തിരുവനന്തപുരം: മുതിർന്ന നേതാക്കളായ കെവി തോമസിനും പിജെ കുര്യനും നിയമസഭയിലേക്ക് മത്സരിക്കാൻ കോൺഗ്രസ് സീറ്റ് നൽകും. സീറ്റ് കിട്ടിയില്ലെങ്കിൽ തോമസ് ഇടതു സ്വതന്ത്രനാകുമെന്ന സൂചനകളുണ്ട്. ഇതാണ് തോമസിനെ കൂടെ നിർത്താൻ കോൺഗ്രസിനെ നിർബന്ധിതമാക്കുന്നത്. എൻഎസ് എസുമായുള്ള അടുപ്പമാണ് പിജെ കുര്യന് തുണയാകുന്നത്. എൻഎസ്എസിന്റെ പിണക്കം ഉണ്ടാകാതിരിക്കാൻ പിജെ കുര്യനും സീറ്റ് നൽകും.

കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മത്സരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഹരിപ്പാട് തന്നെ ചെന്നിത്തല മത്സരിക്കും. ചെങ്ങന്നൂർ, തിരുവല്ല, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലേതെങ്കിലുമൊന്ന് ചെന്നിത്തല തിരഞ്ഞെടുക്കണമെന്ന അഭിപ്രായവും സജീവമാണ്. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും. കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിച്ചേക്കും. അന്തിമ തീരുമാനം പാർട്ടിയുടേതാണെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. മത്സരിച്ചാൽ കൊടുവള്ളിയാകാനാണ് സാധ്യത.

കൊടുവള്ളി ലീഗിന്റെ സീറ്റാണ്. ഇവിടെ എംകെ മുനീറിനെ സ്ഥാനാർത്ഥിയാക്കാനാണ് ലീഗ് തീരുമാനം. ഈ സീറ്റിലാണ് മുല്ലപ്പള്ളി കണ്ണു വയ്ക്കുന്നത്. മുല്ലപ്പള്ളിക്ക് വേണ്ടി സീറ്റ് വിട്ടു കൊടുക്കാൻ ലീഗ് തയ്യാറാണ്. അങ്ങനെയെങ്കിൽ മുനീറിന് വേണ്ടി മറ്റൊരു സുരക്ഷിത മണ്ഡലം കണ്ടെത്തും. വടകരയിൽ ആർഎംപിക്ക് നൽകാനാണ് ധാരണ. കെകെ രമ മത്സരിക്കുന്നുവെന്ന് ഉറപ്പു വരുത്തിയാകും ഇത്. അല്ലാത്ത പക്ഷം വടകയിൽ മുല്ലപ്പള്ളി സ്ഥാനാർത്ഥിയാകാനും സാധ്യതയുണ്ട്.

എട്ട് പ്രാവശ്യം ഇരിക്കൂറിൽനിന്ന് ജയിച്ച കെ.സി. ജോസഫ്, അടൂരിൽ നിന്നും കോട്ടയത്തുനിന്നുമായി ആറ്് തവണ ജയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടാകും. തിരുവഞ്ചൂർ കോട്ടയത്തു തന്നെ മത്സരിക്കും. എന്നാൽ കെ.സി. ജോസഫ് ഇരിക്കൂറിൽ നിന്ന് കോട്ടയം ജില്ലയിലേക്ക് മാറാനുള്ള സാധ്യതയും ഇല്ലാതില്ല. പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. പി.ജെ. കുര്യൻ എന്നിവർക്ക് സീറ്റ് ഉറപ്പാക്കുമ്പോൾ പി.സി. ചാക്കോയും പരിഗണനാ പട്ടികയിലുണ്ട്.

പി.ജെ. കുര്യന് തിരുവല്ലയാണ് താത്പര്യം. റാന്നി കേരള കോൺഗ്രസിന് നൽകി കോൺഗ്രസ് തിരുവല്ല ഏറ്റെടുക്കും. കെ.വി. തോമസ് കൊച്ചിയിൽ മത്സരിക്കും. യു.ഡി.എഫ്. കൺവീനർ എംഎം ഹസന് കായംകുളത്ത് മത്സരിക്കാൻ താൽപ്പര്യമുണ്ട്. ഹസനും രണ്ട് ടേമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയാണ്. അതുകൊണ്ട് തനിക്ക് സീറ്റ് വേണമെന്നതാണ് ഹസന്റ് ആഗ്രഹം. എന്നാൽ ജയസാധ്യത ഉള്ള സീറ്റ് കിട്ടിയാൽ മാത്രമേ ഹസൻ മത്സരിക്കൂ.

പിജെ കുര്യനേയും കെവി തോമസിനേയും പിണക്കാത്തത് ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ കൂടിയാണ്. അവരുടെ സമുദായങ്ങളിൽ ഇവർക്ക് സ്വാധീനമുണ്ട്. ഇതിനൊപ്പം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ അടുത്ത സുഹൃത്ത് കൂടിയാണ് പിജെ കുര്യൻ. യുഡിഎഫ് നേതാക്കളെ കാണാൻ പോലും കൂട്ടാക്കത്ത സുകുമാരൻ നായരെ പിജെ കുര്യനിലൂടെ അടുപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ് മത്സരിച്ചത് 87 സീറ്റിലാണ്. ഇതിൽ പകുതി സീറ്റിലെങ്കിലും പുതുമുഖങ്ങളും ചെറുപ്പക്കാരും വരണമെന്നാണ് നേതൃത്വത്തിന്റെ ലക്ഷ്യം. ഇതും പാലിക്കും. അതിനിടെ കേരളത്തിൽ ജയസാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഹൈക്കമാൻഡ് പ്രത്യേക സർവെ നടത്തുന്നു. ഓരോ മണ്ഡലത്തിലെയും ജയസാധ്യത, ഏത് സ്ഥാനാർത്ഥിയായാലാണ് സാധ്യയുള്ളത്, അനുകൂല, പ്രതികൂല ഘടകങ്ങൾ എന്നിവയൊക്കെയാണ് അന്വേഷിക്കുക.

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് സ്ഥാനാർത്ഥികളുടെ പട്ടികയും ഹൈക്കമാൻഡ് ചോദിച്ചിട്ടുണ്ട്. എ, ഐ ഗ്രൂപ്പുകൾ തങ്ങൾ മത്സരിച്ചുപോരുന്ന മണ്ഡലങ്ങളിലേക്ക് നിർദേശിക്കുന്ന പേരുകളുടെ പട്ടിക തയാറാക്കി വരുന്നു. മറ്റ് മണ്ഡലങ്ങളിലും ജയസാധ്യയുള്ള സ്ഥാനാർത്ഥികളുടെ പേര് ഇരു ഗ്രൂപ്പുകളും പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട്. ഈ പേരുകൾ ഏകോപിപ്പിച്ചായിരിക്കും സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് പട്ടിക സമർപ്പിക്കുക.