ദമാം: ദമാമിൽ ബാഗിന്റെ വള്ളി സ്‌കൂൾ വാനിന്റെ ഡോറിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി. ആലപ്പുഴ ചുനക്കര കോട്ടമുക്ക് സ്വദേശി ശ്രീകുമാറിന്റെ മകൻ ഉദയ് (9) ആണ് ദാരുണമായി മരിച്ചത്. സ്‌കൂൾ വിട്ട് സ്വകാര്യ വാനിൽ വീട്ടിലേക്കു വരികയായിരുന്ന ഉദയ് ഇറങ്ങുന്നതിനിടെ ബാഗിന്റെ വള്ളി വാനിന്റെ ഡോറിൽ കുടുങ്ങുകയായിരുന്നു.

എന്നാൽ ബാഗിന്റെ വള്ളി ഡോറിൽ കുടുങ്ങിയ കാര്യം അറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയും കുറെ ദൂരം ഉദയിനെയും വലിച്ചു കൊണ്ട് റോഡിലൂടെ പോകുകയും ചെയ്തു. വാഹനത്തിനടിയിൽപെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന കണ്ണൂർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ദമ്മാം ഇന്ത്യൻ സ്‌കൂൾ നാലാംതരം വിദ്യാർത്ഥിയായിരുന്നു ഉദയ്. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂൾ വിട്ടു റാക്കയിലെ വീടിനു മുന്നിൽ വന്നിറങ്ങിയപ്പോഴായിരുന്നു അപകടം.അൽഖോബാർ കിങ് ഫഹദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

അഞ്ചര വർഷമായി സൗദിയിലുള്ള ശ്രീകുമാർ അൽ കിഫ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അമ്മ ലക്ഷ്മി. ഏക സഹോദരി സുകന്യ ഇന്ത്യൻ സ്‌കൂളിൽ 12ാം തരത്തിൽ പഠിക്കുന്നു. മൃതദേഹം ഇന്നു തന്നെ നാട്ടിലേക്കു കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നിയമനടപടികൾക്ക് നേതൃത്വം നൽകുന്ന നാസ് വക്കം അറിയിച്ചു.

അതേസമയം, വിഷയം ഗൗരവത്തോടെ കാണുകയും ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ സ്‌കൂൾ ഭരണസമിതി ചെയർമാൻ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ അംബാസഡറെയും വിദേശ വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളെയും വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പക്ഷം കുറ്റക്കാരുടെ ഇഖാമ റദ്ദു ചെയ്തു നാടുകടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രാലയ പ്രതിനിധി വ്യക്തമാക്കിയതായും ചെയർമാൻ സൂചിപ്പിച്ചു. ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് എംബസിയിൽ നിന്നുള്ള നിർദ്ദേശം.