- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനയ്യലാലിനെ കൊന്നവർ ബിജെപിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചെന്ന് ഇന്ത്യാടുഡേ; അത് മലയാളത്തിൽ തർജ്ജമ വാർത്തയായപ്പോൾ തലക്കെട്ടിൽ എത്തിയത് 'പ്രതികൾക്ക് ബിജെപി ബന്ധമുണ്ടെന്ന് റിപ്പോർട്ട്' എന്നും; ആരാണ് ആ കൊലയാളികൾ? ഇല്ലാത്ത പരിവാർ ബന്ധം ആരോപിച്ച് യഥാർത്ഥ പ്രശ്നത്തെ മറയ്ക്കാൻ ശ്രമിക്കുമ്പോൾ
ന്യൂഡൽഹി: പ്രവാചക നിന്ദ ആരോപിച്ച് രാജസ്ഥാനിൽ തയ്യൽകടക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ബിജെപി ബന്ധമെന്ന് റിപ്പോർട്ട് വ്യാജം. ഇന്ത്യാ ടുഡേ റിപ്പോർട്ടിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരത്തിൽ പ്രചരണം. ചില മലയാള മാധ്യമങ്ങളും ഈ വാർത്ത നൽകിയിരുന്നു.
പ്രതികളായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ നേരത്തെ ബിജെപി ന്യൂനപക്ഷ സെല്ലിൽ ചേരാൻ ശ്രമിച്ചിരുന്നതായി സംശയിക്കേണ്ടിയിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും രാജസ്ഥാൻ ബിജെപി യൂണിറ്റുമായി അടുത്ത് പ്രവർത്തിക്കാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുന്നുവെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട്. ബിജെപിയിൽ നുഴഞ്ഞു കയറാനാണ് ശ്രമം എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. എന്നാൽ മലയാളത്തിൽ അത് മറ്റൊരു തലത്തിലായി എന്നാണ് വസ്തുത.
പ്രതികളിലൊരാളായ റിയാസ് അത്താരി വിശ്വസ്തർ മുഖേന പാർട്ടി പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ൽ ഉംറക്ക് പോയി മടങ്ങിയെത്തിയ അദ്ദേഹത്തെ രാജസ്ഥാൻ ബിജെപി ന്യൂനപക്ഷ മോർച്ച അംഗം ഇർഷാദ് ചെയിൻവാല സ്വാഗതം ചെയ്യുന്ന ചിത്രം ഇന്ത്യാ ടുഡേ പുറത്തുവിടുന്നു. പത്ത് വർഷത്തിലേറെയായി പ്രദേശിക ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് ചെയിൻവാല. ഉദയ്പൂരിലെ ബിജെപി പരിപാടികൾക്ക് റിയാസ് അത്താരി പങ്കെടുക്കാറുണ്ടെന്നും ചെയിൻവാല സമ്മതിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതെല്ലാം ബിജെപിയിൽ നുഴഞ്ഞു കയറാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പക്ഷേ ഒരിക്കലും അത് വിജയിച്ചില്ല. ഇതാണ് വാസ്തവം.
എന്നാൽ ചില മലയാള മാധ്യമങ്ങളിലെ തലക്കെട്ട് തീർത്തും തെറ്റിധരിപ്പിക്കുന്നതാണ്. ബിജെപിയിൽ നുഴഞ്ഞു കയറാൻ കൊലയാളികൾ ശ്രമിച്ചു എന്നതിന് പകരം അവർ അതിനെ 'ഉദയ്പൂർ കൊലപാതകം; പ്രതികൾക്ക് ബിജെപി ബന്ധമെന്ന് റിപ്പോർട്ട്; ചിത്രം പുറത്ത്' ഇത്തരത്തിലേക്ക് മാറ്റി. ഇതോടെ പരിവാർ വിരുദ്ധർ ഈ വാർത്തകളെ ആഘോഷമാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യാ ടുഡേ റിപ്പോർട്ടിന്റെ അന്തസത്ത അതല്ലെന്നതാണ് വസ്തുത. ബിജെപി നേതാവായ ഇർഷാദ് ചെയിൻവാലയും അടക്കം അഭിമുഖം നടത്തിയാണ് വസ്തുത ഇന്ത്യാ ടുഡേ നൽകിയിട്ടുള്ളത്. അതിൽ ഒരിടത്തും കൊലയാളികൾ ബിജെപിക്കാരാണെന്ന് പറയുന്നില്ല.
'ചിത്രത്തിൽ ഉള്ളത് ഞാൻ തന്നെയാണ്. ഉംറക്ക് പോയി തിരിച്ചെത്തിയ അദ്ദേഹത്തെ ഞാൻ ഹാരമണിയിച്ച് സ്വീകരിച്ചിരുന്നു. ബിജെപി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം മറ്റ് ചിലർകൂടി എത്താറുണ്ട്. ബിജെപി നേതാവായ ഗുലാബ് ചന്ദ് കഠാരിയയുടെ നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. റിയാസ് പലപ്പോഴും ആ പരിപാടികളിൽ ക്ഷണിക്കാതെ വരുമായിരുന്നു. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണങ്ങളിൽ അദ്ദേഹം ബിജെപിയെ ശക്തമായി എതിർക്കുമായിരുന്നു.' -ഇതാണ് ഇന്ത്യാ ടുഡേയോടുള്ള ഇർഷാദ് ചെയിൻവാലയുടെ പ്രതികരണം.
ബിജെപി പ്രവർത്തകനെന്ന് പരിചയപ്പെടുത്തികൊണ്ട് ഇർഷാദ് ചെയിൻവാല പറഞ്ഞ മുഹമ്മദ് താഹിർ മുഖേനയാണ് റിയാസ് അത്താരി പാർട്ടി പരിപാടികൾക്ക് എത്തിയിരുന്നത്. റിയാസുമായി താഹിറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ചെയിൻവാല പറഞ്ഞു. അതേസമയം ഇന്ത്യാ ടുഡേ വാർത്താ സംഘം താഹിറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. ബിജെപിയിൽ നുഴഞ്ഞു കയറി പ്രശ്‌നമുണ്ടാക്കാൻ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ടെന്ന വസ്തുത കൂടിയാണ് ഇന്ത്യാ ടുഡേ ഇതിലൂടെ പുറത്തു കൊണ്ടു വരുന്നതെന്നതാണ് വസ്തുത.
കനയ്യലാൽ എന്ന തയ്യൽക്കാരനെ കൊലപ്പെടുത്തിയ ഗൗസ് മുഹമ്മദിന് ദഅ്വത്ത്-ഇ-ഇസ്ലാമി (ഡിഇഐ) എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നാണ് രാജസ്ഥാൻ പൊലീസിന്റെ കണ്ടെത്തൽ. നാല് പതിറ്റാണ്ട് മുമ്പ് പാക്കിസ്ഥാനിൽ സ്ഥാപിതമായ ഒരു സുന്നി ബറേൽവി മതപരിവർത്തന ഗ്രൂപ്പാണിത്. നിരവധി രാജ്യങ്ങളിൽ ഇവരുടെ സംഘങ്ങളുണ്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ദഅ്വത്ത്-ഇ ഇസ്ലാമി യഥാർത്ഥ സംഘത്തിൽ നിന്ന് വേർപ്പെട്ടു നിൽക്കുന്ന സുന്നി ഗ്രൂപ്പാണ്, അവർക്ക് ഡിഇഐ പാക്കിസ്ഥാനുമായി യാതൊരു ബന്ധവുമില്ല.
മതനിന്ദയും പ്രവാചകന്റെ അന്തിമത്വത്തിന്റെയും വിഷയങ്ങളിൽ 2016 മുതൽ നിരവധി തവണ റാലികൾ നടത്താനും തെരുവിൽ ശക്തി പ്രകടനം നടത്താനും ബറേൽവി ഗ്രൂപ്പായ തെഹ്രീകെ-ലബ്ബൈക്ക് പാക്കിസ്ഥാൻ (ടിഎൽപി), പ്രചോദനം ഉൾക്കൊണ്ടത് ഡിഇഐയിൽ നിന്നാണ്. അതിനിടെ കനയ്യലാലിനെ കൊന്ന പ്രതികൾ ഉപയോഗിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ ദുരൂഹതയുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2611 എന്ന പ്രത്യേക നമ്പർ കിട്ടാൻ പ്രതികൾ അധിക പണം നൽകിയെന്നും ഇതിന് പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു. മുബൈ ഭീകരാക്രമണം നടന്ന 26/11 ദിവസവും പ്രതികളുടെ ബൈക്ക് നമ്പറും തമ്മിൽ ബന്ധമുണ്ടോയെന്നാണ് പൊലീസ് സംശയിക്കുന്നത്.
കൊലചെയ്യപ്പെട്ട ദിവസത്തേയും പോസ്റ്റുമോർട്ടത്തിൽ ലഭിച്ച വിവരങ്ങളേയും കണക്കുകൂട്ടുമ്പോഴും വണ്ടി നമ്പറിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കനയ്യലാലിന്റെ ശരീരത്തിൽ 26 പരിക്കുണ്ട്. 26 മുറിവുകളുമുണ്ട്. മാത്രമല്ല 28-ാം തീയതിയാണ് കനയ്യലാൽ കൊല്ലപ്പെടുന്നത്. ഇത് ബൈക്കിന്റെ ആദ്യ രണ്ട് അക്കവും അടുത്ത രണ്ട് അക്കവും കൂട്ടിയാൽ കിട്ടുന്ന സഖ്യയുമാണെന്ന് പൊലീസ് പറയുന്നു. പ്രതികൾക്ക് പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന് നേരത്തെ തന്നെ പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
ആർ.ജെ. 27 എ.എസ് 2611 ആണ് പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കിന്റെ നമ്പർ. 2013-ൽ എച്ച്.ഡി.എഫ്.സിയിൽ നിന്ന് ലോണെടുത്താണ് പ്രതികളിലൊരാളായ റിയാസ് അക്താരി ഈ ബൈക്ക് വാങ്ങിയത്. ഇതേ നമ്പർ കിട്ടാൻ 5000 രൂപ അധികം നൽകുകയും ചെയ്തു. 2014 മാർച്ച് മുതൽ ബൈക്കിന് ഇൻഷൂറൻസ് ഇല്ലെന്നും പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ