ഉദയ്പൂർ: ഉദയ്പൂരിൽ തയ്യൽക്കടക്കാരൻ കനയ്യലാലിന്റെ അരുംകൊല നടത്തിയവർക്ക് പാക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നതിന് പുറമേ പുതിയ വെളിപ്പെടുത്തലുമായി രാജസ്ഥാൻ പൊലീസ്. തന്റെ മോട്ടോർ സൈക്കിളിന് 2611 എന്ന നമ്പർ കിട്ടാൻ വേണ്ടി കൊലയാളികളിൽ ഒരാളായ റിയാസ് അഖ്താരി 5000 രൂപ അധികം കൊടുത്തിരുന്നതായാണ് കണ്ടെത്തൽ. മുംബൈ ഭീകരാക്രമണം ഉണ്ടായ തീയതിയിലേക്കാണ് പൊലീസ് ഇത് ബന്ധിപ്പിക്കുന്നത്.

ഇതേ ബൈക്കാണ് ഗോസ് മുഹമ്മദും, റിയാസ് അഖ്താരിയും കൊലയ്ക്ക് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ചത്. RJ27AS2611 എന്ന പേരിലുള്ള ബൈക്ക് ഇപ്പോൾ, ഉദയ്പൂരിലെ ധൻ മണ്ഡി പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. 2611 എന്ന നമ്പറിന് വേണ്ടി റിയാസ് മനഃപൂർവം ചോദിച്ചുവെന്നും നമ്പർ പ്ലേറ്റിനായി 5000 രൂപ അധികം മുടക്കിയെന്നും പൊലീസ് പറയുന്നു. ഇത് അരുകൊലയുടെ പിന്നിലെ നിർണായകമായ തെളിവുകളിലേക്കും, ആസൂത്രണത്തിലേക്കും നയിക്കുമെന്ന് പൊലീസ് കണക്കുകൂട്ടുന്നു.

2014 ൽ റിയാസ് നേപ്പാൾ സന്ദർശിച്ചിരുന്നതായി പാസ്‌പോർട്ട് രേഖകൾ വ്യക്തമാക്കുന്നു. മൊബൈൽ ഡാറ്റ പരിശോധിച്ചപ്പോൾ, ഫോൺ പാക്കിസ്ഥാനിലേക്ക് കോളുകൾ വിളിക്കാൻ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.

ഗോസിനെയും റിയാസിനെയും, ഉദയ്പൂരിൽ നിന്ന് 45 കിലോമീറ്റർ അകലെ രാജ്‌സ്മന്ദ് ജില്ലയിലെ പൊലീസ് ബാരിക്കേഡിൽ വച്ചാണ് പിടികൂടിയത്. ആർടിഒ രേഖകൾ പ്രകാരം, റിയാസ് അഖ്താരി, 2013 ൽ എച്ഡിഎഫ്‌സി ബാങ്കിൽ നിന്ന് വായ്പ എടുത്താണ് ബൈ്ക്ക് വാങ്ങിയത്. 2014 മാർച്ചിൽ ബൈക്കിന്റെ ഇൻഷുറൻസ് കാലാവധി അവസാനിച്ചെങ്കിലും പുതുക്കിയിരുന്നില്ല.

റിയാസും ഗോസും ഇപ്പോൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ചാവേർ ആക്രമണങ്ങൾ പദ്ധതിയിട്ടിരുന്ന ചില ഓൺലൈൻ ഗ്രൂപ്പുകളിൽ പ്രതികൾ അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തലുണ്ട്. പ്രതിയായ ഗോസ് മുഹമ്മദിന്റെ പാക് സന്ദർശനം സംശയകരമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ആകെ ഏഴ് പേർ കസ്റ്റഡിയിലുണ്ട്.

കൊലപാതകത്തെ കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിൽ പ്രതികൾക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതൽ തെളിവ് കണ്ടെത്താനാണ് രാജസ്ഥാൻ പൊലീസും എൻഐഎയും ശ്രമിക്കുന്നത്. അറസ്റ്റിലായ റിയാസിന് പാക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഉദയ്പുരിലെ തിരക്കേറിയ മാർക്കറ്റിലുള്ള തന്റെ കടയിൽ വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് കനയ്യലാൽ കൊല്ലപ്പെട്ടത്. ചാനൽ ചർച്ചയിൽ പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിനാണ് കനയ്യലാലിനെ കഴുത്തറുത്തുകൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

കനയ്യലാലിന്റെ തയ്യൽക്കടയിൽ തുണി തയ്‌പ്പിക്കാൻ അളവെടുക്കാനെന്ന വ്യാജേനയെത്തിയ പ്രതികൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രതികൾ ഭീഷണി മുഴക്കിയിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് രാത്രിയോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.