സിഡ്‌നി : ടാക്‌സി മേഖലയിൽ കഴിഞ്ഞ കുറച്ചു കാലമായി നിലനിന്നിരുന്ന അരക്ഷിതാവസ്ഥക്ക് അന്ത്യം കുറിച്ച് യൂബർ ടാക്‌സികളെയും നിയമപരമാക്കി ന്യൂ സൗത്ത് വെയിൽസിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ ഇന്നലെ രാത്രി മുതൽ ന്യൂസൗത്ത് വെയിൽസിലെ നിരത്തിൽ യൂബർ ടാക്‌സികൾ ഓടിത്തുടങ്ങി.

യാത്രക്കാർക്ക് മറ്റു ടാക്‌സികളെ അപേക്ഷിച്ച് കൂടുതൽ പ്രയോജനകരമായ യൂബർ സർവീസുകൾക്കെതിരെ നിലവിലുള്ള ടാസ്‌കി ജീവനക്കാരും ടാക്‌സി കന്പനികളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.യാത്രക്കാരുടെ യാത്രാചെലവ് കുറയ്ക്കാനും ഒരു പുതിയ ഗതാഗത സാമ്പത്തികരംഗത്തിനുമാണ് പുതിയ സർക്കാർ തീരുമാനമെന്ന് എൻഎസ്ഡബഌു ഗതാഗത മന്ത്രി ആൻഡ്രൂ കോൺസ്റ്റൻസ് പറഞ്ഞു.

ടാക്‌സി ബോർഡ് വച്ചിരിക്കുന്ന ടാക്‌സി ഡ്രൈവർമാർക്ക് ആവശ്യമെങ്കിൽ ഉചിതമായ നഷ്ടപരിഹാരം നൽകും. സ്ഥിരമായ ടാക്‌സി പ്ലേറ്റുകൾ കൈവശമുള്ളവർക്ക് 20,000 ഡോളർ നഷ്ടപരിഹാരമായി ലഭിക്കും. യൂബെറും രംഗത്തെത്തുന്നതോടെ തൊഴിൽ മേഖലയിൽ സമ്മർദത്തിലാകുന്ന ഡ്രൈവർമാർക്ക് നഷ്ടപരിഹാരം നൽകുന്നതിന് 142 ദശലക്ഷം ഡോളർ സർക്കാർ ചെലവഴിക്കും. ഇതിനായി 250 ദശലക്ഷം ഡോളർ സർക്കാർ ബഡ് ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

യൂബെർ ഡ്രൈവർമാരും ടാക്‌സി ഡ്രൈവർമാരും ഓരോ ഓട്ടത്തിനും ഒരു ഡോളർവീതം അഞ്ചു വർഷത്തേക്ക് സർക്കാരിലേക്ക് അടയ്ക്കണം. നഷ്ടപരിഹാര പാക്കേജിലേക്കാണ് ഈ തുക എത്തുന്നത്. ക്രിമിനൽ, സുരക്ഷാ പരിശോധനകൾക്കായി യൂബെർ ഡ്രൈവർമാർ 45 ഡോളർ രജിസ്‌ട്രേഷൻ ഫീസായും അടയ്ക്കണമെന്നതാണ് പുതിയ വ്യവസ്ഥ.