പ്രമേയ ദാരിദ്ര്യമാണ് മലയാള സിനിമയുടെ എറ്റവും വലിയ പ്രശ്നം എന്ന് പല തവണ എഴുതിയതാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നമോഡലിലുള്ള കറക്കിക്കുത്ത് കഥകൾ മാറ്റിയും മറിച്ചുമിട്ട് മടുത്തിരിക്കുന്ന സമയത്താണ് 'ഉടൽ' എന്ന, നവാഗത സംവിധായകനായ രതീഷ് രഘുനന്ദൻ തിരക്കഥ എഴുതി സംവധാനം ചെയ്ത ചിത്രമെത്തുന്നത്. ആദ്യം തന്നെ പറയട്ടെ, മലയാള സിനിമ കണ്ട ബോൾഡായ ഉദ്യമങ്ങളിൽ ഒന്നാണിത്.

കാരണം, ഒരുതരം അളിഞ്ഞ പ്രണയവും, തേപ്പ് കഥകളും, സത്യൻ അന്തിക്കാട് മോഡൽ സാരോപദേശ കുടുംബകഥകളുമല്ലാതെ, ലൈംഗികതയും, രതിയുമൊന്നും ഒരു വിഷയമായി എടുക്കാൻ ഭരതൻ- പത്മരാജൻ കാലത്തിനുശേഷം അധികം പേർക്കൊന്നും കഴിഞ്ഞിട്ടില്ല. അവിടെയാണ് ഉടലിന്റെ പ്രമേയ പുതുമ. രതിയും വയലൻസും ഇണചേരുകയാണ്, ഒറ്റരാത്രി കൊണ്ട് അവസാനിക്കുന്ന ഈ ചിത്രത്തിൽ. എ സർട്ടിഫിക്കേറ്റുള്ള ഈ ചിത്രത്തിലെ പല രംഗങ്ങളും ശരിക്കും പേടിപ്പിക്കും. ചില സീനുകൾ കാണുമ്പോൾ രാജ്യാന്തര ചലച്ചിത്രമേളയിലെ വിദേശ ചിത്രമാണോ നാം കാണുന്നത് എന്ന് തോന്നിപ്പോകും.

എന്നും വെച്ച് ഫാൾട്ടുകൾ ഒന്നുമില്ലാത്ത ചിത്രമല്ലിത്. ലോജിക്ക് വെച്ചു നോക്കുമ്പോൾ ഒരു പാട് തട്ടുകേടുകൾ ചിത്രത്തിനുണ്ട്. പക്ഷേ കഥയിലെ പുതുമയും, ചടുലമായ രംഗങ്ങളുമൊക്കെയായി ഒരിടത്തും ബോറടിക്കാത്ത രീതിയിലാണ് ചിത്രം മുന്നോട്ട് പോവുന്നത്. ഇന്ദ്രൻസിന്റെയും, ദുർഗാകൃഷ്ണയുടെയും കഥാപാത്രങ്ങൾ തീയേറ്റർ വിട്ടാലും നിങ്ങളെ വേട്ടയാടും.

ഉടലുകൾ കഥ പറയുമ്പോൾ

അവിഹിതം എന്ന ഓമനപ്പേരിൽ മലയാളി വിശേഷപ്പിക്കുന്ന എക്സ്ട്രാ മാരീറ്റൽ ബന്ധങ്ങളിലൂടെയാണ് 'ഉടൽ' കടന്നുപോവുന്നത്. കഥ നടക്കുന്നത് ഒരു ഒറ്റപ്പെട്ട മലയോര ഗ്രാമത്തിലാണ്. ന്യൂജൻ സിനിമകളുടെ പതിവ് രീതിയിൽ വീട്ടിലെ ഓരോ സംഭവങ്ങളിലേക്കും പതുക്കെ തന്റെ ക്യാമറ കൊണ്ടുപോവുകയാണ് സംവിധായകൻ. കാരണവർ വധക്കേസ് തൊട്ട് കൂടത്തായി ജോളി കേസ് വരെയുള്ള സ്ത്രീകൾ പ്രതികളായ സംഭവങ്ങളുമായി റിലേറ്റ് ചെയ്യാൻ പറ്റുന്നയാണ് ഈ ചിത്രം.

നാട്ടുകാർ കുട്ടിച്ചായൻ എന്ന് വിളിക്കുന്ന ഇന്ദ്രൻസിന്റെ വയോധിക കഥാപാത്രമാണ് ചിത്രത്തെ നയിക്കുന്നത്. കുട്ടിച്ചായന്റെ ഭാര്യ കൊച്ച് മൂന്ന് നാല് വർഷങ്ങളായി കിടപ്പിലാണ് ഇവർ. ഇവരുടെ മകനായ റെജിയുടെ (ജൂഡ് ആന്റണി ജോസഫ്) ഭാര്യ ആണ് ഷൈനി ( ദുർഗ കൃഷ്ണ ). ഇവർക്ക് ഒരു ആൺകുട്ടിയുമുണ്ട്. തിരുവനന്തപുരത്ത് ജോലിയുള്ള റെജി വല്ലപ്പോഴുമാണ് വീട്ടിൽ വരാറുള്ളത്.

കോവിഡ് അതിന്റെ മൂർധന്യത്തിൽ എത്തിനിൽക്കുന്ന സമയത്താണ് കഥ നടക്കുന്നത്. കിടപ്പിലായി അമ്മൂമ്മയെ നോക്കാനായി വന്ന ഹോം നഴ്സ്, ഇനിയും ലോക്ഡൗൺ ഉണ്ടാകുമോ എന്ന ഭീതിയിൽ, ജോലി നിർത്തിപ്പോവുന്നു. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ഷൈനിയുടെ തലയിൽ ആവുന്നു. ഒരു കിടപ്പുരോഗിയുള്ള വീടിന്റെ അന്തരീക്ഷം റിയലിസ്റ്റിക്കായി സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട്. ഓവ് ചാലിലൂടെ ഇടക്കിടക്ക് ഒഴുകി വരുന്ന ചോര കലർന്ന വെള്ളവും, ഉപയോഗിച്ച ഡയപ്പറുകളുടെ അവശിഷ്ടങ്ങളും ഒക്കെ ഇതിനുദാഹരണങ്ങളാണ്. ആ വീട്ടിലെ മണം കാരണം അലമാരയുടെ അകത്തു നിന്നും ബ്രഡ് എടുത്തു കഴിക്കുന്ന, ഇടയ്ക്കിടെ കൈ മണത്തു നോക്കുന്ന ഷൈനി എന്ന കഥാപാത്രം ആ വീട് അവർക്ക് എത്രമേൽ അസഹനീയമാണ് എന്ന് നമുക്ക് കാണിച്ചു തരുന്നുണ്ട്.

ആ വീർപ്പുമുട്ടലിൽനിന്നുള്ള ഷൈനിയുടെ മോചനം അവളുടെ കാമുകനാണ്. ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്ന ആ കഥാപാത്രമാണ് കിരൺ. കിരണുമായുള്ള സെക്സ് ടോക്കുകളും, രാത്രി വീട്ടിലെത്തുന്ന അയാളുമായുള്ള ശാരീരീക ബന്ധവുമാണ് ഷൈനിയുടെ ഏക ആശ്വാസം. അമ്മായി അമ്മ കിടപ്പിലായതുകൊണ്ട് അവൾക്ക് ജോലിക്ക്‌ പോകാൻ പറ്റുന്നില്ല. തന്റെ ശരീരത്തിലേക്ക് ആ ദുർഗന്ധം പടരുന്നുണ്ടെന്ന് ഒരു വേള ഷൈനിക്ക് തോന്നുന്നു. അങ്ങനെ ഇരിക്കെ ഒരു രാത്രി കാമുകനുമായി രമിച്ചശേഷം അവളുടെ മനസ്സിലേക്ക് ഒരു അപകടകരമായ കാര്യം ഓടിയെത്തുന്നു. ഈ ദുരിത ജീവിതത്തിൽ നിന്ന് രക്ഷനേടാനുള്ള പോംവഴി. അതെന്തെന്ന് കണ്ടുതന്നെ അറിയുക.

ദുർഗാകൃഷ്ണ ശരിക്കും ഫയർ

ട്രെയിലറിലും ടീസറിലും കാണുന്നുപോലെ ഇന്ദ്രൻസിന്റെ സൈക്കോ പ്രകടനം തന്നെയാണ് ചിത്രത്തിൽ. ആദ്യകാലത്ത് കുടക്കമ്പിയെന്നൊക്കെ വിളിക്കപ്പെട്ട, അരസീനിൽ വന്നുപോകുന്ന കോമാളി വേഷങ്ങൾ ചെയ്ത ഈ നടൻ ഇപ്പോൾ എത്രയെത്ര വേഷങ്ങളിലുടെയാണ് നമ്മെ നടുക്കുന്നത്. അഞ്ചാം പാതിരയിൽ സീരിയൽ കില്ലറായും, മാലിക്കിൽ കുശാഗ്ര ബുദ്ധിയുള്ള പൊലീസുകാരനായും, നാരദനിലെ ചോതി എന്ന ദലിതനായ മജിസ്ട്രേറ്റായും, മേപ്പടിയാനിലെ സൂത്രശാലിയായ ഹാജിയാരായുമൊക്ക വേഷപ്പകർച്ച നടത്തിയ ഇന്ദ്രൻസ് ഇവിടെയും അമ്പരിപ്പിക്കയാണ്. പ്രേക്ഷകരുടെ സിമ്പതിയും എമ്പതിയും ഒരുപോലെ പിടിച്ചുപറ്റുന്ന വിധത്തിലാണ് ആ പാത്രസൃഷ്ടി. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കുട്ടിച്ചായന്റെ വെളുത്ത നിറത്തിലുള്ള ഈ കണ്ണുകൾ രാത്രി സീനുകളിൽ വല്ലാത്തൊരു ഒരു ഭീതി സൃഷ്ടിക്കുന്നുണ്ട്.

പക്ഷെ, പടത്തിലുടനീളം തകർത്തുവാരുന്നതും ദുർഗാകൃഷ്ണ എന്ന നടിയാണ്.. ഇത്രയ്ക്ക് ഫയർ ആയിട്ടുള്ള ഫീ മെയിൽ ക്യാരക്റ്റർ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ആദ്യ സീനുകളിൽ, 'രതിനിർവേദത്തിലെ' ജയഭാരതിയെപ്പോലെ കാണുമ്പോൾ തന്നെ സെക്സ് അപ്പീൽ ഉണ്ടാക്കാൻ കഴിയുന്നുണ്ട് ദുർഗാകൃഷ്ണക്ക്. എന്നാൽ തുടർന്നുള്ള സീനുകളിൽ ഭയം ജനിപ്പിക്കാനും. രതി, അറപ്പ്, ഭയം, ക്രൗര്യം എന്നിങ്ങനെ വിവിധ ഭാവങ്ങൾ ആ മുഖത്ത് മിന്നിമറയുന്നത് കാണണം. വീട്ടിലെ ദുർഗന്ധം കാരണം കൈ ഡെറ്റോളിട്ട് മണത്തുനോക്കുന്ന ഷൈനി, രതിക്കുശേഷം മുഖം കഴുകി കണ്ണാടിനോക്കി ക്രൈം പ്ലാൻ ചെയ്യുന്ന ഷൈനി, .... ദുർഗാകൃഷ്ണയുടെ വിവിധ ഭാവങ്ങൾ കണ്ടാൽ ഇന്ദ്രൻസുമായി അഭിനയ മത്സരമാണെന്ന് തോനിപ്പോവും. തന്റെ കാമുക വേഷത്തെ ധ്യാൻ ശ്രീനിവാസും മോശമാക്കിയിട്ടില്ല.

ചിത്രത്തിൽ അതുപോലെ സിങ്ക് അയത് ബാക്ക്ഗ്രൗണ്ട് സ്‌കോറും, ക്യാമറയുമാണ്. മണിച്ചിത്രത്താഴിലെ ജോൺസൻ മാഷിന്റെ വയലിനെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള, വില്യം ഫ്രാൻസിസിന്റെ ഒരു ട്യൂൺ സിനിമയിലുടനീളം ഭീതിയുണ്ടാക്കുന്നുണ്ട്. മനോജ് പിള്ളയുടെ ക്യാമറാ മിടുക്ക് രാത്രി ദൃശ്യങ്ങളിൽ പ്രകടം.

യുക്തി പണയം വെക്കേണ്ട രംഗങ്ങൾ ഒട്ടേറെ

നല്ല ഒരു പ്രമേയവും നല്ല പിരിമുറക്കത്തിൽ എടുക്കാൻ കഴിഞ്ഞ ഈ ചിത്രത്തിൽ അൽപ്പം ലോജിക്ക് കൂടി സംവിധായകന് ഉപയോഗിക്കാമായിരുന്നു. എത്ര അടിയേറ്റാലും ചാടി എഴുനേറ്റ് ഓടുന്ന മിക്ക്മൗസ് മോഡൽ ശരീരമാണ് മനുഷ്യന് ഉള്ളത് എന്നാണോ ഈ പടത്തിന്റെ അണിയറ ശിൽപ്പികളുടെ വിചാരം. വൃദ്ധനായ ഒരു കണ്ണിന് കാഴ്‌ച്ചയില്ലാത്ത ഇന്ദ്രൻസിന്റെ കഥപാത്രത്തെ ഇവർ തലങ്ങും വിലങ്ങും മർദിക്കുന്നുണ്ട്. കത്തികൊണ്ട് കുത്തുന്നുണ്ട്. എന്നിട്ടും അയാൾ ഏണീറ്റ് വരുന്നു! രജനീകാന്ത് തോറ്റുപോകും. കമ്പിപ്പാര ചന്തിയിൽ കുത്തിക്കയറിയിട്ടും അടുത്ത സീനിൽ എഴുനേറ്റ് ഞൊണ്ടി നടക്കുന്ന ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രവും പ്രേക്ഷകന്റെ ബുദ്ധിയെ പരിഹസിക്കുന്നു. തലക്കടിയും, കൈക്ക് മാരകമായി പൊള്ളലും ഒക്കെയുണ്ടായിട്ടും ദുർഗാകൃഷ്ണക്കും കാര്യമായ കുഴപ്പമില്ലാതെ ഫൈറ്റിലേക്ക് പോവുകയാണ്. ഇവിടെ പാലിക്കേണ്ട മിതത്വം വിട്ടുപോയി. അതുപോലെ ഒരു കാറ്റ് അടിച്ചാൽ വീണുപോകുമെന്ന രീതിയിൽ നടക്കുന്ന ഇന്ദ്രൻസിന്റെ കുട്ടിച്ചയാന് എങ്ങനെ ഇങ്ങനെ കൊലമാസ് ആവാൻ കഴിയുന്നുവെന്നതിന്റെ ഒരു വിശദീകരണം ചിത്രത്തിലില്ല.

അതുപോലെ ഷൈനിയുടെ കഥാപാത്രത്തിലുമുണ്ട് ഈ വ്യക്തിത്വ പ്രശ്നങ്ങൾ. തുടക്കത്തിൽ അവരുടെ ദുരിത ജീവിതത്തിൽനിന്നുള്ള സേഫ്റ്റി വാൾവാണ്, കിരണുമായുള്ള അവളുടെ ബന്ധം എന്ന് തോന്നിപ്പിച്ചാണ് കഥ തുടങ്ങുന്നത്. പക്ഷേ കഥാന്ത്യത്തിലാണ് ഷൈനിയുടെ മറ്റ് അവിഹിതങ്ങളും ക്രിമിനൽ സ്വഭാവവും മറനീക്കുന്നത്. പതിവുപോലെ പുരുഷനെ വിശുദ്ധനാക്കുകയും എല്ലാ കുറ്റങ്ങളും സ്ത്രീയുടെ പേരിൽ ചാരുകയും ചെയ്യുന്ന, പരമ്പരാഗത സ്ത്രീ വിരുദ്ധത ഇവിടെ വർക്ക് ഔട്ട് ആവുന്നുണ്ടെന്ന്, പൊളിറ്റിക്കൽ കറക്ട്നെസ്സ് ടീമിന് ആഘോഷിക്കാവുന്നതാണ്. പക്ഷേ ആ കഥപാത്രം അങ്ങനെയാണെന്ന് സംവിധായകന് അവകാശപ്പെടുകയും ചെയ്യാം.

എന്തൊക്കെയായാലും ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ ചിന്തിപ്പിക്കാൻ കഴിയുന്ന എത്ര ചിത്രങ്ങൾ നമുക്കിടയിൽ ഉണ്ട്. തീയേറ്റർ വിട്ടാൽ കഥ മറന്നുപോകുന്ന പടപ്പുകൾക്കിടിയിൽ 'ഉടൽ' വേറിട്ടു നിൽക്കുന്നു.

വാൽക്കഷ്ണം: ഈ ചിത്രത്തിന്റെ നിർമ്മാതാവ് ഗോകുലം ഗോപാലനും വലിയൊരു കൈയടി അർഹിക്കുന്നുണ്ട്. കാരണം വൺലൈൻ കേട്ടാൽ ഒരു ഓഫ് ബീറ്റ് പടമാണെന്ന് തോന്നുന്ന ഈ ചിത്രം നിർമ്മിക്കാൻ തയ്യാറായതിന്. നന്നായി മാർക്കറ്റ് ചെയ്തതിന്. ഇപ്പോൾ അറിയുന്നത് ഈ പടം വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യുന്നുവെന്നുമാണ്.