കൊച്ചി: ഇന്ദ്രൻസ് ഉടലിലൂടെ പറയുന്നത് കാരണവർ കൊലക്കേസോ? അത്തരത്തിലെ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവം. ഉടൽ എന്ന ഹിറ്റ് ചിത്രത്തിന്റെ രചനയിൽ തിരക്കഥാകൃത്ത് കൂടിയായ സംവിധായകനെ സ്വാധീനിച്ചത് കാരണവർ വധക്കേസ് ആണോ? കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെയും ഉടലിലെ ഷൈനിയുടെയും സാമ്യതകളും സാഹചര്യങ്ങളും ആണ് ഇത്തരം ഒരു സംശയത്തിലേക്ക് നയിക്കുന്നത്. സംവിധായകന്റെ നാട്ടുകാരിയാണ് കുറ്റവാളിയായി ശിക്ഷിക്കപ്പെടുന്ന ഷെറിൻ. ഇരുവരും പത്തനാപുരം നിവാസികൾ.

2009 നവംബർ 9നാണ് ഭാസ്‌കര കാരണവർ കൊല്ലപ്പെടുന്നത്. കിടപ്പു മുറിയിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം. വിശ്രമ ജീവിതം നയിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിൽ എത്തിയ കാരണവരെ മരുമകൾ ഷെറിനും കാമുകൻ ബാസിത് അലിയും ചേർന്നാണ് കൊലപ്പെടുത്തിയത്. നിർധന കുടുംബത്തിൽ ജനിച്ച ഷെറിനെ ബുദ്ധിമാന്ദ്യമുള്ള മകനെ നോക്കും എന്ന വിശ്വാസത്തിൽ ആണ് കാരണവർ മരുമകൾ ആക്കിയത്. എന്നാൽ സ്വത്ത് ഭാഗം വെച്ച കാര്യത്തിലുള്ള തർക്കത്തിലും തന്റെ ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിന് തടസ്സമായതിനാലും ആണ് കാമുകന്റെയും അവരുടെ കൂട്ടുകാരുടെയും സഹായത്തോടെ കൊല്ലുന്നത്.

ഉടലിലെ ഷൈനിക്കും സമാനതകൾ ഏറെയാണ്. ഷൈനി കുട്ടിച്ചായന്റെ ആ വീട്ടിൽ ഏറെ അസ്വസ്ഥതയായിട്ടാണ് ജീവിക്കുന്നത്. കിടപ്പുരോഗിയെ നോക്കണം എന്നതാണ് പ്രധാന കാരണം. സ്വന്തം ഭർത്താവ് തനിക്ക് പണി തന്ന് മാറിനിൽക്കുകയാണ് എന്ന് ഷൈനി കാമുകനോട് പറയുന്നുണ്ട്. ഇതിൽ നിന്നുള്ള മോചനമാണ് പ്രധാനമായും ഷൈനിയെ കൊലപാതകത്തിലേക്ക് നയിക്കുന്നത്. കാര്യങ്ങൾ വേറിട്ടു നിൽക്കുമ്പോളും ബാക്കി എല്ലായിടത്തും ഷൈനിയും ഷെറിനും ഒന്നിക്കുന്നു.

കാഴ്ചക്ക് ഉള്ള സാമ്യം ആണ് ആദ്യത്തേത്. ദുർഗ കൃഷ്ണ അവതരിപ്പിച്ച ഷൈനിയും കാരണവർ കേസിലെ കുറ്റവാളിയായ ഷൈനിയും ഏറെക്കുറെ കാണാൻ ഒരുപോലെയാണ് എന്നതാണ് ആദ്യത്തെ സാമ്യത. കൊലപാതക രീതി. രണ്ടിലും ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണ്. ഷെറിനും കാമുകനും ചേർന്നുള്ള കൊലപാതകം ആണ് കാരണവേഴ്സ് വില്ലയിൽ നടന്നത്. ഉടലിൽ ഷൈനിയും കാമുകനും ചേർന്നാണ് കൊലപാതകം നടത്തുന്നത്. രണ്ടിടത്തും കൂട്ടുകാരൻ വീടിന് പുറത്ത് ഉണ്ടായിരുന്നു എന്ന സാമ്യതയും കാണാം.

കിടപ്പു രോഗിയായ അമ്മായിയമ്മയാണ് ഉടലിൽ, കാരണവേഴ്സ് വില്ലയിൽ ബുദ്ധിമാന്ദ്യമുള്ള വ്യക്തിയാണ്. തന്റെ നാട്ടിൽ നിന്നുള്ള ഒരു സ്ത്രീ നടത്തിയ കൊലപാതകം സ്വാഭാവികമായും എഴുത്തുകാരനെ സ്വാധീനിക്കും. ഇപ്പോളും ജയിലിൽ ഉള്ള, പല കാരണങ്ങൾ കൊണ്ടും ജയിൽ അധികൃതർക്ക് തലവേദനയായ ഷെറിൻ എന്ന തന്റേടിയായ യുവതി , ഷൈനി എന്ന നായികയുടെ പാത്രനിർമ്മിതിക്ക് അതിനാൽ തന്നെ കാരണമായിട്ടുണ്ട്. ചിത്രം സൂപ്പർ ഹിറ്റായതോടെ പഴയ കൊലപാതക കഥയും വീണ്ടും ചർച്ചയാവുകയാണ്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ പൂർണ്ണ രൂപം

സംവിധായകന്റെ നാട്ടുകാരിയുടെ കഥയാണോ ഉടൽ. കാരണവർ വധക്കേസിലെ ഷെറിനാണോ ഉടലിലെ ഷൈനി?

#ഉടൽ എന്ന ചിത്രം കണ്ടപ്പോൾ ഉയർന്നു വന്ന ഒരു സംശയമാണ് ഇത് കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കാരണവർ വധക്കേസിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണോ ഉണ്ടാക്കിയത് എന്ന്. ഷെറിൻ എന്ന ഭാസ്‌കരകാരണവരുടെ മരുമകൾ തന്നെയല്ലേ ഒരർത്ഥത്തിൽ ഉടലിലെ ഷൈനി. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയ സംവിധായകൻ രതീഷ് രഘുനന്ദൻ പത്തനാപുരം സ്വദേശിയാണ്. കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ വീടും പത്താനാപുരത്താണ്. സ്വന്തം നാട്ടുകാരി നടത്തിയ ഈ കൊലപാതക കേസിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് ഉടൽ എഴുതിയത് എന്ന് എളുപ്പത്തിൽ മനസിലാക്കാം.
തന്റെ കാമുകനുമായി ചേർന്ന് ഷെറിൻ ഭാസ്‌ക്കര കാരണവരെ കൊലപ്പെടുത്തുന്നു. പണവും കാമവും തന്റെ സ്വൈര്യ വിഹാരത്തിന് തടസമായതും ആണ് ഇവിടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഷൈനി ഉടലിൽ കൊലപാതകം നടത്തുന്നതും ഏറെക്കുറെ സമാനമായ കാരണങ്ങൾ കൊണ്ടാണ്.

ഇവിടെ തീരുന്നില്ല സമാനതകൾ, കാഴ്ചക്ക് ഷെറിനും ഷൈനിയും ഏറെക്കുറെ ഒരേപോലെയാണ്. എന്തുകൊണ്ടാണ് ഇത്രയും സമാനതകൾ വന്നത്. കാമുകന്റെ സുഹൃത്തിനെ പുറത്തു നിർത്തിയാണ് ഷെറിൻ കൊലപാതകം നടത്തിയത് എങ്കിൽ ഉടലിൽ ഷൈനിയുടെ കാമുകനും സുഹൃത്തിനെ പുറത്തു നിർത്തിയാണ് വരുന്നത്. ഷെറിന് കാരണവർ വീട്ടിൽ നോക്കാൻ ഉണ്ടായിരുന്നത് ബുദ്ധിമാന്ദ്യമുള്ള ആളെ ആയിരുന്നെങ്കിൽ ഉടലിൽ ഷൈനിക്ക് നോക്കാൻ ഉണ്ടായിരുന്നത് കിടപ്പ് രോഗിയെ ആണ്. രണ്ടു കൊലപാതകങ്ങളും ശ്വാസം മുട്ടിച്ചാണ്. ഈ കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാണിക്കുന്നത് ഉടൽ എന്ന കഥയിലേക്ക് സംവിധായകൻ എത്താൻ കാരണം കാരണവർ വധക്കേസ് തന്നെയാണ് എന്നാണ്.