്കുവാൻ ഊബർ ഈറ്റ്‌സിനോ പങ്കാളികളായ ഹോട്ടലുകൾക്കോ ഉത്തരവാദിത്തമില്ല. സർക്കാരിന്റെ ആരോഗ്യവകുപ്പാണ് ഇതൊക്കെ നിയന്ത്രിക്കേണ്ടത്. അത്തരം നിയന്ത്രണങ്ങൾ നാളിതുവരെയായിട്ടും ഉണ്ടായിട്ടില്ല.

എന്നാൽ ഊബറിന്റെ ഭാഗത്തുനിന്ന് ഇത്തരം ചിന്തകൾ ഉണർന്നു വരുന്നുണ്ടെന്ന് തൃശൂരിലെ ഊബർ പ്രതിനിധി ജെറി പറയുന്നു. പാരിസ്ഥിതിക സൗഹൃദമാകും വിധം ഭക്ഷണം പൊതിഞ്ഞു കൊടുക്കുന്നതിനും മാലിന്യം നിയന്ത്രിക്കുന്നതിനുമുള്ള നീക്കങ്ങൾ ഊബർ ഈറ്റ്‌സിന്റെ ഭാഗത്തുനിന്നു ഭാവിയിൽ ഉണ്ടാകുമെന്നാണ് ജെറി പറയുന്നത്.