- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റായ ഉദാഹരണം! ഇത് പഴഞ്ചൻ 'സോദ്ദേശ്യ കുടുംബ' ചിത്രം; ടൈപ്പ് വേഷത്തിൽ ലേഡി സൂപ്പർസ്റ്റാർ, സ്ത്രീശാക്തീകരണത്തിന്റെ പേരിലും സ്ത്രീവിരുദ്ധതയോ?
കുയുക്തി പ്രയോഗങ്ങൾ, തെറ്റായ ഉദാഹരങ്ങൾ എന്നിങ്ങനെയുള്ള ചില ടെക്ക്‌നിക്കുകൾ ഉണ്ട് ഇംഗ്‌ളീഷിൽ. ഒറ്റ നോട്ടത്തിൽ യുക്തിഭദ്രമെന്ന് തോന്നിച്ച് അസംബന്ധങ്ങൾ എഴുന്നെള്ളിക്കുന്ന ഒരു കപടശാസ്ത്രം. ഇത് പഠിച്ച് പ്രാക്ടീസ് ചെയ്യാവുന്ന ഒന്നാണ്.( നമ്മുടെ ചാനൽ ചർച്ചകളിൽ സ്ഥിരമായി നടക്കുന്നതും) അതുപോലത്തെ ലക്ഷണമൊത്ത ഒരു 'സ്യൂഡോ എക്‌സാമ്പിൾ' ആയിപ്പോയി നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത, നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മുഖ്യകഥാപാത്രമായ 'ഉദാഹരണം സുജാത'. ഒരു പഴഞ്ചൻ സോദ്ദ്യേശ്യ കുടുംബ കഥയെ, അതിന്റെ എല്ലാ അസംബന്ധങ്ങളും നിലനിർത്തിക്കൊണ്ട്, വലിയ അടിസ്ഥാന വർഗ ചിത്രമെന്ന നിലയിൽ അവതരിപ്പിച്ചിരിക്കയാണ് ഇവിടെ. മകൾ പഠിക്കാത്തിന് മകളുടെ അതേ ക്‌ളാസിൽ സർക്കാർ സ്‌കൂളിൽ അതേ ഡിവിഷനിൽ ചേരുന്ന വെള്ളരിക്കാപ്പട്ടണത്തിലെ നായികമാർക്ക് നമോവാകം! അതുപോലെതന്നെ സ്ത്രീയെ സർവംസഹയും ത്യാഗദേവതയുമാക്കി അവളുടെ ആഗ്രഹങ്ങളെ ചങ്ങലക്കിടുന്ന സനാതനമായ ഇന്ത്യൻ രീതിയും ചിത്രം പിന്തുടരുന്നു.പക്ഷേ എല്ലാ കുയുക്തികഴെയും പോലെ മധുരത്തിൽ പൊതിഞ്ഞാ
കുയുക്തി പ്രയോഗങ്ങൾ, തെറ്റായ ഉദാഹരങ്ങൾ എന്നിങ്ങനെയുള്ള ചില ടെക്ക്‌നിക്കുകൾ ഉണ്ട് ഇംഗ്‌ളീഷിൽ. ഒറ്റ നോട്ടത്തിൽ യുക്തിഭദ്രമെന്ന് തോന്നിച്ച് അസംബന്ധങ്ങൾ എഴുന്നെള്ളിക്കുന്ന ഒരു കപടശാസ്ത്രം. ഇത് പഠിച്ച് പ്രാക്ടീസ് ചെയ്യാവുന്ന ഒന്നാണ്.( നമ്മുടെ ചാനൽ ചർച്ചകളിൽ സ്ഥിരമായി നടക്കുന്നതും) അതുപോലത്തെ ലക്ഷണമൊത്ത ഒരു 'സ്യൂഡോ എക്‌സാമ്പിൾ' ആയിപ്പോയി നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത, നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മുഖ്യകഥാപാത്രമായ 'ഉദാഹരണം സുജാത'.
ഒരു പഴഞ്ചൻ സോദ്ദ്യേശ്യ കുടുംബ കഥയെ, അതിന്റെ എല്ലാ അസംബന്ധങ്ങളും നിലനിർത്തിക്കൊണ്ട്, വലിയ അടിസ്ഥാന വർഗ ചിത്രമെന്ന നിലയിൽ അവതരിപ്പിച്ചിരിക്കയാണ് ഇവിടെ. മകൾ പഠിക്കാത്തിന് മകളുടെ അതേ ക്‌ളാസിൽ സർക്കാർ സ്‌കൂളിൽ അതേ ഡിവിഷനിൽ ചേരുന്ന വെള്ളരിക്കാപ്പട്ടണത്തിലെ നായികമാർക്ക് നമോവാകം! അതുപോലെതന്നെ സ്ത്രീയെ സർവംസഹയും ത്യാഗദേവതയുമാക്കി അവളുടെ ആഗ്രഹങ്ങളെ ചങ്ങലക്കിടുന്ന സനാതനമായ ഇന്ത്യൻ രീതിയും ചിത്രം പിന്തുടരുന്നു.പക്ഷേ എല്ലാ കുയുക്തികഴെയും പോലെ മധുരത്തിൽ പൊതിഞ്ഞാണ് ഇതും. പുറമേക്ക് സ്ത്രീ ശാക്തീകരണം, അകത്ത് തനി ഫ്യൂഡൻ പുരുഷന്റെ സങ്കൽപ്പങ്ങളും.
അതവിടെ നിൽക്കട്ടെ. ഒരു ചലച്ചിത്രമെന്ന നിലയിൽ ടിക്കറ്റ് കാശ് വസൂലാവുന്ന പടമാണോ ഇതെന്ന് നേരിട്ട് ചോദിച്ചാലും നമുക്ക് ഒരു പഴഞ്ചൻ നമ്പർ ഇറക്കേണ്ടി വരും. 'കുഴപ്പമില്ല, കണ്ടിരിക്കാം'.സമീപകാലത്തെ സൂപ്പർ താരങ്ങളുടെ തിരുമണ്ടൻ ചിത്രങ്ങൾവെച്ചുനോക്കുമ്പോൾ ഇത് ഭേദമാണ്.പക്ഷേ എത്രയോ മെച്ചപ്പെടുത്താമായിരുന്നു.
പക്ഷേ ഒരേ ഒരു കാര്യത്തിന് സംവിധായകനെയും, ചിത്രത്തിന് പണം മുടക്കിയ ജോജു ജോർജിനെയും മാർട്ടിൻ പ്രക്കാട്ടിനെയും അഭിനന്ദിക്കാതെ വയ്യ. താര കേന്ദ്രീകൃതമായ മലയാള സിനിമയിൽ എത്രയോ കാലത്തിന് ശേഷമാണ് കൃത്യമായ നായകൻ ഇല്ലാതെ, ഒരു നടിയുടെ മാത്രം കെട്ടുറുപ്പിൽ ഒരു ചിത്രം ഇറങ്ങുന്നത്.
'നീൽ ബാട്ടേ സന്നാട്ട' എന്ന ഹിന്ദി ചിത്രത്തിന്റെയും അതിന്റെ തമിഴ് റീമേക്കായ 'അമ്മ കണക്ക്' എന്ന ചിത്രവുമാണ് ഇതിന്റെ മൂലകഥയെന്നതും അണിയറ ശിൽപ്പികൾ പരസ്യമാക്കിയിട്ടുണ്ട്. 'നീൽ ബാട്ടേ സന്നാട്ടയുടെ' തിരക്കഥാകൃത്തുക്കൾക്ക് ഇവിടെയും ക്രെഡിറ്റും കൊടുത്തിട്ടുണ്ട്. അതും നന്നായി. സാധാരണ ഈച്ചക്കോപ്പിയടിച്ച്, രണ്ടാം ദിവസംതന്നെ പിള്ളേര് കൈയോടെ പിടിച്ചാലും അംഗീകരിക്കാതെ ജാടകാട്ടലാണെല്ലോ മലയാളത്തിലെ നടപ്പുരീതി. അങ്ങനെ പുതിയൊരു സർഗാത്മക സംസ്‌ക്കാരവും വളർന്നുവരട്ടെ.
ഒരു പഴഞ്ചൻ 'സോദ്ദേശ്യ കുടുംബ' ചിത്രം
തിരുവനന്തപുരം നഗരത്തിലെ ചെങ്കൽച്ചൂള കോളനിയിൽ താമസിക്കുന്ന, വീട്ടുവേലയടക്കമുള്ള നിരവധി ജോലികൾ ചെയത് കുടുംബം പോറ്റുന്ന വിധവയായ സുജാതയുടെ ( ചിത്രത്തിൽ മഞ്ജുവാര്യർ) കഥയാണിത്. സുജാതയുടെ എല്ലാം സ്വപ്നങ്ങളും പത്താം ക്‌ളാസിൽ പഠിക്കുന്ന മകളിലാണ്. ഒറ്റമുറി മാത്രമുള്ള ആ കൊച്ചുവീട്ടിൽ ഇണങ്ങിയും പിണങ്ങിയും അമ്മയുടെയും മകളും, കഷ്ടതകൾക്കിടയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. അതുകൊണ്ടുതന്നെ മലയാളികൾക്ക് തീരെ പുതുമ തോന്നാത്ത കഥയാണിത്.
പ്രമേയത്തിൽമാത്രമല്ല ആഖ്യാനത്തിലും പഴയ ഫോർമാറ്റിലാണ് ചിത്രം നീങ്ങുന്നത്. കഥാപാത്രങ്ങളുടെ സ്വഭാവം വെളിപ്പെടുത്തുന്ന രീതിയിലുള്ള ഇൻട്രാഡക്ഷൻ സീനുകളൊക്കെ നവതരംഗ സിനിമക്കാലത്ത് കുറ്റിയറ്റുപോയതാണെല്ലോ. എന്നാൽ ഈ പടം, സുജാതയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും വെല്ലുവിളികളും, മകളുടെ കണക്കുപേടിയുമെല്ലാം പതിയെ പരിചയപ്പെടുത്തിയാണ് വിഷയത്തിലേക്ക് കടക്കുന്നത്.അതുകൊണ്ടുതന്നെ ആദ്യപകുതിയുടെ ചില ഭാഗങ്ങളിൽ ലാഗ് അനുഭവപ്പെടുന്നുമുണ്ട്.
ആദ്യ പത്തുമിനുട്ട് കണ്ടാൽ, കൈ്‌ളമാക്‌സ്‌പോലും നമുക്ക് പ്രവചിക്കാൻ കഴിയുന്ന രീതിയിലുള്ള ഒരു ചിത്രമാണിതെന്നതാണ് ഇതിന്റെ മുഖ്യ പരാജയം. സുജാതയുടെ ഉപദേശങ്ങളും ഉദാഹരണങ്ങളും സാമാന്യം കത്തി തന്നെയാണ്.ഇങ്ങനെ ന്യൂസ്‌റീലിലും കുടുംബാസൂത്രണ പരസ്യങ്ങളിലും കാണുന്നപോലെ ഉപദേശിച്ചാൽ കുട്ടികൾ വഴിതെറ്റിപ്പോവുന്നതിലും അദ്ഭുദമുണ്ടോ?
മാത്രമല്ല,കഥയിൽ മലയാളി എപ്പോഴും തേടുന്ന സാമാന്യബുദ്ധിയെന്ന സാധനം ഇവിടെയും കഷ്ടിയാണ്.പത്താംക്‌ളാസിൽ പഠിക്കുന്ന മകളുടെ അതേ ഡിവിഷനിൽ തന്നെ അമ്മയും പഠിക്കാനത്തെിയാൽ എങ്ങനെയിരിക്കും. ഇത് സാധ്യമല്‌ളെന്നും ഒറ്റനോട്ടത്തിൽ തന്നെ അസംബന്ധമാണെന്നും സംവിധായകനും തിരക്കഥാകൃത്തുക്കൾക്കും മനസ്സിലാവുന്നില്ല. സ്‌കൂൾ വിദ്യാഭ്യാസമെന്നത് കേവലം പാഠപുസ്തം പഠിക്കൽ മാത്രമല്ല.കുട്ടിയുടെ വ്യക്തിത്വം വാർത്തെടുക്കൽ കൂടിയാണ്. അതാണ് ഏതാണ്ട് ഒരേ പ്രായ പരിധിയിൽ പെട്ടവരെ ഒന്നിച്ച് പഠിപ്പിക്കുന്നത്. എന്റെ പ്രിയ സംവിധായകാ, കുട്ടികൾക്കും മുതിർന്നവർക്കും രണ്ടു തരത്തിലുള്ള അധ്യയന പക്രിയയാണ്.രണ്ടു നിലയിലുള്ള മനോവ്യാപാരങ്ങളാണ് അവർക്ക്.
ഈ ചിത്രത്തിന്റെ രീതിയനുസരിച്ച്, നമ്മുടെ വയോജന ക്‌ളാസുകളും തുല്യതാ ക്‌ളാസുകളുമൊക്കെ ഒഴിവാക്കി അവർക്കൊക്കെ പത്താംക്‌ളാസിൽ കൗമാരക്കാർക്കൊപ്പം അഡ്‌മിഷൻ കൊടുക്കാവുന്നതാണ്! യാതൊരു അന്വേഷണവും ഗൃഹപാഠവും ചെയ്യാതെ ഹിന്ദിയിലെ വങ്കത്തം അതേപടി പൊക്കിയതാവാനാണ് ഇവിടെ സാധ്യത.പക്ഷേ അതോടെ കഥയുടെ മർമ്മം തകർന്നുപോവുന്നു.സ്‌കൂളിനുപകരം ഒരു ട്യൂഷൻ ക്‌ളാസിലോ മറ്റാക്കി ഇത് മാറ്റുന്നതായിരുന്നു നല്ലത്.പിന്നെ ഒരേ വീട്ടിൽനിന്ന് വരുന്ന അമ്മയും മകളും അവരുടെ ബന്ധം ആരുമറിയായെ ഒരു വർഷം ശത്രുക്കളെപ്പോലെ പഠിക്കുന്നതും, അവസാനത്തെ സെന്റിമെൻസും.. ഹോ, എനിക്ക് വയ്യ.നിങ്ങൾ കണ്ടുതന്നെ ഈ സോദ്ദേശ്യ കുടുംബ ചിത്രം അനുഭവിക്കുക.
സ്ത്രീശാക്തീകരണത്തിന്റെ പേരിലും സ്ത്രീവിരുദ്ധത!
ഈ ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാർക്കും പറ്റിപ്പോയ ഏറ്റവും വലിയ അബദ്ധം, യാതൊരു രാഷ്ട്രീയ ഉൾക്കാഴ്ചയുമില്ലാതെയാണ് പടം പിടിച്ചതെന്നാണ്.തങ്ങൾ വലിയ സ്ത്രീശാക്തീകരണത്തിന് നേതൃത്വം കൊടുക്കയാണെന്ന് ധരിച്ചുകൊണ്ട് സ്ത്രീവിരുദ്ധതക്ക്, അറിയാതെ കുടപിടിക്കുകയാണിവർ. ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധിയെന്നൊക്കെ പറഞ്ഞ് സ്ത്രീയെ അമ്മയായും ദേവിയായും 'ആരാധിച്ച്' ചങ്ങലക്കിടുന്ന അതേ തന്ത്രം. പതിവുപോലെ സഹനത്തിന്റെയും ത്യാഗത്തിന്റെയും വലിയ പ്രതീകമാണ് ഈ പടത്തിലെ സുജാതയും. ഭർത്താവ് അകാലത്തിൽ വിട്ടുപിരിഞ്ഞിട്ടും അവൾ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കരുത്. എല്ലാം മകൾക്കുവേണ്ടി സഹിച്ച്, ലൈംഗികതൃഷ്ണയെ അടിച്ചമർത്തി അവൾ മകൾക്കുവേണ്ടി സർവ്വം സഹയായി ജീവിക്കണം. അതായത് ഒരു പാട്രിയാർക്കലായ ഒരു സമൂഹം ഒരു വിധവയെ എങ്ങനെ നോക്കിക്കാണുന്നു അതേ കണ്ണിലൂടെമാത്രമേ, നമ്മുടെ സംവിധായകനും സുജാതയെ കാണാൻ പറ്റൂ. മാറ്റിവെക്കൂ നിന്റെ ഇഷ്ടങ്ങളൊക്കെ, നീ മകൾക്കുവേണ്ടി ജീവിക്കാനുള്ളതാണ്, നിന്റെ ഭർത്താവിന്റെ ഓർമ്മകൾ മാത്രം മതി നിനക്ക് എന്ന് ഈ ചിത്രം സുജാതയോട് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.
ഇനി സുജാതുടെ എല്ലാ കഷ്ടപ്പാടുകളും അറിഞ്ഞ് അവളെ ഉപാധികളില്ലാതെ സ്‌നേഹിക്കുന്ന അയൽക്കാരനായ ഒരു ചെറുപ്പക്കാരനെ കാണിക്കുന്നുണ്ട്.സെക്രട്ടറിയേറ്റിൽ പ്യൂണായി സർക്കാർ ജോലി കിട്ടിയപ്പോൾ അയാൾ സുജാതക്കും മകൾക്കും പായസം വെച്ച് കൊണ്ടുതരുന്നു.ഒരിക്കൽ അയാൾ രണ്ടും കൽപ്പിച്ച് സുജാതയോട് വിവാഹ അഭ്യർത്ഥന നടത്തുമ്പോൾ അവൾ വാതിൽ കൊട്ടിയടക്കുകയാണ്.( പിന്നീട് ആ ചെറുപ്പക്കാരനെ ഒറ്റ സീനിലും കണ്ടിട്ടുമില്ല)
അതുപോലെതന്നെ ഒരിക്കൽ സുജാത ജോലിക്കിടെ വീണ് പരിക്കേറ്റതിനാൽ, ബൈക്കിൽ സഹപ്രവർത്തകൻ വീട്ടിൽ കൊണ്ടുവിടുന്നു. ഇതുകണ്ട് പത്താം ക്‌ളാസിൽ പഠിക്കുന്ന മകൾ കരുതുന്നത് അമ്മ, അസന്മാർഗിക മാർഗത്തിലൂടെയാണ് കാശുണ്ടാക്കുന്നതെന്നാണ്! അതവൾ അമ്മയോട് വെട്ടിത്തുറന്ന് പറയുന്നുമുണ്ട്. നോക്കൂ, ശരിക്കുമൊരു സദാചാര പൊലീസായ പുരുഷന്റെ അതേ കാഴ്ച. ഒരു സ്ത്രീയും പുരുഷനും ബൈക്കിൽ യാത്രചെയ്താൽ, അതിൽ ലൈംഗിക സൂചനകൾ കാണുന്നത്ര ബോധമില്ലാത്ത തലമുറയാണ് ഈ ന്യൂജൻ പത്താംക്‌ളാസിൽ ഉള്ളതെന്ന് കരുതുന്നവരെ സമ്മതിക്കണം.
മാത്രമല്ല, ഈ സിനിമയിലുടനീളം ജോലി ചെയ്യാനായി ചാവി കൊടുത്തുവെച്ച ഒരു യന്ത്രപ്പാവയെപ്പോലെയാണ് സുജാതയെ കാണിച്ചിരിക്കുന്നത്. ഇപ്പോൾ വിവാദമായ, സ്ത്രീ ചേലാകർമ്മകേന്ദ്രത്തിലെങ്ങാനും പെട്ടുപോയപോലെ ലൈംഗികമായി നിർജ്ജീവമാണ് സുജാത.ഏത് വിധവയിൽനിന്ന് നമ്മുടെ പുരുഷാധിപത്യ സമൂഹം ആഗ്രഹിക്കുന്നതും ഇതുതന്നെ. തന്റെ എല്ലാ ആഗ്രഹങ്ങളും മാറ്റിവെച്ച്, മകളെ പഠിപ്പിച്ച് കലക്ടറാക്കുക മാത്രമാണ് സ്ത്രീ ശാക്തീകരണമെന്ന് കരുതത്തക്ക ബൗദ്ധിക നിലവാരമേ ഈ ചിത്രം ഉയർത്തിപ്പിടിക്കുന്നുള്ളൂ.
ലേഡി സൂപ്പർസ്റ്റാർ ടൈപ്പാവുമ്പോൾ
കാര്യം മഞ്ജു വാര്യരാണെന്നിരിക്കട്ടെ, ഒരേ അച്ചിൽവാർത്ത വേഷങ്ങൾ എത്രകാലമാണ് പ്രേക്ഷകർ സഹിക്കുക. രണ്ടാംവരവിൽ മഞ്ജുവിന് ഉടനീളം കിട്ടുന്നത് സുജാതമോഡൽ സ്റ്റീരിയോടൈപ്പുകളെയാണ്.ശാക്തീകരിക്കപ്പെടേണ്ട സ്വന്തം കാലിൽനിൽക്കേണ്ട വീട്ടമ്മയെ നാം 'ഹൗ ഓൾഡ് ആർ യു' തൊട്ടു കാണുന്നുണ്ട്.മഞ്ജുവിലെ നടി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ഈ ക്ഷീരബലകളാണ്.
ഉദാഹരണം സുജാതയിലും, മഞ്ജുവിന്റെ വേഷം ആവറേജിനപ്പുറം എത്തിയിട്ടില്ല. ബ്‌ളാക്കടിച്ചതാണെന്ന് വ്യക്തമാവുന്ന മേക്കപ്പ് കഥാപാത്രത്തെ ദുർബലമാക്കുന്നുമുണ്ട്.അഭിനയത്തിന്റെ അനായാസതയും കൊതിപ്പിക്കുന്ന ഊർജവുമായിരുന്നു, ഒന്നാംവരവിലെ മഞ്ജു ചിത്രങ്ങളിലെ മുതൽക്കൂട്ട്. എന്നാൽ ഉപദേശവും പ്രാരാബ്ദ്ധവുമായി നടക്കുന്ന സുജാതയിൽ ഈ നടിയുടെ കൈയൊപ്പ് പതിഞ്ഞിട്ടില്ല. ലോഹിതദാസിന്റെ കന്മദത്തിലെ, കനൽച്ചൂടുള്ള ഭദ്രയെയും സുജാതെയെയും താരതമ്യം ചെയ്താൽ മഞ്ജുവിന്റെ ക്‌ളാസ് താഴോട്ടാണെന്ന് വ്യക്തമാവും.
ഉള്ളത് കുളമാക്കിയിട്ടില്ല എന്ന് മാത്രം. പക്ഷേ സ്വന്തം ജീവിതാനുഭവങ്ങൾ വെച്ച് കണക്ക് പഠിക്കുന്നതും, 'മകൾക്ക് തോനുന്നതെല്ലാം വിളിച്ചുപറയാൻ കഴിയുന്ന ചവറ്റുപാത്രമാണോ അമ്മ' എന്ന ചോദ്യം ചോദിക്കുമ്പോഴുമൊക്കെ, പഴയ മഞ്ജുഭാവത്തിന്റെ മിന്നലാട്ടങ്ങൾ പ്രകടമാണ്.രണ്ടാംപകുതിയിൽ മതിൽ ഏന്തിനോക്കിയും മറ്റുമായി കുറേ കോമഡികൾ മഞ്ജുവിൽനിന്ന് ഒപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും ഒന്നും ഏറ്റിട്ടില്ല.(ട്രോളന്മാർക്ക് രാമലീലയുടെ തിരക്ക് നോക്കുന്ന മഞ്ജുവെന്ന് അടിക്കാനായത് മിച്ചം!)
ഈ പടത്തിൽ ശരിക്കും താരമായത് സുജാതയുടെ മകളായി അരങ്ങേറ്റം കുറിച്ച അനശ്വരയാണ്. സ്വാഭാവികത തുടിച്ച് നിൽക്കുന്ന വേഷങ്ങളിലുടെ താൻ മലയാളത്തിന് മികച്ച മുതൽക്കൂട്ടാണെന്ന് ഈ മിടുക്കി തെളിയിച്ചിരിക്കുന്നു. പ്രതാപകാലത്തെ മഞ്ജുവാര്യരെ ഇടക്ക് ഓർമ്മിപ്പിക്കുന്നുണ്ട് ഈ യുവ പ്രതിഭയെന്നെങ്കിലും, 'അച്ചുവിന്റെ അമ്മയിലെ' ഉർവശി-മീരാജാസ്മിൻ കോമ്പിനേഷൻപോലെ ഹൃദയത്തിൽ തട്ടുന്ന അമ്മയും മകളുമായി ഈ കോമ്പോ എല്ലായിടത്തും മാറുന്നില്ല.
ഒരു പാട് സഹതാരങ്ങൾ വേറെയുമുണ്ടെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്നത് ജോജു ജോർജിന്റെ കുതിരയെന്ന ഇരട്ടപ്പേരുള്ള കണക്ക് മാഷും, അഭിജ ശിവകലയുടെ കഥാപാത്രവുമാണ്.
ഗോപീസുന്ദറിന്റെ ഗാനങ്ങൾക്കുമുണ്ട് ഈ ടൈപ്പ് സ്വഭാവമെങ്കിലും ചിത്രത്തിന്റെ മൂഡിന് അത് ചേരുന്നുണ്ട്. മധുനീലകണ്ഠൻ കാമറ ചലപ്പിക്കുമ്പോഴുള്ള മിനിമം ഗ്യാരണ്ടി ഈ പടത്തിനുമുണ്ട്.
വാൽക്കഷ്ണം: രാമലീല വിജയിച്ചാൽ ജയിലിൽ കിടക്കുന്ന ദിലീപിന്റെ കുറ്റകൃത്യത്തിനുള്ള അംഗീകാരം എന്ന് പറയുന്നതുപോലുള്ള ഊളത്തരമാണ്, സുജാത പരാജയപ്പെട്ടാൽ അത് മഞ്ജുവിന്റെ ഈ വിഷയത്തിലുള്ള നിലപാടുകൾക്കുള്ള തിരിച്ചടിയാണെന്ന് കരുതുന്നതും. ഒരു നിരൂപക കേസരി ഫേസ്‌ബുക്കിൽ കുറിച്ചത് 'മഞ്ജുവാര്യരുടെ സുജാതയെ കണ്ട് മകൾ മീനാക്ഷി അമ്മയെ തിരിച്ചറിയട്ടെയെന്നാണ്'. ഇതുകേട്ടാൽ തോന്നും തങ്ങളുടെ ആത്മകഥ മഞ്ജുവും ദിലീപും മൽസരിച്ച് ഇറക്കുകയാണെന്നാണ്. സിനിമയെ സിനിമയായിക്കാണാൻ ഇത്രകാലമായിട്ടും നാം പഠിച്ചില്ലെങ്കിൽ മഹാ കഷ്ടമാണ്.