കൊച്ചി: ആൻസി ടീച്ചർ അറസ്റ്റിലായത് ആലുവ യുസി കോളേജിലെ പൂർവ വിദ്യാർത്ഥികൾക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ടീച്ചർ എങ്ങനെ തട്ടിപ്പിൽപ്പെട്ടതു എന്നറിയാതെ കുഴങ്ങുകയാണു മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള ശിഷ്യർ.

വഞ്ചനക്കേസിലാണ് ആലുവ യുസി കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ ആൻസി ഈപ്പൻ (56) അറസ്റ്റിലായത്. വിദ്യാർത്ഥി സമരവുമായി ബന്ധപെട്ടു മുൻപ് വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷനിൽ കയറിയപ്പോൾ ഇത് ശരിയായ പ്രവണതയല്ലയെന്ന് അന്ന് ഉപദേശിച്ച ടീച്ചറാണ് ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ കുറ്റവാളിയായി നിൽക്കുന്നത്.

മകന്റെ വിവാഹത്തിന് സമ്മാനം നൽകാൻ കാർ വേണമെന്ന് ആവശ്യപ്പെട്ട് അടുത്ത സുഹൃത്തു കൂടിയായ ബിജു ജോണിനെ ജാമ്യക്കാരനായി വാങ്ങിയ കാർ പൊളിച്ചു വിൽക്കാൻ നൽകിയപ്പോഴാണു ആൻസി ഈപ്പൻ വഞ്ചനക്കേസിൽ അറസ്റ്റിലായത്. ആലുവ യുസി കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്ന ആൻസി അപ്പന്റെ അറസ്റ്റു വാർത്ത പല പൂർവ വിദ്യാർത്ഥികളും ഞെട്ടലോടെയാണു കേട്ടത്. തട്ടിപ്പു കേസിൽ പ്രൊഫസറുടെ അറസ്റ്റു വിവരത്തെക്കുറിച്ച് പറയാനായി പൊലീസ് മാദ്ധ്യമപ്രവർത്തകരെ വിളിച്ചു ചേർത്തപ്പോൾ അവരിലും ടീച്ചർ പഠിപ്പിച്ച വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പലരും വാർത്ത വിശ്വസിക്കാൻ ആദ്യം മടി കാണിച്ചു. പിന്നീട് സഹതപിച്ചു.

കാലടിയിലുള്ള ഫാറ്റ് കൊടുക്കാനുണ്ടെന്നു പരസ്യം കൊടുത്തു മൂന്നു പേരിൽ നിന്നായി 10 ലക്ഷം രൂപ വീതം വാങ്ങി മുങ്ങിയെന്ന പരാതിയിലാണ് ആൻസി ഈപ്പനെതിരെ കേസെടുത്തത്. കേസിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒളിവിൽ പോയ പ്രൊഫസർ ആൻസി ഈപ്പനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്.

മകന്റെ വിവാഹ ആവശ്യത്തിനെന്നു പറഞ്ഞാണ് ആൻസി ഈപ്പൻ ധനകാര്യ സ്ഥാപനത്തിൽ നിന്നു വായ്പ എടുത്തു വാഹനം വാങ്ങിയത്. ഇതിൽ ജാമ്യക്കാരനായി ബിജു ജോണിനെ നിർത്തി. എന്നാൽ തവണകൾ മുടങ്ങിയതോടെ ഫിനാൻസ് സ്ഥാപനം വണ്ടി റിക്കവറി ചെയ്യാനായി നടപടികളുമായി വന്നപ്പോഴാണ് ബിജു ജോൺ സത്യം അറിയുന്നത്. ബിജുവിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തപ്പോഴേക്കും ആൻസി ടീച്ചർ ഒളിവിൽ പോയി. അന്വേഷണത്തിൽ വണ്ടി കണ്ണൂരിൽ പൊളിച്ചു വിൽക്കാൻ കൊടുത്തു എന്ന് കണ്ടെത്തി.

കണ്ണൂരിൽ ടീച്ചർ വാഹനം കൊടുത്തവർ പൊളിച്ചു വിൽക്കാനായി എന്ന് പറഞ്ഞു വണ്ടി വാങ്ങി ഈ വണ്ടികൾ പൊളിക്കാതെ സ്പിരിറ്റ് കടത്തുന്നതായും ക്വട്ടേഷൻകാർക്ക് നൽകുന്നതായും സംശയമുണ്ട്. ഇവരും ഒളിവിലാണെന്നാണു സൂചന. വാഹന ബ്രോക്കറായ ഒരാൾ കുടി കുടുങ്ങിയാലേ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടുകയുള്ളൂ. വാഹന ഇടപാടുമായി പിടിയിലായ ആൻസി ഈപ്പനെ ആലുവാ ഫാസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തിരിക്കുകയാണ്.