ഉദയ്പൂർ: ഉദയ്പൂരിൽ ഉച്ചതിരിഞ്ഞ് തയ്യൽ ജോലി ചെയ്യുമ്പോൾ, കനയ്യ ലാൽ അറിഞ്ഞില്ല, കൊലയാളികൾ ഇടപാടുകാരുടെ രൂപത്തിൽ വരുമെന്ന്. അക്രമികൾ പുറത്തുവിട്ട വീഡിയോയിൽ, രണ്ടുപേർ കടയിലേക്ക് കയറുന്നത് കാണാം. തുണി തയ്ക്കാനെന്ന വ്യാജേനയാണ് ഇരുവരും കനയ്യ ലാലിനെ സമീപിക്കുന്നത്. കനയ്യലാൽ, ഇതിൽ, ഒരാളുടെ വസ്ത്രത്തിന്റെ അളവ് എടുക്കുന്നതും കാണാം. മറ്റേയാൾ, ഈ സമയം വീഡിയോ ഷൂട്ട് ചെയ്യുകയാണ്.

മിനിറ്റുകൾക്കകം ഇരുവരും കത്തികളുമായി കനയ്യലാലിനെ ആക്രമിക്കുന്നു. ഇതും വീഡിയോയിൽ ചിത്രീകരിക്കുന്നു. പിന്നീട് മറ്റൊരു വീഡിയോയിൽ, ക്യാമറയ്ക്ക് മുമ്പിൽ തയ്യൽക്കാരനെ വകവരുത്തിയതിനെ കുറിച്ച് സംസാരിക്കുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നു.

ദയവായി വീഡിയോ കാണരുതെന്നും, സംപ്രേഷണം ചെയ്യരുതെന്നുമാണ് രാജസ്ഥാനിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഹവ സിങ് ഗുമാറിയ മാധ്യമങ്ങളോട് പറഞ്ഞത്. അത്രയ്ക്ക് ക്രൂരമാണ് വീഡിയോയിലെ തലയറുക്കൽ ദൃശ്യങ്ങൾ.റാഫിഖ് മുഹമ്മദ്, അബ്ദുൾ ജബ്ബാർ എന്നിങ്ങനെയാണ് പിടിയിലായവരുടെ പേരുകൾ. ഇരുവരും ഉദയ്പുർ സൂരജ്പോലെ സ്വദേശികളാണെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു.

ഉദയ്പൂരിലെ മാൽദയിലാണ് സംഭവം. പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ദേശീയ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് കനയ്യ ലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരിലാണ് അരുംകൊല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്.

അക്രമികളിൽ ഒരാളുടെ പേര് റിയാസെന്ന് തിരിച്ചറിഞ്ഞു. ഇയാളാണ് കത്തി കൊണ്ട് കനയ്യലാലിനെ ആക്രമിച്ചത്. മറ്റേയാൾ അതേസമയം, സംഭവം മൊബൈലിൽ റെക്കോഡ് ചെയ്തു. സംഭവത്തിന് ശേഷം, ജൂൺ 17 ന് റെക്കോഡ് ചെയ്ത മൂന്നാമതൊരു വീഡിയോ കൂടി പുറത്തുവന്നിട്ടുണ്ട്. അക്രമികളിൽ ഒരാൾ പ്രവാചക നിന്ദയുടെ പേരിൽ ശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ചാണ് വീഡിയോയിൽ സംസാരിക്കുന്നത്.

കൊല നടത്തിയ കത്തി എന്നവകാശപ്പെട്ട്, ഒരു കത്തിയും അവർ ഉയർത്തിക്കാട്ടി. കൊല്ലപ്പെട്ട യുവാവിന്റെ രക്തമാണ് കത്തിയിൽ പുരണ്ടിരിക്കുന്നതെന്നും അക്രമികൾ അവകാശപ്പെട്ടു. അസ്സലാമു അലൈക്കും എന്ന് പറഞ്ഞു കൊണ്ടാണ് ഭീഷണി വീഡിയോ ആരംഭിക്കുന്നത്. തങ്ങൾ ജീവിക്കുന്നതും മരിക്കുന്നതും അള്ളാഹുവിന് വേണ്ടി ആയിരിക്കുമെന്ന് അക്രമികൾ വീഡിയോയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറഞ്ഞാണ് അവർ വീഡിയോയിൽ ഭീഷണിപ്പെടുത്തുന്നത്്. അള്ളാഹുവിന്റെ നാമത്തിൽ ഇസ്ലാമിനെ സംരക്ഷിക്കാൻ, വേണ്ടി വന്നാൽ ആരെയും കൊല്ലുമെന്നും അക്രമികൾ വീഡിയോയിൽ പറയുന്നു.

സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദുഃഖം രേഖപ്പെടുത്തി. വേദനാജനകവും അപമാനകരവുമായ കാര്യമാണ് നടന്നതെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിന് പിന്നാലെ ഉദയ്പുരിലെ മൽദാ തെരുവിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

കോൺഗ്രസ് ഭരണത്തിന് എതിരെ ബിജെപി

കോൺഗ്രസിന്റെ പ്രീണന നയത്തിന്റെ ഫലമാണ് ഈ സംഭവമെന്ന് ബിജെപി ആരോപിച്ചു. 'എന്തൊരു സർക്കാരാണ് ഇത് അശോക് ജി, കനയ്യ ലാലിന് ആരെയും പിന്തുണയ്ക്കാനുള്ള സ്വാതന്ത്ര്യമില്ല, മറിച്ച് മുഹമ്മദ് റിയാസിന് കൊലപാതകത്തിനുള്ള സ്വാതന്ത്ര്യമുണ്ട് താനും. പ്രധാനമന്ത്രിക്ക് നേരേയും റിയാസ് ഭീഷണി മുഴക്കി. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുത്ത് തീവ്രവാദ ബന്ധം അന്വേഷിക്കണം', രാജസ്ഥാൻ ബിജെപി അദ്ധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.

അശോക് ഗലോട്ടിന്റെ ഭരണത്തിൻ കീഴിൽ ഹിന്ദുക്കളുടെ ജീവൻ സുരക്ഷിതമല്ലെന്ന് ഉദയ്പൂർ സംഭവം തെളിയിച്ചു. ഇത് മുഖ്യമന്ത്രിയുടെയും കോൺഗ്രസിന്റെയും പ്രീണന ഫലമാണെന്നും പൂനിയ ആരോപിച്ചു.