തിരുവനന്തപുരം: ഇത്തവണ കോൺഗ്രസ് തൊണ്ണൂറ്റിയഞ്ചോളം സീറ്റുകളിൽ മത്സരിക്കാൻ സാധ്യത. കഴിഞ്ഞ പ്രാവശ്യം 87 സീറ്റുകളിലാണ് മത്സരിച്ചത്. യുഡിഎഫിലെ സീറ്റ് വിഭജനത്തിൽ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം, രണ്ട് കക്ഷികൾ മുന്നണി വിട്ട് അധിക സീറ്റുകൾ കോൺഗ്രസ് കൂടുതലും സ്വന്തമാക്കും.

മുസ്ലിം ലീഗിന് രണ്ടും സി.എംപിക്ക് ഒരു സീറ്റും അധികം കിട്ടിയേക്കും. ആർ.എസ്‌പിക്ക് അനുകൂലമായി ചില സീറ്റുകളിൽ വെച്ചുമാറ്റത്തിനും സാധ്യതയുണ്ട്. മുന്നണിയിലേക്ക് പുതുതായി വന്ന ഫോർവേഡ് ബ്ലോക്കിന് ഒരു സീറ്റ് നൽകി പ്രാതിനിധ്യം ഉറപ്പാക്കും. ആർ എസ് പിക്കും ഒരു സീറ്റ് അധികം കൊടുത്തേക്കും. കഴിഞ്ഞതവണ കേരള കോൺഗ്രസ് 15-ഉം എൽ.ജെ.ഡി. ഏഴും സീറ്റുകളിൽ മത്സരിച്ചിരുന്നു. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടെങ്കിലും ആ 15 സീറ്റും പി.ജെ. ജോസഫ് ചോദിക്കുന്നുണ്ട്. എന്നാൽ ജോസഫിന് എട്ട് സീറ്റ് വരെ മാത്രമേ പരമാവധി കൊടുക്കൂ. ഇതിനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.

തിരഞ്ഞെടുപ്പിനായി കോൺഗ്രസിനെ സജ്ജമാക്കുന്നതിനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോതിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. രണ്ടുദിവസം തിരുവനന്തപുരത്ത് തങ്ങുന്ന സംഘം യു.ഡി.എഫ്. കക്ഷിനേതാക്കളുമായും ചർച്ച നടത്തും. വിപുലമായ ചർച്ചകളാണ് നിരീക്ഷകർക്കായി ക്രമീകരിച്ചിരിക്കുന്നത്. ഘടകകക്ഷി നേതാക്കൾക്കു പുറമേ കെപിസിസി. ഭാരവാഹികൾ, ഡി.ഡി.സി. പ്രസിഡന്റുമാർ എന്നിവരുമായും സംഘം ആശയവിനിമയം നടത്തും. ശനിയാഴ്ച രാവിലെ ചേരുന്ന കെപിസിസി. എക്‌സിക്യുട്ടീവ് യോഗത്തിലും അവർ പങ്കെടുക്കും. നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിൽ പുതുതായി രൂപവത്കരിച്ച തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ യോഗം ചേരാനും ആലോചനയുണ്ട്. ഇതിൽ സീറ്റ് വിഭജനത്തിൽ ധാരണയാകും.

ജോസഫ് വിഭാഗം മത്സരിച്ചിരുന്നത് തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് സീറ്റുകളിലാണ്. മാണിവിഭാഗത്തിൽനിന്ന് ജോസഫിലേക്ക് എത്തിയ സി.എഫ്. തോമസ് (ചങ്ങനാശ്ശേരി), തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട), ജോസഫ് എം. പുതുശ്ശേരി (തിരുവല്ല) എന്നീ സീറ്റുകൾകൂടി ജോസഫ് വിട്ടുവീഴ്ചയില്ലാതെ ആവശ്യപ്പെടുന്നുണ്ട്. ഇതിൽ ചങ്ങനാശ്ശേരിയും തിരുവല്ലയും കോൺഗ്രസ് വിട്ടു കൊടുക്കാൻ ഇടയില്ല. സി എഫ് തോമസ് മരിച്ചതിനാൽ ചങ്ങനാശ്ശേരിയിലെ അവകാശവാദം പൂർണ്ണമായും തള്ളും, തിരുവല്ല സീറ്റ് റാന്നിയുമായി വെച്ചുമാറാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയങ്കിൽ തിരുവല്ല കോൺഗ്രസ് ഏറ്റെടുത്ത് റാന്നി കേരള കോൺഗ്രസിന് നൽകിയേക്കും. മലബാർ മേഖലയിൽ കേരള കോൺഗ്രസ് മത്സരിച്ചിരുന്ന പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടിയിലും കേരള കോൺഗ്രസിന് താത്പര്യമുണ്ട്.

കൊല്ലത്ത് ഇരവിപുരമോ ചടയമംഗലമോ ലീഗ് എടുക്കാനും കുണ്ടറയിൽ ആർ.എസ്‌പി. മത്സരിക്കാനും നിർദേശമുണ്ട്. ഇരവിപുരത്ത് ലീഗ് നേരത്തേ ജയിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ്, കളമശ്ശേരി മണ്ഡലങ്ങളിലാണ് പ്രമുഖരെ മത്സരിപ്പിക്കാൻ ആലോചനയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം, കുണ്ടറ സീറ്റുകൾകൂടി ആവശ്യപ്പെട്ട് ആർഎസ്‌പി രംഗത്തുണ്ട്. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും മുൻ മന്ത്രിയുമായ ബാബു ദിവാകരനെയടക്കം മത്സരിപ്പിക്കാനാണിത്. സ്വന്തം അനുയായി കെപിസിസി സെക്രട്ടറി പി ജർമിയാസിനെ മത്സരിപ്പിക്കാൻ ഉമ്മൻ ചാണ്ടി മനസ്സിൽകണ്ടിരിക്കുന്ന സീറ്റാണ് കുണ്ടറ. അതുകൊണ്ടുതന്നെ കുണ്ടറ സീറ്റ് വച്ചുമാറുന്നതിൽ തെറ്റില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആർഎസ്‌പിക്ക് അഞ്ച് സീറ്റാണ് യുഡിഎഫ് നൽകിയത്. ജില്ലയിൽ കുന്നത്തൂർ, ചവറ, ഇരവിപുരം മണ്ഡലങ്ങളും. ഇത്തവണ രണ്ട് സീറ്റ് അധികം വേണമെന്നാണ് ആർഎസ്‌പി നേതാക്കളുടെ ആവശ്യം. കഴിഞ്ഞതവണ കോൺഗ്രസ് അടിച്ചേൽപ്പിച്ച കയ്പമംഗലവും ആറ്റിങ്ങലും വച്ചുമാറണമെന്നും ആർഎസ്‌പിക്ക് ആഗ്രഹമുണ്ട്.

എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലുള്ള ആദ്യസംഘം ഘടകകക്ഷികളുമായും കോൺഗ്രസിലെ വിവിധ തട്ടിലുള്ള നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചകളുടെകൂടി അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിയെക്കൂടി സജീവ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമുണ്ടായത്. ഈ ചർച്ചകളിൽ ഉയർന്ന നിർദേശങ്ങൾ കോൺഗ്രസ് ഗൗരവമായി എടുത്തുവെന്ന അഭിപ്രായമാണ് ഘടകകക്ഷി നേതാക്കൾക്കുമുള്ളത്. ഉമ്മൻ ചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ രൂപവത്കരണം ഇതിന്റെ സൂചനയാണ്.