തിരുവനന്തപുരം:ചന്ദ്രബോസ് വധക്കേസിൽ ഹൈക്കോടതി അഭിഭാഷകനായ സി.പി.ഉദയഭാനുവിനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശുപാർശ ചെയ്തു. ഉത്തരവിറക്കാനുള്ള അനുമതിക്കായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഫയൽ കൈമാറി.

ചന്ദ്രബോസിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഉദയഭാനുവിനെ പ്രോസിക്യൂട്ടറാക്കിയത്. ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്റസിന്റെ പബ്ലിക് പ്രോസിക്യൂട്ടറായ ഉദയഭാനു സിബിഐയുടെ പബ്ലിക് പ്രോസിക്യൂട്ടർ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പബ്ലിക് പ്രോസിക്യൂട്ടർ, വിതുര കേസിൽ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ, അഭയ കേസിലും കണിച്ചുകുളങ്ങര കേസിലും മുത്തൂറ്റ് പോൾ വധക്കേസിലും പ്രതിഭാഗം അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബാർ കോഴ കേസിൽ ബിജുരമേശിന്റെ അഭിഭാഷകനും ഉദയഭാനുവാണ്

അതിനിടെ മുഹമ്മദ് നിസാമിന്റെ കേസുകൾ ഒതുക്കിത്തീർത്ത പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും കുടുങ്ങും. സർക്കാർ ഇതേപ്പറ്റി വിജിലൻസ് അന്വേഷണം ആരംഭിച്ചു. തൃശൂരിലെ മൂന്ന് കേസുകളാണ് ഇത്തരത്തിൽ ഒതുക്കിയത്. അന്ന് സർവീസിലുണ്ടായിരുന്ന ചില ഉന്നത ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കോഴ വാങ്ങിയാണ് ഒത്തുതീർപ്പിന് ഇടനിലക്കാരായെന്ന ആരോപണമുണ്ട്. കേസുകൾ ഒതുക്കാൻ ലക്ഷങ്ങളാണ് നിസാം ചെലവഴിച്ചത്.

അനുജന്റെ ഭാര്യയുടെ ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് അപമാനിച്ച കേസ്, വീട്ടിൽ കയറി മെഡിക്കൽ കോളേജ് ഉടമയെ മർദ്ദിച്ച കേസ്, ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസ്, ബാംഗ്ലൂരിലെ രണ്ടു കേസുകൾ തുടങ്ങിയവയാണ് ഇപ്പോൾ കാപ്പ ചുമത്താൻ പരിഗണിച്ചത്. അപ്പോഴാണ് കേസുകൾ ഒതുക്കി തീർത്ത കാര്യം തിരിച്ചറിഞ്ഞത്. ഇതോടെ വിവാദവുമായി. ഈ സംഭവങ്ങളാണ് വിജിലൻസ് അന്വേഷിക്കുന്നത്.

ചന്ദ്രബോസിനെ ക്രൂരമായി കൊലപ്പെടുത്തിയ നിസാമിന്റെ സ്വത്തുവിവരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിനു കീഴിലുള്ള സാമ്പത്തികകുറ്റാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തി. സ്വത്തുക്കൾ അനധികൃതമായി ഉണ്ടാക്കിയതാണെന്ന ആരോപണത്തിന്റെഅടിസ്ഥാനത്തിലാണ് അന്വേഷണം. ആശുപത്രിയിലെത്തിയപ്പോൾ ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങൾ നഷ്ടപ്പെട്ടതിന്റെ പേരിൽ തൃശൂർ അമല ആശുപത്രിക്കെതിരേ കേസ് എടുക്കുന്നതു പൊലീസിന്റെ പരിഗണനയിലാണ്.

അതിനിടെ ജയിലിൽ തനിക്ക് തടവുപുള്ളിയെന്ന നിലയ്ക്കുള്ള സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് ചന്ദ്രബോസ് കൊലപാതകക്കേസിലെ പ്രതി നിസാം കോടതിയിൽ പരാതിപ്പെട്ടു. ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി. മൊബൈൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഹാജരാക്കിയപ്പോഴാണ് ഇയാൾ പരാതി പറഞ്ഞത്.

ജയിലിൽ നിയമപ്രകാരം ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും തനിക്ക് നിഷേധിക്കുകയാണ്. കുളിമുറിയിൽ പ്പോലും കാമറ ഘടിപ്പിച്ചിട്ടുണ്ടെന്നും തന്റെ എല്ലാ സ്വകാര്യതയെയും ചോദ്യംചെയ്യുന്നുവെന്നുമാണ് പരാതി. ആഴ്ചയിൽ ഒരു തവണ ഫോൺ ചെയ്യുന്നതിനും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണുന്നതിനും ജയിൽനിയമപ്രകാരം അനുവാദമുണ്ട്. ഇതുപോലും തനിക്ക് നിഷേധിക്കുകയാണെന്നും ഇയാൾ പരാതിപ്പെട്ടു.

കേസിൽ നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പരാതികൾ രേഖാമൂലം എഴുതിനൽകാൻ കോടതി ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി വിയ്യൂർ ജയിൽ സൂപ്രണ്ടിനോട് അന്വേഷണം നടത്തി മാർച്ച് 25നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി.