നടൻ ദിലീപനെ ക്രിമിനൽ ഗുഢാലോചന കുറ്റം ചുമത്തി കോടതി ജയിലിൽ അടച്ചത് 88 ദിവസമായിരുന്നു. നടിയെ ബലാത്സംഗം ചെയ്യാൻ നടൻ ക്വട്ടേഷൻ കൊടുത്തു എന്നാരോപിച്ച നടന്റെ പേരിലും ബലാത്സംഗ കുറ്റം ചുമത്തി ആയിരുന്നു അറസ്റ്റും ജയിൽ വാസവും. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ നടന് ഇനി എന്നു അകത്തു പോവേണ്ടി വരുമെന്നു ആർക്കും അറിയില്ല. ചേരിതിരിഞ്ഞ് ജനങ്ങൾ അനുകൂലിച്ചും പ്രതികൂലിച്ചും ഇപ്പോഴും സംവാദം തുടരുന്നു. നിയമം അങ്ങനെയാണ്. ആ വലയിൽ പെട്ടാൽ പിന്നെ നിരപരാധിയാണെങ്കിലും രക്ഷയില്ല. കുറ്റവിമുക്തനാകും വരെ പ്രതിയാണ്. അത്രയും നാൾ നിയന്ത്രണങ്ങൾ ഉണ്ടാവും. ഒരുപാട് യാതനകൾ അനുഭവിക്കേണ്ടി വരും.

നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണ് എന്നാണ് വയ്‌പ്പ്. എന്നാൽ അത് പലപ്പോഴും സാധ്യമായെന്നു വരില്ല. കൂടുതൽ പണം എറിഞ്ഞു വലിയ അഭിഭാഷകരെ എത്തിക്കാൻ കഴിയുന്നവർക്ക് നിയമത്തിന്റെ ആനുകൂല്യം ഏറെ ലഭിക്കും. സ്വാധീനമുള്ളവർക്ക് ചിലപ്പോൾ എങ്കിലും ഗുണകരമായ ആനുകൂല്യം ലഭിച്ചേക്കും. എന്നാൽ ഒരു ജഡ്ജി നൽകുന്ന ഈ ആനുകൂല്യം മറ്റെല്ലാ ജഡ്ജിമാരും നൽകണമെന്നുമില്ല. അതിനുള്ള ഉദാഹരണമായി മാറുകയാണ് ക്രിമിനൽ അഭിഭാഷകൻ സിപി ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ. ഉദയഭാനു ജാമ്യ ഹർജി നൽകിയപ്പോൾ കോടതി ആദ്യം എടുത്ത സമീപനം ഒട്ടും ആശാവഹമായിരുന്നില്ല.

വിമർശനം കടുത്തതോടെ കോടതിയും നിലപാട് മാറ്റി. ആദ്യം ഹർജി കേട്ട ജഡ്ജി കേസിൽ നിന്നും പിന്മാറുകയും മറ്റൊരു ജഡ്ജി കേസ് ഏറ്റെടുക്കുകയും ചെയ്തു. ആ ജഡ്ജി അതിസുന്ദരമായ ഒരു വീഡിയോയിലൂടെ നിയപീഡനത്തിന്റെ വിശ്വാസ്യത കാണുകയും മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. ശ്രദ്ധേയമായ ഒട്ടേറെ നിരീക്ഷണങ്ങളും ജസ്റ്റിസ് ഹരിപ്രസാദ് നടത്തുകയുണ്ടായി. ആ വിഷയത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇന്നത്തെ ഇന്റസ്റ്റൻ റെസ്‌പോൺസ് കൈകാര്യം ചെയ്യുന്നത്.

ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം


ഹൈക്കോടതി നിലപാടിനെ ചോദ്യം ചെയ്ത് കെ.എം ഷാജഹാൻ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ്

ഭൂമിയിടപാട്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ അഭിഭാഷകൻ സി പി ഉദയഭാനു, അറസ്റ്റ് ഒഴിവാക്കാൻ കേരളത്തിലെ ഏറ്റവും പ്രമുഖ ക്രിമിനൽ അഭിഭാഷൻ ബി രാമൻപിള്ള മുഖേന നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ, ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞു: '' ഉദയഭാനുവിനെതിരായ തെളിവുകൾ മുദ്രവച്ച കവറിൽ ഹാജരാക്കണം'. മാത്രമല്ല കോടതി മറ്റൊരു ചോദ്യം കൂടി ചോദിച്ചു: 'ക്രിമിനൽ കേസ് പ്രതികൾ ബന്ധപ്പെട്ടു എന്ന കാരണത്താൽ അഭിഭാഷകനെതിരെ ഗൂഢാലോചന ആരോപിക്കാമോ?'. ജനങ്ങളെയാകെ ഞെട്ടിക്കുന്നതാണ് കോടതിയിൽ നിന്നുയർന്ന ഈ പരാമർശങ്ങൾ.

ഈ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ കോടതി മുൻകൂർ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബർ 16 വരെ നീട്ടിവച്ചു. അതായത് അടുത്ത 16 വരെ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യില്ല. അതിനുള്ളിൽ പ്രതികളേയും സാക്ഷികളേയുമൊക്കെ അദ്ദേഹത്തിന് സ്വാധീനിക്കാം. മൊഴികൾ എങ്ങനെ വേണമെങ്കിലും മാറ്റിമറിക്കാം. ഈ കേസിൽ സർക്കാർ നിലപാട് എന്തായിരുന്നു എന്ന് വ്യക്തമല്ല.

പക്ഷേ ബഹുമാനപ്പെട്ട കോടതിയോട് ചില ചോദ്യങ്ങൾ ചോദിക്കാതെ നിവൃത്തിയില്ല.

കുറ്റാരോപിതനെ പൊലീസിന് അറസ്റ്റ് ചെയ്യുന്നതിൽ എന്താണ് കോടതീ തടസ്സം? മൂന്ന് വർഷമോ അതിൽ അധികമോ ആരോപിക്കപ്പെടുന്ന ശിക്ഷയാണ് കുറ്റാരോപിതന് നേരേയുള്ളതെങ്കിൽ, തെളിവുകൾ പരിശോധിക്കാതെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യാം എന്നല്ലേ നിയമത്തിൽ പറയുന്നത് ?

ബഹുമാനപ്പെട്ട കോടതിയോട് ഒന്ന് ചോദിക്കട്ടെ. ഞാനുൾപ്പെടെ 4 പേരെ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഒരാഴ്ച പൂജപ്പുര ജയിലിലടച്ചത് തെളിവുകൾ മുദ്ര വച്ച കവറിൽ ഹാജരാക്കിയിട്ടായിരുന്നോ? ജയിലിടച്ച് 5 മാസം കഴിഞ്ഞിട്ടും ഞങ്ങളെ ജയിലിലടച്ച കേസിൽ കുറ്റപത്രം പോലും സമർപ്പിക്കപ്പെട്ടിട്ടില്ലല്ലോ ബഹു: കോടതി ! ഞങ്ങളുടെ ജാമ്യാപേക്ഷ പോലും തള്ളിക്കൊണ്ടാണ് ഗൂഢാലോചന കുറ്റം പോലും ചുമത്തി ജയിലിലടച്ചത്.

എന്നാൽ തന്നെ അഭിഭാഷകനായ ഉദയഭാനു ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി എന്ന്, കൊല്ലപ്പെട്ട ഭൂമിയിടപാട്കാരൻ ബഹു: ഹൈക്കോടതിക്കും, മുഖ്യമന്ത്രിക്കും, ഡിജിപ്പിക്കും കൊല്ലപ്പെടുന്നതിന് മുമ്പ് രേഖാമൂലം പരാതിപ്പെട്ടിട്ടും, അതൊന്നും ബോധ്യമാകാതെ 'തെളിവുകൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നും ' ' ക്രിമിനൽ കേസ് പ്രതികൾ ബന്ധപ്പെട്ടുവെന്ന കാരണത്താൽ അഭിഭാഷകനെതിരെ ഗൂഢാലോചന ആരോപിക്കാമോ' എന്നും കോടതി ചോദിച്ചെങ്കിൽ അതൊരു അത്യാപൽ സൂചനയാണ്, അപകടസൂചനയാണ്.
ബഹു: കോടതിയോട് വിനയപുരസ്സരം ചോദിക്കട്ടെ. ഇനി എന്ത് തെളിവാണ് ഉദയഭാനുവിനെതിരെ കോടതിക്ക് വേണ്ടത്? സംഭവ ദിവസം കൊലക്കേസ് പ്രതികളുടെ ഫോണിൽ നിന്ന് ഉദയഭാനുവിന്റെ ഫോണിലേക്ക് വിളികൾ പോയതായി പൊലീസ് കണ്ടെത്തിയതായി വാർത്ത വന്നല്ലോ .ഇത് തെളിവല്ലേ കോടതി?

കൊല്ലപ്പെട്ട രാജീവിന്റെ വീട്ടിൽ ഉദയഭാനു പല തവണ ചെന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു എന്നും വാർത്ത വന്നല്ലോ.ഇത് തെളിവല്ലേ കോടതീ ?റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന രാജീവിനെ തവളപറമ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയത് അഡ്വ: സി പി ഉദയഭാനുവിനു വേണ്ടി കൂടിയായിരുന്നു എന്ന് ചക്കര ജോണി, രഞ്ജിത്ത് പൈനാടത്ത് എന്നിവരുടെ മൊഴിയിൽ പറയുന്നു എന്ന റിമാന്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ തെളിവല്ലെ കോടതി ?

ഈ തെളിവുകളൊന്നും കാണാതെ കോടതി' തെളിവുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ' ആവശ്യപെട്ടത് ജങ്ങൾക്കിടയിൽ കോടതിയുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കിയിരിക്കുകയാണ്. കൊലക്കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെടേണ്ട ഒരു വ്യക്തി, അയാൾ സമൂഹത്തിൽ ഏറെ സ്വാധീനമുള്ള ഒരു മുതിർന്ന അഭിഭാഷകനായ തിനാലാണ് രക്ഷപെട്ടത് എന്ന ധാരണ ജനങ്ങൾക്കിടയിൽ പരക്കാൻ ഇത് ഇടയാക്കും. ഇത് കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസം പൂർണ്ണമായി തകരാനിടയാക്കും.

ഈ വികലമായ വിധി മൂലം സമൂഹത്തിലേറെ സ്വാധീനമുള്ള മുതിർന്ന ഒരു ക്രിമിനൽ അഭിഭാഷകൻ അറസ്റ്റ് ഒഴിവായി സ്വതന്ത്രൻ ആവുകയാണ്. പ്രതികളെ സ്വധീനിക്കാനും മൊഴി മാറ്റിക്കാനും ഇത് അഭിഭാഷകന് അവസരം നൽകും. അതു കൊണ്ട്, വികലമായ വിധി തിരുത്തി നീതി നടപ്പാകുമെന്ന് ഉറപ്പു വരുത്താൻ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉടനടി ഇക്കാര്യത്തിൽ ഇടപെടണം.